പ്രവാചക കേശം; സമുദായത്തെ കബളിപ്പിക്കാനുള്ള ശ്രമങ്ങളിൽ നിന്ന് കാന്തപുരം പിന്മാറണം: ഐ എസ് എം

Kozhikode

കോഴിക്കോട്: പ്രവാചകൻ മുഹമ്മദ് നബി (സ) ന്റെ വ്യക്തിത്വത്തെയും മതത്തിന്റെ പവിത്രമായ മൂല്യങ്ങളെയും അപമാനിക്കുന്ന പ്രസ്താവനകളിൽ നിന്ന് കാന്തപുരവും അദ്ദേഹത്തിന്റെ അനുയായികളും പിന്മാറണമെന്ന് ഐ.എസ്.എം സംസ്ഥാന കമ്മിറ്റി പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

“പ്രവാചകന്റെ മുടി വളരുന്നു” എന്ന പേരിൽ നടത്തിയ പ്രസ്താവനകൾ കളവും വഞ്ചനയും മാത്രമല്ല, മതത്തിന്റെ പേരിൽ നടക്കുന്ന ആത്മീയ കച്ചവടത്തിന്റെ ഭാഗവുമാണ്. ചരിത്രത്തിന്റെയോ മതപ്രമാണങ്ങളുടെയോ യാതൊരു പിന്തുണയും ഇല്ലാത്ത ഇത്തരം വാദങ്ങൾ ജനങ്ങളുടെ പ്രവാചകസ്നേഹം ചൂഷണം ചെയ്യാനുള്ള ശ്രമം മാത്രമാണ്.

കേരളത്തിലെ മുസ്ലിം സമൂഹവും പ്രത്യേകിച്ച് പൊതുസമൂഹവും ഇതിനകം തന്നെ “പ്രവാചകന്റെ മുടി” എന്ന അവകാശവാദത്തിന്റെ വ്യാജസ്വഭാവം തിരിച്ചറിഞ്ഞിട്ടുണ്ട്. അതിന്റെ ആധികാരികത തള്ളിക്കളയുകയും, പ്രവാചകന്റെ വിശുദ്ധ നാമത്തെ വ്യാപാരത്തിനായി ഉപയോഗിക്കുന്ന ഇത്തരം ശ്രമങ്ങളെ പൊതുസമൂഹം തള്ളിക്കളയും ചെയ്തിട്ടുണ്ട്.

മുസ്ലിം സമൂഹം പ്രവാചകനെ ജീവനേക്കാൾ സ്നേഹിക്കുന്നവരാണ്. ആ സ്നേഹം പ്രയോജനപ്പെടുത്തി സമുദായത്തെ കബളിപ്പിക്കാനുള്ള ഇത്തരം ശ്രമങ്ങൾ ഒരിക്കലും അനുവദിക്കാനാവില്ല. പ്രവാചകന്റെ പേരുപറഞ്ഞുള്ള വ്യാജ പ്രചരണങ്ങളും ആത്മീയ വ്യാപാരങ്ങളും ഉടൻ അവസാനിപ്പിക്കണമെന്നും, സമൂഹത്തെ തെറ്റിദ്ധരിപ്പിക്കുന്ന ഇത്തരം പ്രവണതകൾക്കെതിരെ എല്ലാവരും ജാഗ്രത പുലർത്തണമെന്നും ഐ.എസ്.എം സംസ്ഥാന കമ്മിറ്റി പ്രസ്താവനയിൽ ആവശ്യപ്പെട്ടു.