പ്രഫ. സാബു തോസിന് ക്ലാരിവേറ്റ് ഇന്ത്യ ലൈഫ് ടൈം അച്ചീവ്‌മെന്‍റ് അവാര്‍ഡ്

Kottayam

കോട്ടയം: ഗവേഷണ മേഖലയിലെ മികവിനുള്ള ക്ലാരിവേറ്റ് ഇന്ത്യ ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ് മഹാത്മാ ഗാന്ധി സര്‍വകലാശാലാ മുന്‍ വൈസ് ചാന്‍സലര്‍ പ്രഫ. സാബു തോമസിന്. ഗവേഷണ മേഖലയില്‍ 1980 മുതല്‍ 2022 വരെ നല്‍കിയ സംഭാവനകള്‍ പരിഗണിച്ചാണ് ആഗോളതലത്തില്‍ വിഖ്യാതമായ ക്ലാരിവേറ്റ് അനലിറ്റിക്‌സ് ഇദ്ദേഹത്തെ പുരസ്‌കാരത്തിനായി തിരഞ്ഞെടുത്തത്. അക്കാദമിക് ഗവേഷണ വിവര ശേഖരണ രംഗത്ത് മുന്‍നിരയിലുള്ള വെബ് ഓഫ് സയന്‍സിലെ വിവരങ്ങളുടെയും ഗവേഷണ പ്രബന്ധങ്ങളുടെ വിശദമായ വിലയിരുത്തലിന്റെയും അടിസ്ഥാനത്തിലായിരുന്നു പുരസ്‌കാര നിര്‍ണയം.

അക്കാദമിക് ഗവേഷണ മേഖലയില്‍ നിര്‍ണായക സംഭാവനകള്‍ നല്‍കിയിട്ടുള്ള പ്രഫ. സാബു തോമസ് ഗവേഷണ ഫലങ്ങള്‍ പൊതു സമൂഹത്തിനായി പ്രയോജനപ്പെടുത്തുന്നതിനും മുന്‍ഗണന നല്‍കിയതായി ക്ലാരിവേറ്റ് അനലിറ്റിക്‌സ് വിലയിരുത്തി. 1400ലധികം ഗവേഷണ പ്രസിദ്ധകരണങ്ങളും 195 പുസ്തകങ്ങളും എഴുതിയിട്ടുള്ള ഇദ്ദേഹത്തിന്റെ എച്ച്.ഇന്‍ഡക്‌സ്(ഗവേഷണ ഫലത്തിന്റെ തോതും ഗുണനിലവാരവും വിലയിരുത്തുന്ന ഘടകം) 137ഉം സൈറ്റേഷനുകളുടെ എണ്ണം 97,000ലധികവുമാണ്.

ന്യൂദല്‍ഹിയില്‍ നടന്ന ചടങ്ങില്‍ ക്ലാരിവേറ്റ് റിസര്‍ച്ച് ആന്റ് പാര്‍ട്ട്‌നര്‍ഷിപ്പ് വിഭാഗം വൈസ് പ്രസിഡന്റ് ഡയന്‍ തോമസ്, ഗ്രേറ്റര്‍ ചൈന ആന്റ് സൗത്ത് ഈസ്റ്റ് ഏഷ്യ ജനറല്‍ മാനേജര്‍ ഓഷര്‍ ഗിലിന്‍സ്‌കി എന്നിവര്‍ ചേര്‍ന്ന് പുരസ്‌കാരം സമ്മാനിച്ചു. സൗത്ത് ഏഷ്യ അക്കാദമിക് ആന്റ് ഗവണ്‍മെന്റ് വിഭാഗം സീനിയര്‍ ഡയറക്ടര്‍ അനാമിക ചൗരസ്യയും പങ്കെടുത്തു.

പുരസ്‌കാരം മഹാത്മാ ഗാന്ധി സര്‍വകലാശാലയിലെ നാനോ സയന്‍സ്, മെറ്റീരിയല്‍ സയന്‍സ് മേഖലകളിലെ ഗവേഷണ സംഘത്തിനുള്ള അംഗീകാരമാണെന്ന് പ്രഫ. സാബു തോമസ് പറഞ്ഞു. ഈ വര്‍ഷം മേയില്‍ വിരമിച്ച ഇദ്ദേഹം നിലവില്‍ മഹാത്മാ ഗാന്ധി സര്‍വകലാശാലയിലെ സ്‌കൂള്‍ ഓഫ് എനര്‍ജി മെറ്റീരിയല്‍സ്, സ്‌കൂള്‍ ഓഫ് നാനോ സയന്‍സ് ആന്റ് നാനോ ടെക്‌നോളജി, ഇന്റര്‍നാഷണല്‍ ആന്റ് ഇന്റര്‍ യൂണിവേഴ്‌സിറ്റി സെന്റര്‍ ഫോര്‍ നാനോ സയന്‍സ് ആന്റ് നാനോ ടെക്‌നോളജി എന്നിവയുടെ ഡയറക്ടറാണ്.