കൊച്ചി: ഇടവേളയക്ക് ശേഷം മലയാളത്തില്‍ വീണ്ടും ന്യൂസ് ചാനല്‍ വിപ്ലവം. റിപ്പോര്‍ട്ടര്‍ റീ ലോന്‍ഞ്ചിന് പിന്നാലെ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമായി തുടങ്ങിയ ഫോര്‍ത്ത് ഈ വര്‍ഷം പകുതിയോടെ തന്നെ തങ്ങളുടെ സാറ്റ് ലൈറ്റ് ചാനല്‍ ആരംഭിക്കുമെന്നാണ് വിവരം. ഇതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ ദ്രുതഗതിയില്‍ പുരോഗമിക്കുകയാണ്. തിരുവനന്തപുരം ആസ്ഥാനമായി ആരംഭിക്കുന്ന ദ ഫോര്‍ത്തിന്റെ സ്റ്റുഡിയോ അടങ്ങുന്ന സെന്‍ട്രല്‍ ഡെസ്‌കിന്റെ നിര്‍മ്മാണം അവസാനഘട്ടത്തിലാണ്. മലയാളം സാറ്റലൈറ്റ് ചാനലിന്റെ ലോഞ്ചിന് വന്‍ പരിപാടികളാണ് മേധാവികള്‍ ഉദേശിക്കുന്നത്.
മാതൃഭൂമി, ഏഷ്യാനെറ്റ്, മീഡിയാ വണ്‍, ന്യൂസ് 18 എന്നിവടങ്ങളില്‍ നിന്നു ചില മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകര്‍ ഇതിനോടകം ഫോര്‍ത്തിന്റെ ഭാഗമായിക്കഴിഞ്ഞു. മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ ബി ശ്രീജന്‍, ഫോര്‍ത്തിന്റെ ന്യൂസ് ഡയറക്ടറായി നേരത്തേ തന്നെ ചുമതലയേറ്റിരുന്നു. നിലവില്‍ നൂറിലധികം പേര്‍ ഫോര്‍ത്തിന്റെ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് ഓഫീസുകളിലായി ജോലിയില്‍ പ്രവേശിച്ച കഴിഞ്ഞു. എന്‍ കെ ഭൂപേഷ് എക്‌സിക്യൂട്ടിവ് എഡിറ്ററായ ടീമിനാണ് ഡിജിറ്റലിന്റെ ചുമതല. സാറ്റ് ലൈറ്റ് ചാനലിന്റെ എക്‌സിക്യൂട്ടിവ് എഡിറ്റര്‍ ചുമതലയിലേക്ക് വരാന്‍ കഴിയുന്ന ചില പ്രമുഖ ദൃശ്യമാധ്യമപ്രവര്‍ത്തകരുമായി ഇതിനോടകം ചര്‍ച്ച ആരംഭിച്ചു കഴിഞ്ഞു.
മലയാള മാധ്യമ രംഗത്ത് ഇതുവരെ കാണാത്ത ദൃശ്യഭാഷയോടെയാകും ഫോര്‍ത്ത് എത്തുക എന്നാണ് അണിയറയില്‍ നിന്ന് ലഭിക്കുന്ന വിവരം. നിലവിലെ നടപ്പു രീതികളില്‍ നിന്ന് മാറി അന്താരാഷ്ട്ര മാധ്യമങ്ങളോട് കിടപിടിക്കുന് രീതിയിലായിരിക്കും ചാനലിന്റെ ലുക്ക് ആന്‍് ഫീല്‍. അന്താരാഷ്ട്ര തലത്തില്‍ പ്രധാന ഇവന്റുകളുടെ ചുക്കാന്‍ പിടിച്ച ഒരു സാങ്കേതിക വിദഗ്ദന്റെ കീഴിലാണ് ഇതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നത്.
കോഴിക്കോട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഒരു എഫ് എം സി ജി കമ്പനിയുടെ നേതൃത്വത്തിലാണ് ഫോര്‍ത്തിന്‍െ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. കഴിഞ്ഞ ആഗസ്റ്റ് 15ന് വെബ്‌സൈറ്റ് ലോഞ്ച് ചെയ്‌ത്തോടെ മാധ്യമമേഖലിയിലും പൊതു ജനങ്ങള്‍ക്കിടിയിലും ദ ഫോര്‍ത്ത് ചര്‍ച്ചാ വിഷയമായി. നയനാ സൂര്യന്റെ മരണത്തിലെ പുനരന്വേഷണം, കെ ആര്‍ നാരായണന്‍ ഇന്‍സ്റ്റിറ്റിയൂട്ടിലെ വിദ്യാര്‍ത്ഥി സമരം എന്നിങ്ങനെ നിരവധി വിഷയങ്ങളിലൂടെ ഇതിനോടകം ശ്രദ്ധ പിടിച്ചു പറ്റാന്‍ കഴിഞ്ഞിട്ടുണ്ട്. ഡിജിറ്റലിന് ലഭിച്ച ജനപ്രീതി കൂടുതല്‍ നിക്ഷേപകരെ ഫോര്‍ത്തിലേക്ക് എത്തിച്ചിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരം. 50 കോടി മുതല്‍ മുടക്കില്‍ ആരംഭിക്കാനിരുന്ന പദ്ധതിയില്‍ നിലവില്‍ 80 കോടിക്കടുത്ത് നിക്ഷേപം എത്തുമെന്നാണ് സൂചന.