ബോര്‍ഡ് ലാഭത്തിലാണെന്ന് കെ എസ് ഇ ബി; കൂലി കിട്ടാതെ കരാര്‍ തൊഴിലാളികളും ദിവസ വേതനക്കാരും ദുരിതത്തിലും

Thiruvananthapuram

തിരുവനന്തപുരം: കെ എസ് ഇ ബി ലാഭത്തിലാണിപ്പോഴെന്ന് പറയുമ്പോഴും കരാര്‍ തൊഴിലാളികളും ദിവസ വേതനക്കാരും ചെയ്ത ജോലിയുടെ കൂടി ലഭിക്കാതെ ദുരിതം പേറുന്നു. മാസങ്ങളുടെ കുടിശികയാണ് പലര്‍ക്കും ലഭിക്കാനുള്ളത്. നിത്യജീവിതം മുന്നോട്ട് കൊണ്ടുപോകാന്‍ കഷ്ടപ്പെടുന്ന തൊഴിലാളികളെ ദ്രോഹിക്കുന്ന നടപടി അവസാനിപ്പിക്കണമെന്നും കുടിശിക കൊടുത്ത് തീര്‍ക്കുന്നതിന് നടപടി സ്വീകരിക്കണമെന്നും കേരള പവര്‍ വര്‍ക്കേഴ്‌സ് കോണ്‍ഗ്രസ്സ് ജില്ലാസെക്രട്ടറിയും ഐ എന്‍ റ്റി യു സി സംസ്ഥാന എക്‌സിക്യൂട്ടീവ് മെമ്പറുമായ ആര്‍ എസ് വിനോദ് മണി ആവശ്യപ്പെട്ടു.

കേരള സ്‌റ്റേറ്റ് ഇലക്ട്രിസിറ്റി ബോര്‍ഡിന് 736 കോടി രൂപയുടെ പ്രവര്‍ത്തനലാഭം ഉണ്ടായി എന്നും വൈദ്യുതി ബോര്‍ഡ് ലാഭത്തില്‍ ആണെന്നും നിയമസഭയിലാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. എന്നാല്‍ നിലവില്‍ കഴിഞ്ഞ ആഗസ്റ്റ് മാസത്തിനു ശേഷമുള്ള പെറ്റി കോണ്‍ട്രാക്ട് ബില്ലുകള്‍ അടക്കം കൊടുത്തിട്ടില്ല. ഇതോടെ ബോര്‍ഡിന്റെ കരാര്‍ പണികള്‍ ഏറ്റെടുത്ത് പൂര്‍ത്തിയാക്കിയവര്‍ കുടുംബങ്ങള്‍ പുലര്‍ത്താന്‍ കഴിയാതെ ദുരിതമനുഭവിക്കുകയാണ്. ആയിരക്കണക്കിന് ബില്ലുകളാണ് സംസ്ഥാനത്ത് മാറി നല്‍കാനുള്ളത്.

2022 ആഗസ്റ്റ് മാസത്തിനു ശേഷമുള്ള പെറ്റി കോണ്‍ട്രാക്ട് ബില്ലുകള്‍ കൊടുത്തു തീര്‍ക്കുന്നതിന് ബോര്‍ഡിന് കഴിഞ്ഞിട്ടില്ല. അതോടൊപ്പം ബോര്‍ഡ് സമയബന്ധിതമായി പ്രമോഷന്‍ നല്‍കാത്ത സാഹചര്യത്തില്‍ പല വിഭാഗങ്ങളിലും കരാര്‍ അടിസ്ഥാനത്തില്‍ ദിവസവേതനക്കാരായി നിയമിച്ചിട്ടുള്ള തൊഴിലാളികള്‍ക്കും ജനുവരി മാസത്തിനുശേഷം അവരുടെ ശമ്പളം കുടിശ്ശികയാണ്. അതുകൊണ്ട് എത്രയും പെട്ടെന്ന് തന്നെ കരാര്‍ തൊഴിലാളികളുടെ പെറ്റികോണ്‍ട്രാക്ട് ബില്ലുകള്‍ കൊടുത്തു തീര്‍ക്കുന്നതിനും ഒപ്പം ദിവസ വേതന അടിസ്ഥാനത്തില്‍ ജോലി ചെയ്യുന്ന തൊഴിലാളികളുടെ ശമ്പളം അടിയന്തരമായി കൊടുത്തു തീര്‍ക്കുന്നതിനും വേണ്ടിയുള്ള നടപടികള്‍ സ്വീകരിക്കണമെന്നും ആര്‍ എസ് വിനോദ് മണി ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *