നിങ്ങളുടെ വാര്‍ത്തകളും ചിത്രങ്ങളും nattuvarthamanamdaily@gmail.com എന്ന മെയിലില്‍ അയക്കുക. വാട്‌സാപ്പ് ഗ്രൂപ്പില്‍ അംഗമാവുന്നതിന് 8289857951 എന്ന നമ്പറിലേക്ക് പേരും സ്ഥലവും മെസേജ് ചെയ്യുക
കോഴിക്കോട്: ഇന്‍ഡോ അറബ് കോണ്‍ഫെഡറേഷന്‍ കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ വര്‍ഷം തോറും സംഘടിപ്പിക്കുന്ന എന്‍ ആര്‍ ഐ ഗ്ലോബല്‍ മീറ്റ് ഈ പ്രാവശ്യം ഗോവയില്‍ സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ കോഴിക്കോട്ട് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
മാര്‍ച്ച് 17ന് വൈകുന്നേരം മൂന്ന് മണിക്ക് ഗോവ ഇന്റര്‍നാഷണല്‍ കണ്‍വന്‍ഷന്‍ സെന്ററില്‍ (ഗോവ യൂണിവേഴ്‌സിറ്റി റോഡ്) സംഘടിപ്പിക്കുന്ന സമ്മേളനം ഗോവ ഗവര്‍ണര്‍ പി എസ് ശ്രീധരന്‍ പിള്ള ഉദ്ഘാടനം ചെയ്യും. ‘വിദേശ ഇന്ത്യക്കാരുടെ പണം രാജ്യത്തിന്റെ വികസനത്തിന് എങ്ങനെ വിനിയോഗിക്കാം’ എന്ന വിഷയത്തെ കുറിച്ച് ഗോവ എന്‍ ആര്‍ ഐ കമ്മീഷണര്‍ അഡ്വ: നരേന്ദ്ര സവേക്കര്‍ മുഖ്യപ്രഭാഷണം നടത്തും.
പവിഴം റൈസിന്റെ സാരഥി എന്‍ പി ജോര്‍ജിന് ഗ്ലോബല്‍ എക്‌സലന്‍സ് അവാര്‍ഡും എമിറൈറ്റ്‌സ് സ്റ്റീല്‍ ട്യൂബ്‌സ് െ്രെപവറ്റ് ലിമിറ്റഡ് മാനേജിങ് പാര്‍ട്ണര്‍ സി ബി വി സദ്ദീഖിന് ബിസിനസ് അച്ചീവ്‌മെന്റ് അവാര്‍ഡും രാജു നമ്പ്യാര്‍ക്ക് (ഗോവ) സേവനരത്‌ന പുരസ്‌കാരവും നല്‍കി ആദരിക്കും.
ഗോവ എക്‌ണോമിക് ഡെവലപ്പ്‌മെന്റ് കോര്‍പറേഷന്‍ ചെയര്‍മാന്‍ സദാനന്ദ് ഷേട്ട് താനേവാടേ, ഗോവ ഇന്‍ഡസ്ട്രീസ് ഡെവലമെന്റ് കോര്‍പറേഷന്‍ ചെയര്‍മാന്‍ അലക്‌സിയോ റജിനാട്, ഡോ. ലോറന്‍സ്, എന്‍.ആര്‍.ഐ വ്യവസായികള്‍, സംഘടനാഭാരവാഹികള്‍ എന്നിവര്‍ സമ്മേളനത്തില്‍ പങ്കെടുക്കും. ഗ്ലോബല്‍ മീറ്റിന്റെ ലോഗോ പ്രകാശനം കോഴിക്കോട്ട് കെ. മുരളീധരന്‍ എം.പി നിര്‍വഹിച്ചു. വാര്‍ത്താ സമ്മേളനത്തില്‍ കോണ്‍ഫെഡറേഷന്‍ ഭാരവാഹികളായ എം വി കുഞ്ഞാമു, ആറ്റക്കോയ പള്ളിക്കണ്ടി, അനില്‍ ബാബു, കോയട്ടി മാളിയേക്കല്‍, പി ടി നിസാര്‍, ദിനുല്‍ ആനന്ദ് എന്നിവര്‍ പങ്കെടുത്തു.