കോഴിക്കോട് : ദർശനം ഒരു ഗ്രന്ഥശാല മാത്രമല്ല. വ്യത്യസ്തമായ നിരവധി പരിപാടികൾ തുടർച്ചയായി നടത്തിവരുന്ന സാംസ്ക്കാരിക ഇടം കൂടിയാണെന്ന് കോഴിക്കോട് കോർപ്പറേഷൻ മേയർ ഡോ. ബീന ഫിലിപ്പ് അഭിപ്രായപ്പെട്ടു.
ലോക പുസ്തക – പകർപ്പവകാശ ദിനത്തിന്റെ ഭാഗമായി യുനസ്കോ സാഹിത്യ നഗരമായ കോഴിക്കോട് മുനിസിപ്പൽ കോർപ്പറേഷൻ്റെ അറിവ് ഗ്രന്ഥ പുരയിലേക്ക് ദർശനം ഗ്രന്ഥശാല സംഭാവന ചെയ്ത പുസ്തകങ്ങൾ ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു മേയർ.

കോർപ്പറേഷൻ ഓഫീസ് അറിവ് കോർണറിൽ നടന്ന ചടങ്ങിൽ
കേന്ദ്ര സാഹിത്യ അക്കാദമിയുടെ ബാല സാഹിത്യ പുരസ്കാരം നേടിയ കവി പി കെ ഗോപിയുടെ ‘ഓല ചൂട്ടിൻ്റ വെളിച്ചം ‘ ( ലിപി ബുക്സ്) മേയർക്ക് കൈമാറി കവി പി കെ ഗോപി ഉദ്ഘാടനം ചെയ്തു.
10,075 രൂപ മുഖ വിലയുള്ള 65 പുസ്തകങ്ങളാണ് ആദ്യ ഘട്ടത്തിൽ നൽകിയത്. രണ്ടാം ഘട്ടത്തിലേയ്ക്കുള്ള പുസ്തകങ്ങൾ എഴുത്തുകാരിൽ നിന്നും ശേഖരിച്ചു കൊണ്ടിരിക്കുകയാണെന്ന് ദർശനം ജോയിൻ്റ് സെക്രട്ടറി പി ജസിലുദീൻ അറിയിച്ചു.
ദർശനം ഗ്രന്ഥശാലക്ക് സാഹിത്യ നഗരം പദ്ധതിയിൽ ഉൾപ്പെടുത്തി കോർപ്പറേഷൻ അനുവദിച്ച 110 660/- രൂപയുടെ സ്റ്റീൽ അലമാരകൾ, മേശകൾ തുടങ്ങിയ ഫർണിച്ചറുകളുടെ താക്കോലുകൾ മേയറിൽ നിന്നും കോഴിക്കോട് താലൂക്ക് ലൈബ്രറി കൗൺസിൽ നിർവ്വാഹക സമിതി അംഗം കെ.നജ്മ ഗ്രന്ഥശാലയ്ക്ക് വേണ്ടി ഏറ്റുവാങ്ങി. യുനെസ്കോ സാഹിത്യ നഗരം പദ്ധതി നോഡൽ ഓഫീസർ എ കെ സരിത പുസ്തക ലിസ്റ്റ് ദർശനം ഗ്രന്ഥശാല മുഖ്യ രക്ഷാധികാരി എം എ ജോൺസണിൽ നിന്നും സ്വീകരിച്ചു.
കേരള എഡ്യൂക്കേഷൻ കൗൺസിൽ ഡയറക്ടർ കൊല്ലറയ്ക്കൽ സതീശൻ, ശില്പി ഗുരുകുലം ബാബു, ദർശനം കമ്മിറ്റി അംഗങ്ങളായ മിനി ജോസഫ്, പ്രസന്ന നമ്പ്യാർ , എം എൻ രാജേശ്വരി , കെ പി മോഹൻദാസ്, യുനെസ്കോ സാഹിത്യ നഗരം പദ്ധതിയിലെ കരിയാമ്പറ്റ സുരേഷ് കുമാർ എന്നിവർ സന്നിഹിതരായിരുന്നു.