മേലുകാവ്: മേലുകാവ് പഞ്ചായത്തിലെ കളപ്പുരപ്പാറയില്‍ ഉണ്ടായ തീപിടുത്തത്തിലെ നാശനഷ്ടങ്ങളെ സംബന്ധിച്ച അടിയന്തിര റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിന് റവന്യൂ, കൃഷി വകുപ്പുകള്‍ക്ക് മാണി സി കാപ്പന്‍ എം എല്‍ എ നിര്‍ദ്ദേശം നല്‍കി. എം എല്‍ എയുടെ നിര്‍ദ്ദേശപ്രകാരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തോമസ് സി വടക്കേലിന്റെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥരും ജനപ്രതിനിധികളും അടങ്ങുന്ന സംഘം സ്ഥലസന്ദര്‍ശിച്ചു.
ബ്ലോക്ക് പഞ്ചായത്തംഗം മറിയാമ്മ ഫെര്‍ണാണ്ടസ്, ഗ്രാമപഞ്ചായത്തംഗങ്ങളായ അനുരാഗ് പാണ്ടിക്കാട്ട്, ഷൈനി ബേബി ബിന്‍സി ടോമി, റ്റി വി ജോര്‍ജ്ജ്, എം പി കൃഷ്ണന്‍ നായര്‍, വില്ലേജ് ഓഫീസര്‍ ഷൈനി എം സെബാസ്റ്റ്യന്‍, കൃഷി ഓഫീസര്‍ ഐശ്വര്യ എന്നിവര്‍ സംഘത്തിലുണ്ടായിരുന്നു.
ഐക്കരക്കുന്നേല്‍ ജസ്റ്റിന്‍ പുല്ലാങ്കുളം, ജിജോ എന്നിവരുടെ ഉടമസ്ഥതയിലുള്ള 10 ഏക്കര്‍ കൃഷിയിടമാണ് കത്തി നശിച്ചത്. റബ്ബര്‍, തെങ്ങ്,വാഴ,കപ്പ,ജലസേചനത്തിനായി ഉപയോഗിക്കുന്ന പൈപ്പുകള്‍, കുടിവെള്ള ടാങ്കുകള്‍ എന്നിവയ്ക്ക് കാര്യമായ നാശനഷ്ടങ്ങള്‍ സംഭവിച്ചിട്ടുണ്ട്. കര്‍ഷകര്‍ക്ക് സര്‍ക്കാര്‍ അടിയന്തിരമായി സഹായം ധനസഹായം നല്‍കണമെന്ന് ആവശ്യപ്പെട്ടു.
പാലാ, ഈരാറ്റുപേട്ട എന്നവിടങ്ങളിലെ അഗ്‌നിരക്ഷാസേനയിലെ ഉദ്യോഗസ്ഥരുടെയും പ്രദേശവാസികളുടെ സമയോചിതമായ ഇടപെടലും കഠിന പരിശ്രമവും വന്‍ ദുരന്തം ഒഴിവാക്കുന്നതിന് സഹായിച്ചു. ഇവരെ എം. എല്‍. എ അഭിന്ദിക്കുകയും നന്ദി അറിയിക്കുകയും ചെയ്തു. വേനല്‍ കടുത്ത സാഹചര്യത്തില്‍ തീപിടുത്തത്തിനെതിരെ ജാഗ്രത പാലിക്കുകയും മുന്‍കരുതല്‍ എടുക്കുകയും ചെയ്യണമെന്ന് എം.എല്‍.എ അറിയിച്ചു.