കോഴിക്കോട്: പുതിയ ബസ് സ്റ്റാന്‍ഡിനു മുന്നിലെ ഫൂട് ഓവര്‍ ബ്രിഡ്ജിനും അതിന്റെ രൂപശില്പിയായ അമല്‍ ദാസിനും ദേശീയാംഗീകാരം. വ്യവസായ അടിസ്ഥാനസൗകര്യ വിഭാഗത്തില്‍ ആര്‍ക്കിടെക്ചറല്‍ എക്‌സലന്‍സിനുള്ള ഇന്‍ഡ്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ആര്‍ക്കിടെക്റ്റ്‌സിന്റെ പുരസ്‌ക്കാരനിര്‍ണ്ണയത്തില്‍ കോഴിക്കോട്ടെ ഫൂട് ഓവര്‍ ബ്രിഡ്ജ് ഫൈനലിസ്റ്റ് ആയി. മാര്‍ച്ച് 3, 4 തീയതികളില്‍ ഹൈദരാബാദില്‍ ആയിരുന്നു അവാര്‍ഡ് സമ്മേളനം.
കോഴിക്കോട് കോര്‍പ്പറേഷനുവേണ്ടി ഫൂട് ഓവര്‍ ബ്രിഡ്ജിന്റെ രൂപകല്പനയും നിര്‍മ്മാണവും നിര്‍വ്വഹിച്ച ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്റ്റ് കോപ്പറേറ്റീവ് സൊസൈറ്റിയുടെ ആര്‍ക്കിടെക്റ്റാണ് അമല്‍ ദാസ്. വടകര നാദാപുരം റോഡിലെ വാഗ്ഭടാനന്ദ പാര്‍ക്ക് ഉള്‍പ്പെടെ രൂപകല്പനയ്ക്ക് സംസ്ഥാനതലത്തില്‍ ഊരാളുങ്കല്‍ സൊസൈറ്റി പുരസ്‌ക്കാരങ്ങള്‍ നേടിയിട്ടുണ്ടെങ്കിലും ദേശീയതലത്തില്‍ മൂന്നു ഫൈനലിസ്റ്റുകളില്‍ ഉള്‍പ്പെടുന്നത് ആദ്യമാണ്. പേരാമ്പ്ര ചെമ്പ്ര റോഡ് മഠത്തില്‍ മീത്തല്‍ എം. എം. ദാസന്റെയും സബിതയുടെയും മകനാണ് അമല്‍.