എം എം റ്റി റൂറല്‍ റിസര്‍ച്ച് ആന്‍ഡ് ഡെവലപ്‌മെന്‍റ് സെന്‍റര്‍ നാടിന് സമര്‍പ്പിച്ചു

Kottayam

കാഞ്ഞിരപ്പള്ളി: മുണ്ടക്കയം മെഡിക്കല്‍ ട്രസ്റ്റ് ഹോസ്പിറ്റലിലെ കമ്മ്യൂണിറ്റി മെഡിസിന്‍ വിഭാഗത്തിന്റെയും ബാംഗ്ലൂര്‍ സെന്റ് ജോണ്‍സ് നാഷണല്‍ അക്കാദമി ഓഫ് ഹെല്‍ത്ത് സയന്‍സിന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ റൂറല്‍ റിസര്‍ച്ച് ആന്‍ഡ് ഡെവലപ്‌മെന്റ് സെന്റര്‍ ആരംഭിച്ചു. സാമൂഹിക പ്രതിബദ്ധതയോടെ കൂടുതല്‍ സേവനങ്ങള്‍ സമൂഹത്തില്‍ നല്‍കുക എന്ന ഉദ്ദേശത്തോടെയാണ് ഈ റിസര്‍ച്ച് സെന്റര്‍ സ്ഥാപിതമായിരിക്കുന്നത്. രോഗി പരിചരണത്തോടൊപ്പം തന്നെ പഠനങ്ങളും, ജനങ്ങളെ രോഗങ്ങളെക്കുറിച്ചും മരുന്നുകളെക്കുറിച്ചും പ്രത്യേകിച്ച്, ജീവിതശൈലി രോഗങ്ങളെക്കുറിച്ചും കൂടുതല്‍ ബോധവാന്മാരാക്കുകയും അതിനെ സംബന്ധിക്കുന്ന വിശദമായ പഠനങ്ങള്‍ നേഴ്‌സിങ് വിദ്യാര്‍ത്ഥിനികളുടെ സഹായത്തോടെ നടത്തുക എന്ന ഉദ്ദേശത്തോടെയാണ് ഈ സെന്റര്‍ സ്ഥാപിതമാകുന്നത്.

മുണ്ടക്കയം മെഡിക്കല്‍ ട്രസ്റ്റ് ഹോസ്പിറ്റലില്‍ വെച്ച് നടന്ന ചടങ്ങില്‍ ഗ്രാമീണ മേഖലയിലെ മനുഷ്യന്റെ സമഗ്ര വളര്‍ച്ചയെ സഹായിക്കുന്ന വിധത്തില്‍ പ്രവര്‍ത്തന നിരതമാകാന്‍ ഈ സെന്ററിന് കഴിയട്ടെ എന്ന ആശംസകളോടെ എംജി യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സിലര്‍ പ്രൊഫസര്‍ ഡോക്ടര്‍ സാബു തോമസ് എം എംടി റൂറല്‍ റിസര്‍ച്ച് സെന്റര്‍ ഉദ്ഘാടനം ചെയ്തു. കാഞ്ഞിരപ്പള്ളി രൂപത വികാരി ജനറലും എം എം റ്റി ഹോസ്പിറ്റല്‍ ട്രസ്റ്റ് പ്രസിഡന്റുമായ റവ ഫാദര്‍ ബോബി അലക്‌സ് മണ്ണംപ്ലാക്കല്‍ അധ്യക്ഷത വഹിച്ചു. ബാംഗ്ലൂരിലെ സെന്റ് ജോണ്‍സ് നാഷണല്‍ അക്കാദമി ഓഫ് ഹെല്‍ത്ത് സയന്‍സിലെ കമ്മ്യൂണിറ്റി ഹെല്‍ത്ത് വിഭാഗം മേധാവി ഡോക്ടര്‍ ബോബി
ജോസഫ്, നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് അഡ്വാന്‍സെഡ് സ്റ്റഡീസിലെ പ്രിന്‍സിപ്പല്‍ സൈന്റിസ്റ്റ് ഡോക്ടര്‍ ജലീല്‍ യൂ സി, മുണ്ടക്കയം മെഡിക്കല്‍ ട്രസ്റ്റ് ഹോസ്പിറ്റല്‍ മെഡിക്കല്‍ സൂപ്രണ്ട് ഡോക്ടര്‍ കെ എം മാത്യു തുടങ്ങിയവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *