കോട്ടയം: വാകത്താനത്ത് വാഹനം തടഞ്ഞ് നിര്‍ത്തി സഹോദരന്മാരെ ആക്രമിച്ച് കവര്‍ച്ച നടത്തിയ സംഭവത്തില്‍ പുത്തന്‍ ചന്ത സ്വദ്ദേശികളായ നാലു പേര്‍ക്കെതിരെ കേസെടുത്ത് പൊലീസ്. വാകത്താനം വഴുതക്കുന്നേല്‍ ഡിജി മര്‍ക്കോസ്, കര്‍ണ്ണാടക ഷിമോഗയില്‍ താമസിക്കുന്ന വഴുതനക്കുന്നേല്‍ തോമസ് സി രഞ്ചി, പുത്തന്‍ചന്ത സ്വദേശി ഷിബു സി നൈനാന്‍, ഇവരുടെ ബന്ധുവായ സ്ത്രീ എന്നിവര്‍ക്കെതിരെയാണ് വാകത്താനം പൊലീസ് കേസെടുത്തത്.
കഴിഞ്ഞ ജനുവരി ആദ്യമായിരുന്നു കേസിനാസ്പദമായ സംഭവം. വാകത്താനം സ്വദേശികളായ സഹോദരന്മാര്‍ ജോലി സംബന്ധമായ കാര്യങ്ങള്‍ക്കായി പോകുന്നതിനിടെ അക്രമി സംഘം വാഹനം തടഞ്ഞ് നിര്‍ത്തി ആക്രമണം നടത്തുകയും കവര്‍ച്ച ചെയ്യുകയുമായിരുന്നു. ഇവര്‍ വന്ന വാഹനം റോഡില്‍ മാര്‍ഗതടസമുണ്ടാക്കി തടഞ്ഞ ശേഷം, പുറത്തിറക്കി പ്രതികള്‍ ആക്രമണം നടത്തുകയായിരുന്നു.
അസഭ്യം വിളിച്ച് ഭീഷണി മുഴക്കിയെത്തിയ അക്രമി സംഘം ഇവരെ കയ്യേറ്റം ചെയ്യുകയും കയ്യില്‍ കിടന്ന രണ്ടു പവന്‍ വരുന്ന സ്വര്‍ണ ചെയിന്‍ വലിച്ച് പൊട്ടിച്ചെടുക്കുകയുമായിരുന്നു. ആക്രമണത്തില്‍ സഹോദരന്മാര്‍ക്ക് സാരമായി പരിക്കേറ്റിരുന്നു. ഇതിന് ശേഷം വാകത്താനം പൊലീസില്‍ പരാതി നല്‍കിയെങ്കിലും പൊലീസ് കേസെടുത്തിരുന്നില്ല. ഇതേ തുടര്‍ന്ന് സഹോദരന്മാര്‍ ചങ്ങനാശേരി ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ സി എം പി ഫയല്‍ ചെയ്യുകയായിരുന്നു. വാദം കേട്ട കോടതി പ്രതികള്‍ക്ക് എതിരെ കേസെടുക്കാനും വിശദമായി അന്വേഷണം നടത്താനും വാകത്താനം പോലീസിന് നിര്‍ദ്ദേശം നല്‍കി.
ഇതിന്റെ അടിസ്ഥാനത്തിലാണ് വാകത്താനം പോലീസ് പ്രതികള്‍ക്കെതിരെ പ്രഥമ വിവര റിപ്പോര്‍ട്ട് തയ്യാറാക്കിയത്. തുടര്‍ന്ന് അന്വേഷണം നടത്തി വാകത്താനം പൊലീസ് തുടര്‍ നടപടികള്‍ സ്വീകരിക്കും. കേസിലെ പ്രതികളായ രണ്ടുപേര്‍ മുന്‍പ് സ്ത്രീ പീഡനത്തിനും, തട്ടിപ്പിനും, സമൂഹമാധ്യമങ്ങളിലൂടെ ബിഷപ്പിനെ അപകീര്‍ത്തിപ്പെടുത്തിയതിനും കേസില്‍ പ്രതിയാക്കപ്പെട്ടവരാണ്. ഇത് കൂടാതെ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസിലും, സ്വകാര്യ സ്ഥാപനത്തിന്റെ പേരും സാമൂഹിക മാധ്യമ അക്കൗണ്ടുകളും ദുരുപയോഗം ചെയ്തതിനും ഇരുവരും നിലവില്‍ അന്വേഷണം നേരിടുകയാണ്.