ന്യൂദല്‍ഹി: കോണ്‍ഗ്രസ് നേതാവും വയനാട് എം പിയുമായ രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കി ലോക്‌സഭാ സെക്രട്ടേറിയേറ്റ് വിജ്ഞാപനം പുറപ്പെടുവിച്ചു. മാനനഷ്ട കേസില്‍ ശിക്ഷിക്കപ്പെട്ടതിനെ തുടര്‍ന്നാണ് നടപടി. ഗുജറാത്തിലെ വിചാരണ കോടതി വിധിയിലേക്ക് കാര്യങ്ങള്‍ എത്തിച്ചതില്‍ കേന്ദ്രത്തിന്റെ വേട്ടയാടല്‍ ആരോപിക്കുകയാണ് കോണ്‍ഗ്രസ്. കേസ് നടത്തിപ്പില്‍ പാളിച്ചയുണ്ടായെന്ന വിലയിരുത്തല്‍ പാര്‍ട്ടിയിലുണ്ട്. കേന്ദ്ര നീക്കം പ്രതിപക്ഷത്തെ പ്രധാന മുഖമായി രാഹുലിനെ മാറ്റുന്നുണ്ട്. രാഹുലിന്റെ പാര്‍ലമെന്റ് അംഗത്വം നഷ്ടമാകുന്നത് കോണ്‍ഗ്രസിന് തിരിച്ചടിയാണ്. നിയമവഴിയിലൂടെ ഇപ്പോഴത്തെ പ്രതിസന്ധിയെ ചെറുക്കാന്‍ മനു അഭിഷേക് സിംഗ്വി, പി ചിദംബരം, വിവേക് തന്‍ഖ, സല്‍മാന്‍ ഖുര്‍ഷിദ് തുടങ്ങിയവരെ ഉള്‍പ്പെടുത്തിയുള്ള അഭിഭാഷക സംഘത്തെ രംഗത്തിറക്കാനാണ് കോണ്‍ഗ്രസിന്റെ തീരുമാനം. സൂറത്തിലെ സെഷന്‍സ് കോടതിയിലായിരിക്കും ആദ്യം അപ്പീല്‍ നല്‍കുക.
മോദി സമുദായത്തെ അവഹേളിച്ചെന്ന കേസില്‍ രാഹുല്‍ ഗാന്ധിക്ക് രണ്ട് വര്‍ഷം തടവും 15,000 രൂപ പിഴയും വിധിച്ചിരുന്നു. സൂറത്തിലെ സി ജെ എം കോടതിയുടേതാണ് വിധി. രാഹുലിന് കോടതി ഇടക്കാല ജാമ്യം അനുവദിച്ചു. വിധിക്കെതിരെ അപ്പീല്‍ നല്‍കാന്‍ 30 ദിവസത്തെ ജാമ്യമാണ് അനുവദിച്ചിരിക്കുന്നത്. മാനനഷ്ടക്കേസില്‍ രാഹുല്‍ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിരുന്നു. 2019ലെ പ്രസംഗത്തില്‍ മോദി സമുദായത്തെ രാഹുല്‍ ഗാന്ധി അവഹേളിച്ചെന്നാണ് കേസ്. പൂര്‍ണേഷ് മോദിയാണ് പരാതിക്കാരന്‍. ‘എല്ലാ കള്ളന്മാരുടെയും പേരിനൊപ്പം മോദിയെന്ന് വരുന്നതെങ്ങനെ’ എന്നായിരുന്നു രാഹുലിന്റെ പരാമര്‍ശം. സാമ്പത്തിക തട്ടിപ്പ് കേസില്‍ പ്രതികളായ നീരവ് മോദി, ലളിത് മോദി എന്നിവരെയാണ് രാഹുല്‍ ഉദ്ദേശിച്ചതെന്നായിരുന്നു അദ്ദേഹത്തിന്റെ അഭിഭാഷകരുടെ വാദം.
കുറ്റക്കാരന്‍ എന്ന വിധി സെഷന്‍സ് കോടതിയും സ്‌റ്റേ ചെയ്തില്ലെങ്കില്‍ രാഹുലിന്റെ അയോഗ്യത തുടരുകയും വയനാട്ടില്‍ വീണ്ടും തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുകയും ചെയ്യും. അതിനാല്‍ സെഷന്‍സ് കോടതി അപേക്ഷ അംഗീകരിച്ചില്ലെങ്കില്‍ നേരിട്ട് സുപ്രീംകോടതിയിലെത്താനും കോണ്‍ഗ്രസ് ആലോചിക്കുന്നുണ്ട്. അന്വേഷണ ഏജന്‍സികളെ സര്‍ക്കാര്‍ ദുരുപയോഗം ചെയ്ത് നേതാക്കളെ പീഡിപ്പിക്കുന്നുവെന്ന് പരാതിപ്പെട്ട് കോണ്‍ഗ്രസ് ഉള്‍പ്പടെ 14 പാര്‍ട്ടികള്‍ സുപ്രീംകോടതിയില്‍ ഹര്‍ജി നല്കിയതും ഇപ്പോഴത്തെ രാജ്യത്തെ രാഷ്ട്രീയ സാഹചര്യങ്ങള്‍ പരിഗണിച്ചാണ്.