വ്യക്തിവാദം കൗമാരത്തെ അധാർമികതയിലേക്ക് നയിക്കും: എം. ടി. മനാഫ് മാസ്റ്റർ

Gulf News GCC Saudi Arabia

ജിദ്ദ: മനുഷ്യന്റെ അത്യാർത്തിയും അതിരുകടക്കലുമാണ്  ലോകത്തെ സകലവിധ  പ്രശ്നങ്ങൾക്കും കാരണമെന്നും ഉള്ളത്കൊണ്ട് തൃപ്തിപ്പെടുകയും  അന്യന്റെ അവകാശങ്ങൾ  ഹനിക്കാതിരിക്കുകയും  ചെയ്യുമ്പോൾ മാത്രമാണ് സമാധാനം  നിലനിൽക്കുകയുള്ളുവെന്നും കെ.എൻ.എം. മർകസുദ്ദഅവ  സെക്രട്ടറി എം.ടി മനാഫ് മാസ്റ്റർ. ലോകത്ത് ഉത്തരമില്ലാത്ത ചോദ്യങ്ങൾ ഇല്ലെന്നും സകല  ചോദ്യങ്ങൾക്കുമുള്ള ഉത്തരം  വിശുദ്ധ  വേദഗ്രന്ഥം  നൽകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യൻ ഇസ്‌ലാഹി സെന്റർ ജിദ്ദയുടെ പ്രതിവാര  പ്രഭാഷണത്തിൽ ‘മാനവിക  പ്രതിസന്ധികൾ, ഇസ്‌ലാം നൽകുന്ന  പരിഹാരം’ എന്ന വിഷയത്തിൽ  സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബോധപൂർവ്വം  സമൂഹത്തെ  അസ്ഥിരപ്പെടുത്തി അതിൽ  നിന്നും ലാഭം  കൊയ്യാൻ ശ്രമിക്കുകയാണ്  ഫാസിസ്റ്റ്-സയണിസ്റ്റ് ലോബികൾ  ചെയ്യുന്നത്. കുടുംബ ജീവിതം  മുന്നോട്ട് വെക്കുന്ന സകല  നിയമങ്ങളേയും  നിരാകരിക്കുന്ന ‘മൈ ബോഡി മൈ ചോയ്സ്’ എന്ന വ്യക്തിവാദ  ചിന്താഗതി കൗമാര മനസുകളെ  അധാർമികതയിലേക്ക്  തള്ളിവിടുകയുമാണ് ചെയ്യുന്നത്. കൗമാരക്കാരിൽ ലെസ്ബിയൻ ചിന്താഗതികൾ  കടന്നുവരുന്നത്  അപകടകരമാണ്. ഇത്തരക്കാർക്ക് ഹീറോ പരിവേഷം  നൽകുന്നത് പുതു  തലമുറക്ക്  തെറ്റായ സന്ദേശമാണ്  നൽകുന്നത്. പാരന്റിങ്  എന്നത് വളരെ  ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ടതാണ്. കൗമാരക്കാരിൽ അധികരിച്ച് വരുന്ന  ലഹരി  ഉപയോഗത്തിനെതിരെ  ജാഗ്രതയോടെ ഇടപെടണമെന്നും മക്കൾക്ക് ആവശ്യമായ ധാർമിക  പാഠങ്ങൾ  പകർന്നു  നൽകാൻ രക്ഷിതാക്കൾ  ശ്രദ്ധിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. കാമ്പസുകളെ  അധാർമിക  ചുറ്റുപാടിലേക്ക് തള്ളി വിടുന്ന വിദ്യാർത്ഥി പ്രസ്ഥാനങ്ങൾ അവരുടെ  നിലപാടുകൾ  തിരുത്തേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മനുഷ്യന്റെ  വിശേഷ ബുദ്ധിക്ക് ദിശാബോധം അനിവാര്യമാണെന്നും ബുദ്ധിയെ ദുരുപയോഗം  ചെയ്യുമ്പോൾ  വൈജ്ഞാനിക വളർച്ച  താളം  തെറ്റുമെന്നും അദ്ദേഹം പറഞ്ഞു. ഷറഫുദ്ദീൻ  മേപ്പാടി സ്വാഗതവും  ജൈസൽ  അബ്ദുറഹ്മാൻ നന്ദിയും പറഞ്ഞു.