ജനാധിപത്യം സംരക്ഷിക്കാനും മതനിരപേക്ഷ ചേരിയെ ശക്തിപ്പെടുത്താനും ജനകീയ മുന്നേറ്റങ്ങള്‍ രൂപപ്പെട്ടു വരണം: വിസ്ഡം യൂത്ത്

Kozhikode

കോഴിക്കോട്: പൊതു തെരെഞ്ഞെടുപ്പ് പ്രചാരണ പ്രഭാഷണത്തിലെ പരാമര്‍ശങ്ങളില്‍ പോലും എതിര്‍ ശബ്ദങ്ങളെ ഇല്ലായ്മ ചെയ്യാനുള്ള സാധ്യതകള്‍ തേടുന്ന ഫാഷിസ്റ്റ് നീക്കങ്ങള്‍ ജനാധിപത്യത്തോടുള്ള വെല്ലുവിളിയാണ്. ജനാധിപത്യം സംരക്ഷിക്കാനും മതനിരപേക്ഷ ചേരിയെ ശക്തിപ്പെടുത്താനും ജനകീയ മുന്നേറ്റങ്ങള്‍ രൂപപ്പെട്ടു വരണമെന്നും ഇതിനായി ജനപ്രതിനിധികളുടെ നേതൃത്വത്തില്‍ ശക്തമായ പ്രതിഷേധമുയരണമെന്നും വിസ്ഡം യൂത്ത് ജില്ലാ തര്‍ബിയ സംഗമം അഭിപ്രായപ്പെട്ടു.

എം എസ് എസ് ഓഡിറ്റോറിയത്തില്‍ നടന്ന സംഗമം സംസ്ഥാന പ്രസിഡന്റ് കെ താജുദ്ദീന്‍ സ്വലാഹി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് അമീര്‍ അത്തോളി അധ്യക്ഷത വഹിച്ചു. ജില്ലാ തര്‍ബിയ സംഗമത്തിന്റെ തുടര്‍ച്ചയായി മണ്ഡലങ്ങളില്‍ ‘യുവപഥം’ യുവജന സംഗമങ്ങളും യൂണിറ്റുകളില്‍ ‘റയ്യാന്‍’ സംഗമങ്ങളും സംഘടിപ്പിക്കും. യുവാക്കളുടെ കര്‍മ്മശേഷി അധാര്‍മിക പ്രവര്‍ത്തനങ്ങളില്‍ നിന്ന് തടഞ്ഞു നന്മയുടെ മാര്‍ഗത്തില്‍ തിരിച്ചുവിടുന്നതിനുള്ള ബോധവല്‍ക്കരണവും റമദാന്‍ കാല വൈജ്ഞാനിക ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഏകോപനവുമാണ് യുവപഥം സംഗമങ്ങളിലൂടെ ലക്ഷ്യമാക്കുന്നത്.

സംസ്ഥാന സെക്രട്ടറി സിനാജുദ്ധീന്‍ മുഖ്യ പ്രഭാഷണം നിര്‍വഹിച്ചു. വിസ്ഡം സ്റ്റുഡന്റസ് സംസ്ഥാന വൈസ് പ്രസിഡന്റ് സഫ്‌വാന്‍ ബറാമി അല്‍ ഹികമി ഉദ്‌ബോധനം പ്രഭാഷണം നടത്തി. വിസ്ഡം ഇസ്‌ലാമിക് ഓര്‍ഗനൈസേഷന്‍ സംസ്ഥാന പ്രവര്‍ത്തക സമിതി അംഗം അഷ്‌റഫ് കല്ലായി, വിസ്ഡം സ്റ്റുഡന്റസ് ജില്ലാ സെക്രട്ടറി എന്‍ പി സുഹൈല്‍ എന്നിവര്‍ സംസാരിച്ചു. വിസ്ഡം യൂത്ത് ജില്ലാ സെക്രട്ടറി എ.എം. ജംഷീര്‍, ജില്ലാ ഭാരവാഹികളായ റഷീദ് പാലത്ത്, അസ്ഹര്‍ ഫറോഖ്, ജുബൈര്‍ കാരപ്പറമ്പ്, ഹനാന്‍ ബാസിത്ത് എന്നിവര്‍ വിവിധ സെഷനുകള്‍ക്ക് നേതൃത്വം നല്‍കി.

Leave a Reply

Your email address will not be published. Required fields are marked *