കോഴിക്കോട്: പ്രവാസ ജീവിതത്തിന്റെയും പ്രവാസിയുടെയും അനേകം വേദനകളിലൊന്നിലേക്ക് കാഴ്ചക്കാരനെ കൊണ്ടുചെന്നെത്തിക്കുന്ന തേടി എന്ന ഷോര്‍ട്ട് ഫിലിമിന് കോഴിക്കോട് ഇന്നലെ സമാപിച്ച മലബാര്‍ ഫിലിം ഡയറക്ടേഴ്‌സ് ക്ലബ്ബ് ഡോക്യൂമെന്ററി, ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവലില്‍ പുരസ്‌ക്കാരം. രണ്ടാമത്തെ ബെസ്റ്റ് സെക്കന്‍ഡ് പ്രവാസി ഷോര്‍ട്ട് ഫിലിം അവാര്‍ഡ് ആണ് ഫെസ്റ്റിവലില്‍ നേടിയത്.
പ്രവാസ ജീവിതത്തിനിടക്ക് പെട്ടെന്ന് മരണപ്പെട്ടു പോകുകയും സാങ്കേതിക നൂലാമാലകള്‍ കൊണ്ടും മറ്റും അവിടെത്തന്നെ മയ്യിത്ത് ഖബറടക്കുകയും ചെയ്യേണ്ടി വരുന്നത് മിക്ക പ്രവാസികളുടെയും മനസ്സിനെ എപ്പോഴും ആകുലപ്പെടുത്തുന്ന കാര്യങ്ങളിലൊന്നാണ്, ഇതെന്നാണ് മുഹ്‌സിന്‍ കാളികാവിന്റെ തേടി ഹ്രസ്വ സിനിമയുടെ പ്രമേയം.
മരുഭൂമിയില്‍ മരണപ്പെട്ടെങ്കിലും പിതാവ് മരണപ്പെട്ടുവെന്ന സത്യത്തെ തന്റെ മാതാവിനെയും സഹോദരിയെയും അറിയിക്കാതെ ബാപ്പ അന്ത്യവിശ്രമം കൊള്ളുന്ന മരുഭൂമിയിലെവിടെയോ ഉള്ള ഖബര്‍സ്ഥാന്‍ തേടിയാണ് മകന്‍ ഗള്‍ഫിലെത്തുന്നത്. ഇനിയൊരിക്കലും തിരിച്ചു വരാത്ത വിധം ബാപ്പ ഇഹലോകവാസം വെടിഞ്ഞെങ്കിലും ഇടയ്ക്കിടക്ക് ഞങ്ങളൊക്കെ വന്നു പോകുന്ന ഒരു ഖബര്‍സ്ഥാനിലെങ്കിലുമായിരുന്നെങ്കില്‍ … എന്ന് പ്രധാന കഥാപാത്രമായ മകന്‍ പറയുമ്പോള്‍, വെറുമൊരു ഡയലോഗ് എന്നതിനപ്പുറം, മരുഭൂമിയിലെ മണലാരണ്യങ്ങളില്‍ കിടന്നു കഷ്ടപ്പെടുന്ന ലക്ഷക്കണക്കിന് മലയാളികളുടെ സങ്കടം കൂടിയായി മാറ്റുവാന്‍ അണിയറ പ്രവര്‍ത്തകര്‍ക്ക് സാധിച്ചുവെന്നതാണ് തേടി എന്ന ദൃശ്യവിരുന്നിന്റെ കാഴ്ച പ്രേക്ഷകനു നല്കുന്ന വേറിട്ട അനുഭവം. പലപ്പോഴും പശ്ചാത്തലത്തോട് ബന്ധമില്ലാതാകുകയാണ് സാധാരണ പശ്ചാത്തല സംഗീതം. എന്നാല്‍ തേടിയെ മനോഹരമാക്കുന്ന പ്രധാന ഘടകങ്ങളിലൊന്ന് പശ്ചാത്തല സംഗീതമാണ്. ക്യാമറാ വര്‍ക്കും എടുത്തു പറയേണ്ടുന്ന കാര്യമാണ്.
ഗള്‍ഫിലെ സീനിയര്‍ ജേര്‍ണലിസ്റ്റകളിലൊരാളായ മുസാഫിര്‍, ഇശാന്‍ ശിഹാബ് അയ്യാനി, സ്റ്റാന്‍ലി കണ്ണംമ്പാറ, ബെന്‍സണ്‍ ചാക്കോയടക്കം ക്യാമറക്ക് മുന്നിലെത്തിയവരും മികച്ച അഭിനയ മുഹൂര്‍ത്തങ്ങളാണ് കാഴ്ചവെച്ചത്. സംവിധായകന്‍ മുഹ്‌സിന്‍ കാളികാവ് തന്നെയാണ് ക്യാമറ ചലിപ്പിച്ചത്.
തിരക്കഥ തുഷാര ശിഹാബ്, സംഗീതം: അബ്ദുള്‍ അഹദ് അയ്യാറില്‍, എഡിറ്റിംഗ്: റിയാസ് മുണ്ടേങ്ങര, പ്രൊഡ്യൂസര്‍ മുഹമ്മദ് ശിഹാബ് അയ്യാറില്‍ എന്നിവരാണ് പ്രധാന അണിയറ പ്രവര്‍ത്തകര്‍.
മൂന്നു ദിവസമായി നടക്കുന്ന ഫെസ്റ്റിവലിന് സമാപനമായി. സമാപന സമ്മേളനത്തില്‍ ചലച്ചിത്ര അക്കാദമി വൈസ് ചെയര്‍മാന്‍ പ്രേം കുമാര്‍ മുഖ്യാതിഥിയായി. ഡയറക്ടേഴ്‌സ് ക്ലബ്ബ് പ്രസിഡന്റ് പ്രദീപ് ചൊക്ലി അധ്യക്ഷത വഹിച്ചു. തേടിക്ക് വേണ്ടി പുരസ്‌ക്കാരം ഇതിലെ അഭിനേതാവ് കൂടിയായ സ്റ്റാന്‍ലി പ്രേം കുമാറില്‍ നിന്ന് ഏറ്റുവാങ്ങി. ക്ലബ്ബ് ഭാരവാഹികളായ ബിപിന്‍ പ്രഭാകര്‍, പ്രകാശ് വാടിക്കല്‍ എന്നിവര്‍ സംസാരിച്ചു.