കണ്‍വെര്‍ജന്‍സ് ഇന്ത്യ എക്‌സ്‌പോയ്ക്ക് തുടക്കം; 30 സ്റ്റാര്‍ട്ടപ്പുകളുമായി കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍

Kerala

തിരുവനന്തപുരം: ഇന്ത്യയിലെ ഏറ്റവും വലിയ ടെക് ഇന്‍ഫ്രാ എക്‌സ്‌പോ ആയ കണ്‍വെര്‍ജന്‍സ് ഇന്ത്യ എക്‌സ്‌പോ2023 ല്‍ കേരള സ്റ്റാര്‍ട്ടപ്പ് മിഷനു കീഴിലെ 30 സ്റ്റാര്‍ട്ടപ്പുകള്‍ പങ്കെടുക്കുന്നു. തിങ്കളാഴ്ച ഡല്‍ഹിയില്‍ ആരംഭിച്ച മൂന്നു ദിവസം നീളുന്ന എക്‌സ്‌പോ ബുധനാഴ്ച സമാപിക്കും. എക്‌സ്‌പോയുടെ മുപ്പതാമത് പതിപ്പില്‍ പങ്കെടുക്കുന്ന സ്റ്റാര്‍ട്ടപ്പുകളെ കാത്തിരിക്കുന്നത് വലിയ അവസരങ്ങളാണ്. 40 രാജ്യങ്ങളില്‍ നിന്നുള്ള 1,000 പങ്കാളികള്‍, ഇന്ത്യയിലുടനീളമുള്ള 200ലധികം സ്റ്റാര്‍ട്ടപ്പുകള്‍, സര്‍ക്കാരില്‍ നിന്നും വ്യവസായ മേഖലയില്‍ നിന്നുമുള്ള 100 പ്രഭാഷകര്‍ തുടങ്ങിയവര്‍ എക്‌സ്‌പോയില്‍ പങ്കെടുക്കുന്നുണ്ട്.

വിവര സാങ്കേതികവിദ്യാ വ്യവസായമേഖലയിലെ (ഐസിടി) ഏറ്റവും പുതിയ ഉല്പന്നങ്ങളും ആശയങ്ങളും ഒരുമിച്ച് കൊണ്ടുവരാന്‍ എക്‌സ്‌പോ സഹായകമാകും. സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ഉല്പന്നങ്ങളും സേവനങ്ങളും പ്രദര്‍ശിപ്പിക്കാനും ഉപഭോക്താക്കളെയും നിക്ഷേപകരെയും ആകര്‍ഷിക്കാനുമുള്ള മികച്ച പ്ലാറ്റ്‌ഫോമുകളിലൊന്നാണിത്.

സാമ്പത്തിക സഹായവും പിന്തുണയും നല്‍കാന്‍ കഴിയുന്ന നിക്ഷേപകര്‍, വ്യവസായികള്‍, മറ്റ് സ്റ്റാര്‍ട്ടപ്പുകള്‍ തുടങ്ങിയവരുമായി ശൃംഖല സൃഷ്ടിക്കാനും ഐസിടി വ്യവസായത്തിലെ പുതിയ ട്രെന്‍ഡുകളും സാങ്കേതികവിദ്യകളും അടുത്തറിയാനും 5 ജി, നിര്‍മ്മിതബുദ്ധി, ഇന്റര്‍നെറ്റ് ഓഫ് തിങ്‌സ് പോലുള്ള അത്യാധുനിക സാങ്കേതികവിദ്യകളെക്കുറിച്ചു പഠിക്കാനും ഇതിലൂടെ അവസരം ലഭിക്കും.

കണ്‍വെര്‍ജന്‍സ് ഇന്ത്യ എക്‌സ്‌പോ 2023ല്‍ പങ്കെടുക്കുന്നത് കേരളത്തിലെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് വലിയ പ്രയോജനം ചെയ്യുമെന്ന് കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ സി ഇ ഒ അനൂപ് അംബിക പറഞ്ഞു. ഇതുപോലുള്ള എക്‌സ്‌പോകളില്‍ പങ്കെടുക്കുന്നതിലൂടെ കേരളത്തിലെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ആഗോളതലത്തില്‍ തിരിച്ചറിയപ്പെടാന്‍ അവസരമൊരുങ്ങും. 30 സ്റ്റാര്‍ട്ടപ്പുകളെ എക്‌സ്‌പോയില്‍ പങ്കെടുപ്പിക്കുന്നത് ഇന്ത്യയിലെ സ്റ്റാര്‍ട്ടപ്പ് ആവാസവ്യവസ്ഥയെ പിന്തുണയ്ക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള കേരള സ്റ്റാര്‍ട്ടപ്പ് മിഷന്റെ ശ്രമത്തിന്റെ ഭാഗമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വിപണി ആവശ്യമെന്തെന്ന് തിരിച്ചറിഞ്ഞ് അവ വികസിപ്പിക്കാനും അംഗീകാരവും വിശ്വാസ്യതയും നേടിയെടുക്കാനും എക്‌സ്‌പോയില്‍ പങ്കെടുക്കുന്നതിലൂടെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് സാധിക്കും. വ്യവസായ പ്രവണതകളെയും മികച്ച സമ്പ്രദായങ്ങളെയും കുറിച്ച് ചര്‍ച്ച ചെയ്യുന്ന സമ്മേളനങ്ങള്‍, വര്‍ക്ക്‌ഷോപ്പുകള്‍, സെമിനാറുകള്‍ എന്നിവയും എക്‌സ്‌പോയുടെ ഭാഗമായി നടക്കും.

Leave a Reply

Your email address will not be published. Required fields are marked *