തിരുവനന്തപുരം: ഏതുവിധേനയും കേരളത്തെ കൈപ്പിടിയില്‍ ഒതുക്കുക എന്ന ലക്ഷ്യവുമായി ബി ജെ പി. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദര്‍ശനത്തിന് പിന്നാലെ കാര്യങ്ങളും കരുക്കളും നീക്കുന്നതിനായി ആര് എസ് എസ് സര്‍സംഘ്ചാലക് മോഹന്‍ ഭാഗവത് കേരളത്തിലേക്ക് എത്തുന്നു. ഇതിനിടെ മോദി വീണ്ടും കേരളത്തിലേക്കെത്തുമെന്നും വാര്‍ത്തയുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദി കൊച്ചിയില്‍ എത്തിയ ആവേശകെട്ട് ഇറങ്ങുന്നതിന് തൊട്ട് പിന്നാലെയാണ് ആര് എസ് എസ് സര്‍സംഘ് ചാലകിന്റെ വരവ്.
മെയ് അഞ്ചിന് തിരുവനന്തപുരത്ത് പാറശാലയില്‍ നടക്കുന്ന ക്യാമ്പില്‍ മോഹന്‍ ഭാഗവത് എത്തുന്നത്. മൂന്ന് ദിവസം ക്യാമ്പില്‍ ഉണ്ടാകും. ഇത്തരത്തില്‍ ആര് എസ് എസ് സര്‍സംഘചാലകിന്റെ യാത്ര വലിയ തരത്തിലുള്ള ആവേശത്തിലാണ് സംഘപരിവാര്‍ പ്രവര്‍ത്തകര്‍. നരേന്ദ്ര മോദിയുടെ കേരള സന്ദര്‍ശനത്തിനു മുമ്പേ ആര് എസ് എസ് പ്രതിനിധികള്‍ പലവട്ടം കേരളത്തിലെ വിവിധ മത നേതാക്കളുമായി ചര്‍ച്ചകള്‍ നടത്തിയിരുന്നു. ക്രിസ്ത്യന്‍ ബിഷപ്പുമാരുമായും നിരവധി തവണ ചര്‍ച്ചകള്‍ നടത്തിയിരുന്നു. ഇപ്പോള്‍ നരേന്ദ്ര മോദി വന്ന ശേഷം കേരളത്തിലെ രാഷ്ട്രീയ കാലാവസ്ഥയില്‍ വലിയ മാറ്റം ഉണ്ടായതായാണ് വിലയിരുത്തല്‍.
മോഹന്‍ ഭാഗവതിന്റെ സന്ദര്‍ശനത്തിന് പിന്നാലെ പ്രധാനമന്ത്രി വീണ്ടും കേരളത്തിലേക്കെന്നാണ് സൂചന. കഴിഞ്ഞ തവണ മോദിയുടെ സന്ദര്‍ശനവും അദ്ദേഹം പങ്കെടുത്ത പരിപാടികളും വന്‍ വിജയമായിരുന്നു എന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തല്‍. എറണാകുളത്തെ റോഡ് ഷോ, യുവ സംഗമം, ക്രൈസ്തവസഭാ നേതൃത്വവുമായുള്ള കൂടിക്കാഴ്ച എന്നിവയില്‍ പ്രധാനമന്ത്രി പൂര്‍ണ്ണ സംതൃപ്തി പ്രകടിപ്പിച്ചെന്ന് ബി ജെ പി വൃത്തങ്ങള്‍ വ്യക്തമാക്കുന്നു.
ഇതോടെയാണ് കേരളത്തിലേക്ക് വീണ്ടും സന്ദര്‍ശനത്തിനുള്ള ഒരുക്കം തുടങ്ങിയത്. പ്രധാനമന്ത്രിയുടെ അടുത്ത റോഡ് ഷോ തൃശ്ശൂരില്‍ ആയിരിക്കുമെന്നാണ് ലഭിക്കുന്ന വിവരം. ഇതിനായി നഗരത്തിന്റെ വിശദാംശങ്ങള്‍ അടക്കം ബി ജെ പി സംസ്ഥാന നേതൃത്വത്തോട് തിരക്കിയിട്ടുണ്ടെന്നാണ് പുറത്തു വരുന്ന വിവരം. ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബി ജെ പി ഉറ്റുനോക്കുന്ന മണ്ഡലമാണ് തൃശ്ശൂര്‍.
കേരളത്തില്‍ ബി ജെ പി അധികാരത്തില്‍ എത്തുമെന്ന് പ്രധാനമന്ത്രി പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് കഴിഞ്ഞ തവണ മോദി കേരളത്തിലെത്തിയത്. തൃശ്ശൂരില്‍ ആസൂത്രണം ചെയ്തിരിക്കുന്ന വനിതാ സംഗമത്തില്‍ പ്രധാനമന്ത്രി പങ്കെടുക്കും വിധത്തിലാണ് നീക്കങ്ങള്‍. മെയ് അവസാനമാണിത്. പ്രധാനമന്ത്രി തൃശ്ശൂരിലെത്തുമ്പോള്‍ വമ്പന്റോഡ് ഷോ നടത്താന്‍ നിര്‍ദേശം ഉണ്ടാകുമെന്നാണ് ബി ജെ പി നേതൃത്വം വിലയിരുത്തുന്നത്. എന്നാല്‍ പ്രധാനമന്ത്രിയുടെ വരവ് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.
പ്രധാനമന്ത്രിയും ആര് എസ് എസ് നേതൃത്വവും ഒരുപോലെ കേരളത്തിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുന്നത് വരുന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ അക്കൗണ്ട് തുറക്കുക എന്ന ലക്ഷ്യത്തോടെയാണ്. പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ അക്കൗണ്ട് തുറക്കാനായാല്‍ അടുത്ത നിയമസഭ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ ഭരണം ഉറപ്പിക്കാന്‍ എളുപ്പമാകുമെന്നും ബി ജെ പി കണക്കുകൂട്ടുന്നുണ്ട്. അതുകൊണ്ട് തന്നെ പാര്‍മെന്റ് തെരഞ്ഞെടുപ്പില്‍ അക്കൗണ്ട് തുറക്കാനുള്ള പ്രവര്‍ത്തനങ്ങളാവും ഇനിയുണ്ടാകുക.