കുട്ടിക്കള്ളന്‍മാരുടെ ഏഴംഗ സംഘം പിടിയില്‍

Kozhikode

കോഴിക്കോട്: ജില്ലയില്‍ ഉടനീളം നടന്ന വാഹന മോഷണ പരമ്പരയിലുള്‍പ്പെട്ട പ്രായപൂര്‍ത്തിയാവാത്ത കുട്ടികളെ സിറ്റി സ്‌പെഷ്യല്‍ ആക്ഷന്‍ ഗ്രൂപ്പ് പിടികൂടി. ജില്ലയില്‍ ഇരുചക്ര വാഹന മോഷണങ്ങള്‍ വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തില്‍, ജില്ല പോലീസ് മേധാവി ഡിഐ ജി രാജ്പാല്‍ മീണ ഐപി എസിന്റെ നിര്‍ദ്ദേശ പ്രകാരം സ്‌പെഷ്യല്‍ ആക്ഷന്‍ ഗ്രൂപ്പ് വാഹനമോഷണം നടന്ന സ്ഥലങ്ങളിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുകയും അതിലുള്‍പ്പെട്ടവരെപ്പറ്റി അന്വേഷണം നടത്തി വരികയുമായിരുന്നു. മോഷണസംഘത്തിലുള്‍പ്പെട്ടവരെല്ലാം തന്നെ പ്രായപൂര്‍ത്തിയാവാത്തവരാണെന്ന് മനസ്സിലാക്കിയ പോലീസ് രക്ഷിതാക്കളെ വിളിച്ചുവരുത്തുകയും വിവരങ്ങള്‍ ധരിപ്പിക്കുകയും ചെയ്തു.കുട്ടികളെ ചോദ്യം ചെയ്തതില്‍ പ്രധാനമായും സ്‌പ്ലെന്‍ഡര്‍ ബൈക്കുകളായിരുന്നു ഇവര്‍ മോഷണം നടത്തിയിരുന്നത് എന്ന്
കണ്ടെത്തിയിരുന്നു.

ബൈക്ക് ഓടിക്കാനുള്ള അതിയായ ആഗ്രഹം കൊണ്ടും, ലഹരിഉപയോഗിക്കാനും,ആര്‍ഭാടജീവിതത്തിന പണം കണ്ടെത്താനും മറ്റുമാണ് മോഷണം നടത്തുന്നത് എന്നും പോലീസിനോട് ഇവര്‍ പറഞ്ഞു.മോഷ്ടിച്ച ശേഷം ഉടമസ്ഥരും പോലീസും തിരിച്ചറിയാതിരിക്കാന്‍ വാഹനങ്ങള്‍ക്ക് രൂപമാറ്റം വരുത്തുകയും വ്യാജ നമ്പര്‍ പ്ലേറ്റുകള്‍ വെക്കുകയുമാണ് ചെയ്യാറെന്നും മോഷ്ടിച്ച വാഹനങ്ങളില്‍ ചിലത് പൊളിക്കുകയും കുറച്ചു കാലം ഓടിച്ച ശേഷം കുറഞ്ഞ വിലക്ക് മറ്റുള്ളവര്‍ക്ക് വില്‍ക്കാറാണെന്നും ഇവര്‍ പോലീസിനോട് പറഞ്ഞു.

നടക്കാവ്,ബേപ്പൂര്‍,ടൗണ്‍,വെള്ളയില്‍,പന്തീരങ്കാവ് പോലീസ് സ്‌റ്റേഷന്‍ പരിധികളില്‍ നിന്നും മോഷണം നടത്തിയത് ഇവരാണെന്ന് തെളിഞ്ഞിട്ടുണ്ട്. മോഷണം നടത്തിയ നിരവധി വാഹനങ്ങള്‍ പോലീസ് കണ്ടെടുക്കുകയും മറ്റുള്ളവയെ കുറിച്ച് സൂചന ലഭിച്ചതായുംപോലീസ് പറഞ്ഞു.ഇതിലൊരു വാഹനം പൊളിച്ചത് പ്രായപൂര്‍ത്തിയാവത്ത ഒരു കുട്ടിയുടെ വീട്ടില്‍ വെച്ചാണ്. രാത്രികാലങ്ങളില്‍ വീടുവിട്ടിറങ്ങി മോഷ്ടിച്ച വാഹനങ്ങളില്‍ നൈറ്റ് റൈഡിീഗ് നടത്തി മറ്റു വാഹനങ്ങള്‍ മോഷ്ടിക്കുകയും പോലീസിന്റെ കണ്ണില്‍പ്പെട്ടാല്‍ നിര്‍ത്താതെ അമിത വേഗത്തില്‍ ഓടിച്ച് രക്ഷപ്പെടുകയുമാണ് ചെയ്യാറ്.

സമീപകാലങ്ങളിലായി കുട്ടികള്‍ കൂടുതലായി കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും,രക്ഷിതാക്കളോട് ചോദിച്ചതില്‍ കൂടുതല്‍ കുട്ടികളും വീടുകളില്‍ രക്ഷിതാക്കളെ അനുസരിക്കാതെ കറങ്ങി നടക്കുന്നവരാണെന്നും, മിക്കകുട്ടികളും ലഹരി ഉപയോഗിക്കുന്നവരാണെന്നും രക്ഷിതാക്കളോട് നിരന്തരം കലഹിക്കുന്നവരാണെന്നും,ചില കുട്ടികള്‍ കൗണ്‍സിലിംഗിന് വിധേയരായി ക്കൊണ്ടിരിക്കുന്നവരുമാണെന്നും അറിയാന്‍ കഴിഞ്ഞിട്ടുണ്ടെന്നും ഇത്തരം കുട്ടികളെ പ്രത്യേക നിരീക്ഷണം നടത്തി ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും ജില്ല പോലീസ് മേധാവി ഡി.ഐ.ജി രാജ്പാല്‍ മീണ പറഞ്ഞു.

ബേപ്പൂര്‍ പുതിയലത്ത് ക്ഷേത്ര സമീപത്ത് നിര്‍ത്തിയിട്ട ബൈക്ക് , ബീച്ചില്‍ സീക്യൂന്‍ ഹോട്ടലിനു സമീപം നിര്‍ത്തിയിട്ട ബൈക്ക്,ഓപ്പണ്‍ സ്‌റ്റേജിന് സമീപം നിര്‍ത്തിയിട്ട ബൈക്ക്, വെസ്റ്റ് ഹില്‍ കനകാലയ ബാങ്കിന് സമീപം നിര്‍ത്തിയിട്ട ബൈക്ക്, ഹൈലൈറ്റ് മാളിന് സമീപം നിര്‍ത്തിയിട്ട ബൈക്ക്, എന്നിവ ഉള്‍പ്പെടെ നിരവധി വാഹനങ്ങള്‍ പോലീസ് കണ്ടെടുത്തിട്ടുള്ളത്. സ്‌പെഷ്യല്‍ ആക്ഷന്‍ ഗ്രൂപ്പ് സബ്ബ് ഇന്‍സ്‌പെക്ടര്‍ ഒ.മോഹന്‍ദാസ്,ഹാദില്‍ കുന്നുമ്മല്‍,ശ്രീജിത്ത് പടിയാത്ത്,ഷഹീര്‍ പെരുമണ്ണ,സുമേഷ് ആറോളി,എ.കെ അര്‍ജുന്‍, രാകേഷ് ചൈതന്യം എന്നിവരായിരുന്നു അന്വേഷണം നടത്തിയ പോലീസ് ടീമിലുണ്ടായിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *