ബംഗളൂരു: പശുക്കടത്ത് ആരോപിച്ച് യുവാവിനെ അടിച്ചു കൊന്നു. കര്‍ണാടകയിലെ രാമനഗര ജില്ലയിലെ സാത്തന്നൂരിലാണ് സംഭവം. സാത്തന്നൂര്‍ സ്വദേശിയായ ഇദ്രിസ് പാഷയെയാണ് (38) പശുക്കടത്ത് ആരോപിച്ച് മര്‍ദിച്ച് കൊന്നത്. സംഭവത്തില്‍ പശു സംരക്ഷണ സേന പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് കേസെടുത്തു. പശു സംരഷണ സേന പ്രവര്‍ത്തകനായ പുനീത് കാരെഹള്ളിക്കും കൂട്ടാളികള്‍ക്കുമെതിരെയാണ് പൊലീസ് കേസെടുത്തത്.
മാര്‍ച്ച് 31 ന് രാത്രി പശുക്കളെ വണ്ടിയില്‍ കൊണ്ടുപോവുകയായിരുന്ന ഇദ്രിസ് പാഷയെ പുനീത് കാരെഹള്ളിയും സംഘവും വാഹനം തടഞ്ഞു മര്‍ദിക്കുകയായിരുന്നു. പശുക്കളെ അറുക്കാന്‍ കൊണ്ടുപോവുകയാണെന്ന് ആരോപിച്ചായിരുന്നു മര്‍ദനം. പാകിസ്താനിലേക്ക് പോ എന്ന് ആക്രോശിച്ച് ക്രൂരമായി മര്‍ദിച്ച് ഇദ്രിസ് പാഷയെ റോഡില്‍ ഉപേക്ഷിക്കുകയായിരുന്നു. മൃതദേഹം ശനിയാഴ്ച റോഡില്‍ കണ്ടെത്തിയതോടെയാണ് ക്രൂരമായ കൊലപാതകം പുറം ലോകം അറിഞ്ഞത്. പിന്നീട് മൃതദേഹവുമായി ബന്ധുക്കള്‍ സാത്തന്നൂര്‍ പൊലീസ് സ്‌റ്റേഷന് മുന്നില്‍ പ്രതിഷേധിച്ചു. ഇതേതുടര്‍ന്ന് പുനീത് കാരെഹള്ളിക്ക് എതിരെ പൊലീസ് കേസെടുത്തു.