രാമനവമി ആഘോഷത്തിനിടെ ബീഹാറിലണ്ടായ അക്രമസംഭവങ്ങള്‍ ആസൂത്രിതമായ ഗൂഢാലോചന: തേജസ്വി യാദവ്

India

പറ്റ്‌ന: രാമനവമി ആഘോഷത്തിനിടെ സംസ്ഥാനത്തു നടന്ന അക്രമങ്ങളും തുടര്‍ന്നുണ്ടായ സംഘര്‍ഷങ്ങളും വര്‍ഗ്ഗീയകലാപം ആളിക്കത്തിക്കാനുള്ള ആസൂത്രിത ഗൂഢാലോചനയായിരുന്നുവെന്ന് ബീഹാര്‍ ഉപമുഖ്യമന്ത്രി തേജസ്വി യാദവ് ആരോപിച്ചു. ഇതിന്റെ പിന്നിലെ കുറ്റക്കാരെ കണ്ടെത്തി സര്‍ക്കാര്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

‘ഞാന്‍ മുഖ്യമന്ത്രിയെയും ഡി ജി പിയെയും കണ്ടു, ഇതില്‍ ഉള്‍പ്പെട്ടവരെ ഒരു കാരണവശാലും വെറുതെ വിടില്ലെന്ന കാര്യത്തില്‍ തങ്ങള്‍ പ്രതിജ്ഞാബദ്ധരാണന്ന് അദ്ദേഹം പറഞ്ഞു. ‘ചിലര്‍ തുടര്‍ച്ചയായി ബീഹാര്‍ ലക്ഷ്യമിടുന്നതായി ഞങ്ങളും ജനങ്ങളും മനസ്സിലാക്കുന്നുണ്ട്. അതിനു കാരണമെന്താണെന്നും എല്ലാവര്‍ക്കുമറിയാം.

ഒരു മാസം മുമ്പ് ബിഹാറിനെ തമിഴ്‌നാട്ടിലെ ജനങ്ങളുമായി തല്ലിക്കാന്‍ ഒരു ശ്രമം നടന്നിരുന്നു, രണ്ടു മുഖ്യമന്ത്രിമാരേയും തമ്മിലകറ്റാനായിരുന്നു ശ്രമം. അതു വിലപ്പോയില്ല. ഒരു മാസത്തിനു ശേഷം ഇപ്പോള്‍ ഈ കലാപങ്ങള്‍. ജനങ്ങളും സര്‍ക്കാരും ഇത് വെച്ചുപൊറുപ്പിക്കില്ല,’ ഉപമുഖ്യമന്ത്രി പറഞ്ഞു.

ഇന്നലെ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ഉന്നതതല യോഗം ചേര്‍ന്ന് മരിച്ചവരുടെ ബന്ധുക്കള്‍ക്ക് 5 ലക്ഷം രൂപ വീതം അടിയന്തിര നഷ്ടപരിഹാരം പ്രഖ്യാപിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *