ദില്ലി ഓര്‍ഡിനന്‍സും പ്രതിപക്ഷ ഐക്യത്തിന് കാരണമാകുന്നു; കെജ്രിവാളിനെ കണ്ട് പിന്തുണയറിയിച്ച് നീതീഷ് കുമാറും തേജസ്വി യാദവും

India

ദില്ലി കത്ത് / ഡോ.കൈപ്പാറേടന്‍

ദില്ലി സര്‍ക്കാരിന്‍റെ അധികാരം കേന്ദ്ര സര്‍ക്കാരില്‍ നിക്ഷിപ്തമാക്കുന്ന ഓര്‍ഡിനന്‍സും പ്രതിപക്ഷ ഐക്യത്തിന് വളമാകുന്നു. ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറും ഉപമുഖ്യമന്ത്രി തേജസ്വി യാദവും ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ കണ്ട് ഇക്കാര്യത്തില്‍ പിന്തുണയറിയിച്ചു.

ദില്ലിസര്‍ക്കാറിന്‍റെ അധികാരം കവരുന്ന ബില്‍ രാജ്യസഭയില്‍ പാസ്സാവില്ലെന്ന് നേതാക്കള്‍ ഉറപ്പിച്ചു പറഞ്ഞു. വിഷയത്തില്‍ രാജ്യത്തെ പ്രതിപക്ഷ കക്ഷികള്‍ ഒന്നടങ്കം കെജ്രിവാളിനൊപ്പമാണെന്ന് കൂടിക്കാഴ്ച്ചയ്ക്ക് ശേഷം നിതീഷ്‌കുമാറും തേജസ്വിയും വ്യക്തമാക്കി.

ഇരുവരും നല്‍കുന്ന പിന്തുണയില്‍ സന്തോഷമുണ്ടെന്നും ഇരുനേതാക്കളും പറയുന്നതു പോലെ സംഭവിച്ചാല്‍ വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബി ജെ പി സര്‍ക്കാര്‍ വീഴുമെന്ന സന്ദേശം രാജ്യത്തെ ജനങ്ങളില്‍ വ്യാപകമാകുമെന്നും കെജ്രിവാള്‍ പറഞ്ഞു. രാവിലെ ദില്ലി മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിലെത്തിയായിരുന്നു നിതീഷും തേജസ്വിയും കേജരിവാളുമായി കൂടിക്കാഴ്ച്ച നടത്തിയത്.

കേന്ദ്രത്തിന്‍റെ നടപടി വിചിത്രമാണ്, ജനങ്ങള്‍ തെരഞ്ഞെടുത്ത സര്‍ക്കാറുകളുടെ അധികാരങ്ങളില്‍ കൈകടത്താന്‍ കേന്ദ്രത്തിന് എന്ത് അധികാരമെന്നും, വിഷയത്തില്‍ കെജ്രിവാളിനൊപ്പമാണെന്നും കൂടികാഴ്ചയ്ക്ക് ശേഷം നിതീഷും തേജസ്വിയും പറഞ്ഞു.

സുപ്രീം കോടതി വിധി മറികടക്കാന്‍ കേന്ദ്രം ഇറക്കിയ ഓര്‍ഡിനന്‍സിന് 6 ആഴ്ചയാണ് കാലാവധി. ഇത് നിയമമാക്കാനുള്ള ബില്‍ രാജ്യസഭ കടക്കാതിരിക്കാന്‍ ബിജെപി ഇതര സര്‍ക്കാറുകള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ചെന്ന് പിന്തുണ തേടാനാണ് കെജ്രിവാളിന്‍റെ നീക്കം.

മറ്റന്നാള്‍ മമതാ ബാനര്‍ജിയെ കെജരിവാള്‍ കാണും. പ്രതിപക്ഷ സംഗമ വേദിയായ കര്‍ണാടകത്തില്‍ സിദ്ധരാമയ്യ സര്‍ക്കാറിന്‍റെ സത്യപ്രതിജ്ഞയ്ക്ക് പിന്നാലെയാണ് നിതീഷും തേജസ്വിയും കെജ്രിവാളുമായി കൂടിക്കാഴ്ച്ച നടത്തിയത്. കോണ്‍ഗ്രസ്സിന്‍റെ നേതൃത്വത്തിലുള്ള പ്രതിപക്ഷ ഐക്യമെന്ന ആശയത്തോട് ഇടഞ്ഞു നില്‍ക്കുന്ന നേതാക്കളുമായി നിതീഷും തേജസ്വിയും നടത്തിവരുന്ന ചര്‍ച്ചകളുടെ ഭാഗമായിട്ടായിരുന്നു കൂടിക്കാഴ്ച്ച.