കൊച്ചി: ഒരു പൂവിന്റെ കഥ പറയുന്നതുപോലെ ഏറ്റവും ലളിതമായി എന്നാല്‍ സൂക്ഷ്മമായി ഒരുക്കിയിരിക്കുന്ന സിനിമയാണ് ‘പൂക്കാലം’ എന്ന് ഒറ്റവാക്കില്‍ പറയാം. എണ്‍പതുവര്‍ഷത്തെ ദാമ്പത്യബന്ധത്തിലെത്തിയ അപ്പാപ്പനും അമ്മാമ്മയും അവരുടെ മക്കളും മരുമക്കളും കൊച്ചു മക്കളുമൊക്കെ അടങ്ങുന്നൊരു കുടുംബം. അവിചാരിതമായി അവരുടെ ജീവിതത്തില്‍ സംഭവിക്കുന്നൊരു കാര്യവും അതിലൂടെ അവര്‍ പുതിയ തിരിച്ചറിവിലേക്കെത്തുന്നതുമൊക്കെയാണ് സിനിമയുടെ ഇതിവൃത്തം.
ജനനം, വളര്‍ച്ച, വാട്ടം, പൂക്കാലം എന്നീ നാല് അധ്യായങ്ങളായാണ് സിനിമയെ തിരിച്ചിരിക്കുന്നത്. ‘ആനന്ദം’ എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിലൂടെ തന്റെ വരവ് അറിയിച്ച സംവിധായകന്‍ ഗണേഷ് രാജ് തിരക്കഥ എഴുതി സംവിധാനം ചെയ്തിരിക്കുന്ന ‘പൂക്കാലം’ പേരു പോലെ തന്നെ വെള്ളിത്തിരയില്‍ നിന്നും പ്രേക്ഷകരുടെ മനസിലേക്കും ‘പൂക്കാലം’ നിറയ്ക്കുന്നതാണ്.
വില്ലനായും സഹനടനായും കൊമേഡിയനായും ക്യാരക്ടര്‍ റോളുകളിലുമൊക്കെ ശ്രദ്ധേയ വേഷങ്ങളിലെത്തിയിട്ടുള്ള വിജയ രാഘവന്റെ തന്റെ കരിയറിലെ തന്നെ മികച്ച കഥാപാത്രമായി മാറിയിരിക്കുകയാണ് ഇച്ചാപ്പയെന്ന് എല്ലാവരും വിളിക്കുന്ന ഇട്ടൂപ്പിലൂടെ പൂക്കാലത്തില്‍. അദ്ദേഹത്തിന്റെ ഭാര്യ കൊച്ചുത്രേസ്യാമ്മ എന്ന ഇച്ചാമ്മയായി കെപിഎസി ലീലയും പ്രേക്ഷക മനസ് കീഴടക്കുന്നു. ഇവരുടെ സ്‌നേഹം, പിണക്കം, തിരിച്ചറിവ് ഒക്കെയാണ് പൂക്കാലം പറഞ്ഞുവയ്ക്കുന്നത്. വില്ലന്‍ വേഷങ്ങളിലൊക്കെ ഞെട്ടിച്ചിട്ടുള്ള അബു സലീമും ഏറെ വേറിട്ടൊരു കഥാപാത്രമായി ഞെട്ടിച്ചിട്ടുണ്ട്.
നേര്‍ത്തൊരു കഥതന്തുവിനെ ഏറെ രസകരവും ഹൃദ്യവുമായാണ് സംവിധായകന്‍ അവതരിപ്പിച്ചിരിക്കുന്നത്. ഇച്ചാപ്പയുടെയും ഇച്ചാമ്മയുടെയും ജീവിതത്തിലേക്ക് വളരെ റിയലിസ്റ്റിക്കായി ക്യാമറ തിരിച്ചിരിക്കുകയാണ്. സിനിമാറ്റിക്ക് ഫോര്‍മാറ്റിനപ്പുറം വൈകാരികതയിലൂടെ കഥയിലേക്ക് പ്രേക്ഷകരെയും കണക്ട് ചെയ്യുന്നുണ്ട് ഗണേഷ്. വലിയ താരിനിര തന്നൈയാണ് ചിത്രത്തില്‍ അണിനിരന്നിരിക്കുന്നത്. ഓരോ കഥാപാത്രങ്ങളെയും ഏറെ പുതുമയോടും രസകരമായും അവതരിപ്പിക്കാന്‍ കഴിഞ്ഞതില്‍ ഗണേഷ് വിജയിച്ചിട്ടുമുണ്ട്. ബേസില്‍ ജോസഫ് അവതരിപ്പിച്ച ജിക്കുമോന്‍ എന്ന വക്കീലും വിനീത് ശ്രീനിവാസന്റെ പിഎന്‍ രവി എന്ന ജഡ്ജിയുമെല്ലാം സിനിമ കഴിഞ്ഞിറങ്ങുമ്പോള്‍ പ്രേക്ഷകരുടെ കൂടെ പോരും. അന്നു ആന്റണി, സുഹാസിനി മണിരത്‌നം, ജോണി ആന്റണി, അരുണ്‍ കുര്യന്‍, റോഷന്‍ മാത്യു, സരസ ബാലുശേരി, അബു സലീം, ശരത് സഭ, അരിസ്‌റ്റോ സുരേഷ്, രാധ ഗോമതി തുടങ്ങി നിരവധി കഥാപാത്രങ്ങള്‍ തങ്ങള്‍ക്ക് ലഭിച്ച വേഷങ്ങള്‍ മനോഹരമാക്കിയിട്ടുമുണ്ട്.
ഓരോ കഥാപാത്രത്തേയും ആഴത്തില്‍ ഒരുക്കിയതോടൊപ്പം ഹൃദ്യമായ സംഗീതത്തെയും കൃത്യമായി ഓരോ പശ്ചാത്തലത്തില്‍ ഇഴചേര്‍ത്തിരിക്കുന്നതും ശ്രദ്ധേയമാണ്. സച്ചിന്‍ വാര്യരാണ് സംഗീതം ഒരുക്കിയിരിക്കുന്നത്. ഗാനങ്ങള്‍ക്കും വളരെ പ്രാധാന്യമുണ്ട് ചിത്രത്തില്‍. ആനന്ദ് സി ചന്ദ്രന്റെ ക്യാമറയും മിഥുന്‍ മുരളിയുടെ എഡിറ്റിംഗും ചിത്രത്തെ ഏറെ ചലനാത്മകമാക്കുന്നുണ്ട്. റോണക്‌സ് സേവ്യറിന്റെ മേക്കപ്പും സമീറ സനീഷിന്റെ കോസ്റ്റ്യൂം എടുത്തുപറയേണ്ടതാണ്. തീര്‍ച്ചയായും ഒരു പൂവ് എന്ന പ്രതീക്ഷയിലെത്തിയവര്‍ക്ക് പകരം ഒരു പൂക്കാലം തന്നെയാണ് തിയേറ്ററുകളില്‍ നിന്നും ലഭിച്ചിരിക്കുന്നത്.