തിരുവനന്തപുരം: സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡ് ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിച്ച ശാസ്ത്ര ക്വിസ് ബ്രെയിന്‍ ബാറ്റിലില്‍ ഒന്നാം സമ്മാനം നേടി തിരുവനന്തപുരം മടവൂര്‍ ഹൈസ്‌കൂളിലെ ആദിദേവ് പി എസ്, അനന്യ പി എസ് എന്നീ വിദ്യാര്‍ത്ഥികള്‍. ഒരു ലക്ഷം രൂപയാണ് ഒന്നാം സമ്മാന ജേതാക്കള്‍ക്ക് ലഭിച്ചത്. സംസ്ഥാനത്ത് ഏറ്റവും അധികം തുക സമ്മാനമായി നല്‍കുന്ന ക്വിസ് മത്സരമായിരുന്നു ബ്രെയിന്‍ ബാറ്റില്‍. കൊല്ലം ജില്ലയില്‍ ജി എച്ച് എസ് എസ് അയിന്‍കോയിക്കല്‍ നിന്നുള്ള ശിവഹരി വി, കാശിനാഥ് ബി എന്നിവരുടെ ടീമാണ് രണ്ടാം സമ്മാനമായ 50,000 രൂപ നേടിയത്. തിരുവനന്തപുരം ഗണേശം നാടക കളരിയില്‍ നടന്ന ഗ്രാന്‍ഡ്ഫിനാലെ ക്വിസ് മാസ്റ്റര്‍ ജി എസ് പ്രദീപാണ് നയിച്ചത്. 14 ജില്ലകളില്‍ നിന്നുള്ള ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികളാണ് ഗ്രാന്‍ഡ്ഫിനാലയില്‍ മാറ്റുരച്ചത്. വിജയികള്‍ക്ക് നിയമ വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് സമ്മാനങ്ങള്‍ നല്‍കി. സത്യമേത് മിഥ്യയേത് എന്ന് തിരിച്ചറിയാന്‍ കഴിയാത്ത രീതിയില്‍ ചരിത്ര നിര്‍മ്മിതികള്‍ രാജ്യത്ത് നടക്കുകയാണെന്ന് മന്ത്രി പി രാജീവ് പറഞ്ഞു. അതുകൊണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് കൃത്യമായ ശാസ്ത്ര ചരിത്രാവബോധം സൃഷ്ടിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നും മന്ത്രി അഭിപ്രായപ്പെട്ടു. എ എ റഹീം എംപി ചടങ്ങില്‍ മുഖ്യാതിഥിയായിരുന്നു.
വിവിധ ഘട്ടങ്ങളിലായി സംസ്ഥാനത്തുടനീളം നടന്ന ബ്രെയിന്‍ ബാറ്റില്‍ ക്വിസ് മത്സരത്തില്‍ 5000ത്തിലധികം സ്‌കൂള്‍ വിദ്യാര്‍ഥികളാണ് പങ്കെടുത്തത്. യുവജന ക്ഷേമ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ എസ് സതീഷ് ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. യുവജനക്ഷേമ ബോര്‍ഡ് കൊല്ലം, കോഴിക്കോട് ജില്ലകളില്‍ സംഘടിപ്പിച്ച സംസ്ഥാനതല യുവസാഹിത്യ ക്വാമ്പില്‍ പങ്കെടുത്ത യുവ പ്രതിഭകളുടെ സാഹിത്യ സൃഷ്ടികള്‍ ഉള്‍പ്പെടുത്തി യുവജനക്ഷേമ ബോര്‍ഡിനുവേണ്ടി ചിന്ത പബ്ലിക്കേഷന്‍സ് പുറത്തിറക്കിയ ‘പുതുവഴികള്‍ ‘ എന്ന പുസ്തകത്തിന്റെ പ്രകാശനവും ചടങ്ങില്‍ രാജ്യസഭാ എം. പി. എ. എ. റഹീം നിര്‍വ്വഹിച്ചു. മികച്ച കതിര്‍ കാര്‍ഷിക ക്ലബ്ബുകള്‍ക്കുള്ള സമ്മാനവും ചടങ്ങില്‍ വിതരണം ചെയ്തു. യുവജന ക്ഷേമ ബോര്‍ഡ് അംഗം എസ് കവിത ചടങ്ങിന് സ്വാഗതവും സെക്രട്ടറി ഡി പ്രസന്നകുമാര്‍ കൃതജ്ഞതയും രേഖപ്പെടുത്തി. ചടങ്ങില്‍ ബോര്‍ഡ് അംഗങ്ങള്‍ വി. കെ സനോജ്, സന്തോഷ് കാല തുടങ്ങിയവരും പങ്കെടുത്തു.