തിരുവനന്തപുരം: കേരള സന്ദര്‍ശനത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദിയെത്തുന്ന ദിവസം ബദല്‍ റാലി സംഘടിപ്പിക്കാന്‍ സി പി എം ഒരുങ്ങുന്നു. മോദി പങ്കെടുക്കുന്ന യുവജന സമ്മേളനത്തെ രാഷ്ട്രീയമായി പ്രതിരോധിക്കുകയെന്ന ലക്ഷ്യത്തോടെയാണ് പ്രധാനമന്ത്രിയുടെ സമ്മേളനത്തിന് മുന്നോടിയായി തിരുവനന്തപുരത്ത് വമ്പന്‍ റാലി നടത്താന്‍ ഒരുങ്ങുന്നത്. പോഷക സംഘടനയായ ഡി വൈ എഫ് ഐയുടെ ബാനറിലായിരുന്നും റാലി സംഘടിപ്പിക്കുക. മുഖ്യമന്ത്രി പിണറായി വിജയനായിരിക്കും റാലിയുടെ ഉദ്ഘാടകന്‍. മുതിര്‍ന്ന നേതാക്കളും പങ്കെടുക്കും.
മോദി പങ്കെടുക്കുന്ന ‘യുവം 2023’ മെഗാ യൂത്ത് കോണ്‍ക്ലേവ് 24ന് തേവര എസ് എച്ച് കോളെജ് ഗ്രൗണ്ടിലാണ് നടക്കുന്നത്. നേരത്തെ 25ന് നടത്താനായിരുന്നു തീരുമാനിച്ചിരുന്നതെങ്കിലും പിന്നീടത് ഒരു ദിവസം നേരത്തെ ആക്കുകയായിരുന്നു. ഈ സമ്മേളനത്തില്‍ ക്രിക്കറ്റര്‍ രവീന്ദ്ര ജഡേജ, കന്നഡ സൂപ്പര്‍ താരം യാഷ്, അനില്‍ ആന്റണി എന്നിവര്‍ പങ്കെടുക്കുമെന്നാണ് അറിയുന്നത്.
പ്രധാനമന്ത്രി വൈകിട്ട് 5ന് പ്രത്യേക വിമാനത്തില്‍ കൊച്ചി നാവികസേനാ വിമാനത്താവളത്തില്‍ എത്തും.
പിന്നാലെ തേവര ജംഗ് ഷനില്‍ നിന്നു റോഡ് ഷോയായി എസ് എച്ച് കോളജിലെത്തും. പതിനായിരത്തോളം പേരെ റോഡ് ഷോയില്‍ പങ്കെടുപ്പിക്കും.