കോഴിക്കോട്: അക്കൗണ്ട് മരവിപ്പിക്കുന്ന ബാങ്കുകളുടെ നടപടിക്കെതിരെ റിസര്‍വ് ബാങ്കിനെ സമീപിച്ചു. നടപടി ക്രമങ്ങള്‍ പാലിക്കാതെയുള്ള അക്കൗണ്ട് മരവിപ്പിക്കല്‍ വ്യാപകമായതിനെ തുടര്‍ന്നാണ് പരാതി. നിയമ വിരുദ്ധവും ഭരണഘടനാ അവകാശങ്ങളുടെ ലംഘനവുമാണെന്ന് കാണിച്ചാണ് കോഴിക്കോട് സ്വദേശികള്‍ പരാതി നല്‍കിയത്. അക്കൗണ്ട് മരവിപ്പിക്കല്‍ നീക്കാന്‍ ബാങ്കുകള്‍ക്ക് നിര്‍ദേശം നല്‍കണമെന്നും പരാതിയിലുണ്ട്.
ഫെഡറല്‍ ബാങ്കില്‍ അക്കൗണ്ടുള്ള അഷ്ഫാഖ് അഹമ്മദ്, മുഹമ്മദ് ജസീര്‍, അഖില്‍ മന്‍സൂര്‍, കേരള ഗ്രാമീണ്‍ ബാങ്കില്‍ അക്കൗണ്ടുള്ള മൊയ്തിന്, ഐ.സി.ഐ.സി.ഐയില്‍ അക്കൗണ്ടുള്ള ഫോഴ്സാ എന്ന പാര്‍ട്ടണര്‍ഷിപ്പ് ഗ്രൂപ്പുമാണ് റിസര്‍വ് ബാങ്കിന് പരാതി നല്‍കിയത്. പരാതിയുടെ അടിസ്ഥാനത്തില്‍ മാത്രം ബാങ്ക് അക്കൗണ്ട് മരവിപ്പിക്കാനാവില്ല. ഉപഭോക്താക്കളെ അറിയിക്കാതെ നടപടിക്രമങ്ങള്‍ പാലിക്കാതെ അക്കൗണ്ട് മരവിപ്പിക്കുന്നത് നിയമപരവും ഭരണഘടനാ പരവുമായി അവകാശം ലഘിക്കുന്നതാണെന്ന് പരാതിയില്‍ പറയുന്നു. ഭരണഘടനയുടെ 14,21 എന്നീ അനുഛേദങ്ങളുടെ ലംഘനമാണ് ബാങ്ക് നടപടിയെന്നാണ് പരാതിക്കാര്‍ ആരോപിക്കുന്നത്. സി ആര് പി സി 102 വകുപ്പ് പ്രകാരമാണ് ബാങ്ക് അക്കൗണ്ട് മരവിപ്പിക്കാന്‍ കഴിയുന്നത്. എന്നാല്‍ ഇത് നടപ്പാക്കുന്നത് സംബന്ധിച്ച സുപ്രിം കോടതിയും വിവിധ ഹൈക്കോടതികളും നല്കിയ മാര്‍ഗനിര്‍ദേശങ്ങള്‍ക്ക് വിരുദ്ധമാണ് ബാങ്കുകളുടെ ഇപ്പോഴത്തെ നടപടിളെന്നാണ് പരാതിക്കാര്‍ ഉയര്‍ത്തുന്ന പ്രധാന വിമര്‍ശനം.