അഷറഫ് ചേരാപുരം
ദുബൈ: യു.എ.ഇയുടെ ചാന്ദ്രപേടകം ഈ മാസം 25ന് ചന്ദ്രനിലിറങ്ങും. ജാപ്പനീസ് വാഹനമായ ഹകുട്ടോആര്‍ മിഷന്‍ 1 ലൂണാര്‍ ലാന്‍ഡറിലുള്ള റാഷിദ് റോവറാണ് 2023 ഏപ്രില്‍ 25 ന് യു.എ.ഇ സമയം രാത്രി 8:40ന് ചന്ദ്രനില്‍ ഇറങ്ങുകയെന്ന് മുഹമ്മദ് ബിന്‍ റാഷിദ് സ്‌പേസ് സെന്റര്‍ (എം.ബി.ആര്‍.എസ്) അറിയിച്ചു. പ്രവര്‍ത്തന സാഹചര്യങ്ങളെ ആശ്രയിച്ച് ലാന്‍ഡിംഗ് തീയതിയില്‍ മാറ്റം വന്നേക്കാമെന്നും അധികൃതര്‍ അറിയിച്ചു. റാഷിദ് റോവര്‍ നിലവില്‍ ചന്ദ്രനെ പ്രദക്ഷിണം ചെയ്തുകൊണ്ടിരിക്കയാണ്. ഏപ്രില്‍ 25 ന് വൈകുന്നേരം 7:40ന് റാഷിദ് റോവര്‍ വഹിക്കുന്ന ലാന്‍ഡര്‍ ലാന്‍ഡിംഗ് പ്രക്രിയ ആരംഭിക്കുന്നതിന് മുമ്പ് ചന്ദ്രനുചുറ്റും 100 കിലോമീറ്റര്‍ വൃത്താകൃതിയിലുള്ള ഭ്രമണപഥത്തിലെത്തും. ഏതെങ്കിലും തരത്തിലുള്ള സാങ്കേതിക പ്രശ്‌നങ്ങള്‍ ഉണ്ടാവുകയാണെങ്കില്‍ അടുത്ത ലാന്‍ഡിംഗിനായി ഏപ്രില്‍ 26, മെയ് 1, 3 എന്നിങ്ങനെ മൂന്ന് ബദല്‍ ലാന്‍ഡിംഗ് തീയതികളും തീരുമാനിച്ചിട്ടുണ്ടെന്ന് സ്‌പേസ് സെന്റര്‍ അറിയിച്ചു. ലാന്‍ഡിംഗ് പ്രക്രിയ ഏകദേശം ഒരു മണിക്കൂര്‍ എടുക്കും. ഉദ്യമം വിജയിക്കുകയാണെങ്കില്‍ ചന്ദ്രനില്‍ വാഹനം ഇറക്കുന്ന ആദ്യത്തെ അറബ് രാജ്യമായി ഇതോടെ യു.എ.ഇ മാറും.