തിരുവനന്തപുരം: പിണറായി വിജയന്‍ മുഖ്യമന്ത്രിയായതിനു ശേഷം ക്ലിഫ് ഹൗസിലെ നീന്തല്‍കുളത്തിനായി ഇതുവരെ ചെലവഴിച്ചത് 38. 47 ലക്ഷം രൂപ. മുഖ്യമന്ത്രിക്കും കുടുംബത്തിനും നീന്തിക്കുളിക്കുന്നതിനായി ഏഴ് വര്‍ഷ കാലയളവിലാണ് ഇത്രയും തുക ചെലവഴിച്ചിരിക്കുന്നത്. ഈ കുളം വീണ്ടും നവീകരിക്കുന്നതിന് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് വീണ്ടും പണം അനുവദിച്ചിരിക്കുകയാണ്. 3.84 ലക്ഷം രൂപയാണ് അനുവദിച്ചത്. ഊരാളുങ്കല്‍ സൊസൈറ്റിക്കാണ് പണം നല്‍കിയിരിക്കുന്നത്.
കുളം നവീകരിച്ചെടുക്കാന്‍ ചെലവ് 18, 06, 789 രൂപയായി. മേല്‍ക്കൂര പുതുക്കാനും പ്ലാന്റ് റൂം നന്നാക്കാനും 7,92,433 രൂപയായി. കൂടാതെ വാര്‍ഷിക അറ്റകുറ്റ പണികള്‍ക്ക് രണ്ട് തവണയായി ആറ് ലക്ഷത്തോളം രൂപയും ചെലവിട്ടു എന്നാണ് കഴിഞ്ഞ വര്‍ഷം അവസാനം പുറത്ത് വന്ന രേഖകള്‍ തെളിയിക്കുന്നത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് നിര്‍മിച്ചതും നാശാവസ്ഥയിലുമായ നീന്തല്‍ കുളമാണ് നന്നാക്കിയെടുത്തതെന്നാണ് ടൂറിസം ഡയറക്ടറേറ്റ് നല്‍കിയ വിവരാവകാശ മറുപടിയില്‍ അന്ന് പറഞ്ഞിരുന്നത്.
പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന 2016 മെയ് മുതല്‍ 2022 നവംബര്‍ 14 വരെയുള്ള കാലയളവില്‍ നീന്തല്‍ക്കുളം നവീകരിക്കാനായി 31,92, 360 രൂപ ചെലവഴിച്ചതായി നേരത്തെ വിവരാവകാശ രേഖ പുറത്തുവന്നിരുന്നു.
കെ കരുണാകരന്‍ മുഖ്യമന്ത്രിയായിരിക്കെയാണ് ക്ലിഫ് ഹൗസില്‍ നീന്തല്‍ കുളം നിര്‍മ്മിച്ചത്. 1992 ജൂലായില്‍ ഉണ്ടായ വാഹനാപകടത്തില്‍ പരുക്കേറ്റതിനെ തുടര്‍ന്ന് ചികിത്സയുടെ ഭാഗമായുള്ള വ്യായാമത്തിന് വേണ്ടിയായിരുന്നു ഔദ്യോഗിക വസതിയില്‍ത്തന്നെ നീന്തല്‍ക്കുളം നിര്‍മിച്ചത്. പിന്നീട് ഉപയോഗ ശൂന്യമായി പോയ നീന്തല്‍ കുളം 2017ലാണ് വലിയ തോതില്‍ നവീകരിച്ചത്. ഈ തീരുമാനം മുതല്‍ വിവാദങ്ങളുടെ വേദി കൂടിയായിരുന്നു നീന്തല്‍ കുളം. കരുണാകരന്റെ കാലത്ത് നീന്തല്‍ കുളം നിര്‍മ്മിച്ചതിനെ ശക്തമായി എതിര്‍ത്തിരുന്ന സി പി എം ഭരിക്കുമ്പോഴാണ് ഇപ്പോള്‍ വര്‍ഷംതോറും ലക്ഷങ്ങള്‍ നീന്തല്‍ കുളത്തിനായി ചെലവഴിക്കുന്നത്.