എം കെ രാമദാസ്
ജയ്പൂര്‍: ടിക്കാറാം മീണയെ ഓര്‍മ്മയില്ലേ? സംസ്ഥാനത്തെ മുഖ്യ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായിരിക്കെ രാഷ്ടീയ നേതാക്കളുമായി പരസ്യമായി കൊമ്പുകോര്‍ക്കുകയും നിത്യേന പ്രധാനവാര്‍ത്തകളില്‍ ഇടംപിടിക്കുകയും ചെയ്ത മുതിര്‍ന്ന സിവില്‍ സര്‍വ്വീസ്‌കാരനായ മീണയെ ? രാജ്യത്തെ മറ്റിടങ്ങളില്‍ നിന്ന് വ്യത്യസ്തമായി രാഷ്ട്രീയ അതിപ്രസരമുള്ള പൊതുസമൂഹത്തെ അലോസരപ്പെടുത്തിയ ‘ഐ ആം ദ് ബോസ് ‘ പ്രയോഗം ഏറെ ചര്‍ച്ചയായതും കേരളീയര്‍ മറക്കില്ല.
സര്‍വ്വീസില്‍ നിന്ന് വിരമിച്ച് ജന്മനാടായ രാജസ്ഥാനിലെ പുരജോലന്ദയില്‍ പുതിയ ദൗത്യത്തിനുള്ള ഒരുക്കത്തിലാണ് അദ്ദേഹം. ആസന്നമായ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള തീരുമാനമാണ് അദ്ദേഹത്തെ ഇപ്പോള്‍ ശ്രദ്ധേയനാക്കുന്നത്. തെരഞ്ഞെടുപ്പ് നടത്തിപ്പുകാരന്‍ എന്നതില്‍ നിന്ന് മത്സരാര്‍ത്തിയെന്ന മാറ്റത്തെ ജീവിത നിയോഗം എന്ന നിലയിലാണ് അദ്ദേഹം കാണുന്നത്.
കേരളത്തിലെ മുന്നണിരാഷ്ടീയം ഹിന്ദി ഹൃദയഭൂവില്‍ പ്രസക്തമല്ലെങ്കിലും ഭരണകക്ഷിയായ കോണ്‍ഗ്രസും ഭാരതീയ ജനതാ പാര്‍ട്ടിയും തമ്മിലാണ് രാജസ്ഥാനില്‍ പോരാട്ടം. ഇവിടെ തെരഞ്ഞെടുപ്പ് ഫലം നിര്‍ണ്ണയിക്കുന്നത് സമുദായ സംഘടനകളാണ്. ഈ പ്രാധാന്യം മനസ്സിലാക്കിയാണ് കക്ഷികള്‍ സ്ഥാനാര്‍ത്ഥികളെ നിശ്ചയിക്കുന്നത്.
മീണ സമുദായത്തിന് മുന്‍തൂക്കമുള്ള പുര ജോലന്ദയില്‍ ടിക്കാറാം ആദ്യയങ്കത്തിനിറങ്ങുമെന്ന് ഏതാണ്ട് ഉറപ്പായിട്ടുണ്ട്. ബാനര്‍ ഏതെന്ന് നിശ്ചയിച്ചിട്ടില്ലെന്ന് മാത്രം. സ്വന്തം ടിക്കാറാം ബി ജെ പിയോ കോണ്‍ഗ്രസ്സോ എന്നേ ഇനി പുരജോലന്ദക്കാര്‍ക്ക് അറിയേണ്ടതുള്ളു. രണ്ടായാലും തങ്ങള്‍ റെഡിയെന്ന് അദ്ദേഹത്തിന്റെ അയല്‍ക്കാരന്‍ ദാദ പറഞ്ഞു. ‘ടിക്കാറാമിനെ ആദരിക്കുന്നതിനായി ഏതാണ്ട് അഞ്ച് മാസം മുമ്പ് ഇവിടെ നടത്തിയ പരിപാടിയില്‍ ആയിരങ്ങളാണ് പങ്കെടുത്തത്. ഗ്രാമത്തിന്റെ ഉത്സവമായിരുന്നു അത്. ഞങ്ങളിലൊരാളാണ് അദ്ദേഹം. ദീദിമാര്‍ ടിക്കാറാമിനെ അനുഗ്രഹിക്കാനായി തെരക്കുകൂട്ടി. അദ്ദേഹത്തെപ്പോലെ വിശ്വം ജയിച്ചവരാവണം തങ്ങളുടെ കുഞ്ഞുങ്ങളെന്ന് അവര്‍ ആഗ്രഹിക്കുന്നു’. ദാദ പറഞ്ഞു.
ഡി സി ബുക്സ് പ്രസിദ്ധീകരിച്ച ടിക്കാറാം മീണ ഐ എ എസിന്‍റെ ആത്മ കഥയുടെ കവര്‍ പേജ്
ഭരണകക്ഷിയായ കോണ്‍ഗ്രസ്സിലെ പിണക്കം മുതലെടുത്ത് അധികാരത്തിലെത്താമെന്ന് വിശ്വസിക്കുന്ന ബി ജെ പിയാണ് ടിക്കാറാമിനെ ആദ്യം സമീപിക്കുന്നത്. മത്സരം സംബന്ധിച്ച ദീര്‍ഘചര്‍ച്ചകള്‍ നടന്നതുമാണ്. എന്നാല്‍ തെരഞ്ഞെടുപ്പ് അടുത്തതോടെ കോണ്‍ഗ്രസ്സുമായാണ് കൂടുതല്‍ അടുപ്പം. കോണ്‍ഗ്രസിന്റെ ദേശീയ സംഘടനാ സെക്രട്ടറി കെ സി വേണുഗോപാലുമായി സംസാരിച്ചിട്ടുണ്ടെന്ന് ടിക്കാറാം മിണ വെളിപ്പെടുത്തി.
‘ചില സ്വകാര്യാവശ്യങ്ങള്‍ക്ക് വേണ്ടിയാണ് ജയ്പൂരിലെ താല്‍കാലിക വസതിയില്‍ താമസിക്കുന്നത്. ഇവിടെ ഇപ്പോള്‍ ഉഷ്ണമാണ്. മഴയൊന്നും പെയ്തിട്ടില്ല. കഴിഞ്ഞ സീസണില്‍ നല്ല വിളവും വിലയും കിട്ടിയതു കര്‍ഷകര്‍ക്ക് ആശ്വാസമായി. എനിക്കും ജ്യേഷ്ഠന്മാര്‍ക്കും മെച്ചപ്പെട്ട വരുമാനം ലഭിച്ചു. മുപ്പത് വര്‍ഷത്തിനിടയിലെ മികച്ച വിലയും വിളവുമാണ് കടുക് കൃഷിയിലൂടെ കര്‍ഷകര്‍ക്ക് കിട്ടിയത്. ചില കര്‍ഷകരെല്ലാം ഉല്പന്നങ്ങള്‍ ഗോഡൗണുകളില്‍ സൂക്ഷിച്ചിട്ടുമുണ്ട്’.
തെരഞ്ഞെടുപ്പെന്ന ചോദ്യം തുടങ്ങുന്നതിന്ന് മുന്നേ ടിക്കാറാം ആരംഭിച്ചു.’മത്സരിക്കാമെന്ന് എല്ലാവരെയും അറിയിച്ചിട്ടുണ്ട്. സീറ്റിനു വേണ്ടി യാചിക്കുകയൊന്നുമില്ല. സര്‍വീസ് കാലത്ത് നിഷ്പക്ഷനായിരിക്കാന്‍ എനിക്ക് കഴിഞ്ഞിട്ടുണ്ട്. ഇതെല്ലാവരും അംഗീകരിക്കുന്നുണ്ട്. നോക്കാം എന്താണെന്ന് കാത്തിരുന്നു കാണാം’. അദ്ദേഹം പറഞ്ഞവസാനിപ്പിച്ചു.
രാജ്യത്തേറ്റവും കൂടുതല്‍ പേരയ്ക്ക വിളയിക്കുന്ന രാജസ്ഥാനിലെ ഒരു ജില്ലയാണ് സവായ് മധേപൂര്‍. കിഴക്കന്‍ രാജസ്ഥാനിലെ ഈ ജില്ലയുടെ ഭാഗമാണ് പുര ജോലന്ദയും ഖിര്‍ണിയുമെല്ലാം. വിശാലമായ പേരയ്ക്ക തോട്ടങ്ങളാണ് ഇവിടുത്തെ ഗ്രാമങ്ങളുടെ മുഖമുദ്ര. ഗ്രാമപാതയില്‍ നിന്ന് കയ്യെത്തിച്ചാല്‍ സ്വാദുള്ള പേരയ്ക്ക കിട്ടും. രാജ്യത്തുപയോഗിക്കുന്ന പേരയ്ക്കയുടെ പകുതിയോളം സവായ് മധേപൂരിന്റെ സംഭാവയാണ്. ഈ മധുവൂറും ഫല സമാനമാണ് മലയാളികള്‍ക്ക് ടിക്കാറാമിന്റെ ഇലക്ഷന്‍ സ്വപ്നവും.