റിപ്പോര്‍ട്ടര്‍ ചാനലിന്‍റെ ഓഹരി കൈമാറ്റം കേന്ദ്ര ആഭ്യന്തര മന്ത്രാലയം തടഞ്ഞു

India

ന്യൂദല്‍ഹി: റിപ്പോര്‍ട്ടര്‍ ചാനലിന്റെ ഓഹരി കൈമാറ്റം കേന്ദ്ര ആഭ്യന്തര മന്ത്രാലയം തടഞ്ഞു. പുതിയ നിക്ഷേപത്തിന്റെ അടിസ്ഥാനത്തില്‍ പുതിയ മുഖത്തോടെ എത്തിയ റിപ്പോര്‍ട്ടര്‍ ടി വിക്ക് കേന്ദ്രത്തിന്റെ നടപടി തിരിച്ചടിയായി. ചാനലിലേക്ക് അനധികൃമായി പണമെത്തിയെന്നാണ് ആഭ്യന്തര മന്ത്രാലയം പറയുന്നത്. ചാനല്‍ രാജ്യസുരക്ഷയ്ക്ക് ഭീഷണിയാണെന്ന് ആഭ്യന്തര മന്ത്രാലയം കേന്ദ്ര ഐ & ബിക്ക് റിപ്പോര്‍ട്ട് നല്‍കിയതായും പറയുന്നുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി.

രാജ്യസുരക്ഷയെ ബാധിക്കുന്ന സംഭവമായതിനാലാണ് ഓഹരി കൈമാറ്റം അനുവദിക്കാത്തത്. റിപ്പോര്‍ട്ടര്‍ ടി വിയുടെ ഓഹരികള്‍ കൈവശം വെച്ചിരിക്കുന്ന എല്ലാവരുടെയും അക്കൗണ്ടുകള്‍ പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്നും റിപ്പോര്‍ട്ടുണ്ട്.

റിപ്പോര്‍ട്ടര്‍ ചാനല്‍ എം ഡിയായിരുന്ന എം വി നികേഷ് കുമാറിന്റെ അപേക്ഷ തള്ളിയാണ് ആഭ്യന്തരമന്ത്രാലം ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ചാനല്‍ ഓഹരികള്‍ കെ ജെ ജോസ്, വി വി സാജു എന്നിവരുടെ പേരിലേക്ക് മാറ്റാനായാണ് നികേഷ് കുമാര്‍ അപേക്ഷ നല്‍കിയിരുന്നത്. എന്നാല്‍ നിരോധിത സംഘടനയില്‍ നിന്നും റിപ്പോര്‍ട്ടര്‍ കോടികള്‍ സ്വീകരിച്ചുവെന്ന് ആഭ്യന്തര മന്ത്രാലയം കണ്ടെത്തിയെന്നാണ് ജന്മഭൂമിയും ന്യൂസ് 18 കേരളയും റിപ്പോര്‍ട്ട് ചെയ്യുന്നത്.

റിപ്പോര്‍ട്ടര്‍ ചാനല്‍ ഉടമസ്ഥത സംബന്ധിച്ച് വിവിധ കോടതികളില്‍ കേസ് നടക്കുന്നുണ്ട്. ചാനലിന്റെ തുടക്കത്തില്‍ പണം മുടക്കിയ ലാലി ജോസഫാണ് നികേഷ് കുമാറിനെതിരെ വിവിധ കോടതികളില്‍ പരാതി നല്‍കിയത്. നികേഷ് കുമാര്‍ ക്രിമിനല്‍ ഗൂഢാലോചന നടത്തി വ്യാജ രേഖകള്‍ ചമച്ചെന്നും ഷെയര്‍ അലോട്‌മെന്റില്‍ തിരിമറി നടത്തി കൃത്രിമ പണമിടപാടുകള്‍ നടത്തിയെന്നും ഇയാളുടെ പരാതിയില്‍ പറയുന്നുണ്ട്. ഭൂരിപക്ഷം ഓഹരികള്‍ നികേഷ് തട്ടിയെടുക്കുകയായിരുന്നുവെന്നാണ് ലാലി ഉന്നയിച്ചിരിക്കുന്ന പരാതിയിലുള്ളത്. ഇതില്‍ ലാലിയുടെ വാദങ്ങള്‍ അംഗീകരിച്ച് അന്തിമ വിധി വരാനിരിക്കെയാണ് തിടുക്കപ്പെട്ട് റിപ്പോര്‍ട്ടര്‍ ചാനല്‍ നികേഷ് കുമാര്‍ അഗസ്റ്റിന്‍ സഹോദരന്‍മാര്‍ക്ക് കൈമാറ്റം ചെയ്തത്.

ചാനലിന്റെ എല്ലാ ഓഹരികളും ഏറ്റെടുക്കാന്‍ തയ്യാറാണെന്ന് നേരത്തെ തന്നെ ലാലി ജോസഫ് അറിയിച്ചിരുന്നു. ഇക്കാര്യം വ്യക്തമാക്കി 2019 ലും 2023 ലും ലാലി രേഖമൂലം അപേക്ഷ നല്‍കിയിരുന്നു. ഇതു പരിഗണിക്കാതെയാണ് നികേഷ് കുമാര്‍ അഗസ്റ്റിന്‍ സഹോദരന്‍മാര്‍ക്ക് ചാനല്‍ കൈമാറിയത്. അടുത്തിടെ നികേഷ് കുമാറിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ആഭ്യന്തര മന്ത്രാലയവും നിലപാട് കര്‍ശനമാക്കിയിരിക്കുന്നത്.