തീ പിടുത്തത്തില്‍ മരിച്ച തമിഴ്‌നാട്ടുകാരുടെ ബന്ധുക്കള്‍ക്ക് സ്റ്റാലിന്‍റെ ധനസഹായം; കുടിയിരിപ്പിനായി കാത്തു നില്‍ക്കാതെ റിജേഷും ജിഷിയും വിടവാങ്ങി

Gulf News GCC

ദുബൈ: യു.എ ഇയിലെ ദുബൈയില്‍ താമസസ്ഥലത്തെ തീ പിടിത്തത്തില്‍ മരിച്ച് തമിഴ്‌നാട് സ്വദേശികളുടെ കുടുംബത്തിന് ആശ്വാസ ധനം പ്രഖ്യാപിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി. ശനിയാഴ്ച ദുബൈ നൈഫിലെ കെട്ടിടത്തിലുണ്ടായ തീപിടിത്തത്തില്‍ ഇമാം കാസിം (43), എസ്. മുഹമ്മദ് റഫീഖ് (49) എന്നിവരടക്കം 16 പേരാണ് മരിച്ചത്. മറ്റുള്ളവരെ രക്ഷിക്കാനുള്ള ശ്രമത്തിലാണ് കെട്ടിടത്തിന്റെ വാച്ചര്‍മാരായ ഇരുവരും മരിച്ചത്. മരിച്ച രണ്ട് തമിഴ്‌നാട്ടുകാരുടെ ബന്ധുക്കള്‍ക്ക് തമിഴ്‌നാട് സര്‍ക്കാര്‍ പത്തു ലക്ഷം രൂപ വീതമാണ് നഷ്ടപരിഹാരം പ്രഖ്യാപിച്ചത്. ഇരുവരും ശനിയാഴ്ച താമസസ്ഥലത്തുണ്ടായ തീപിടുത്തത്തില്‍ മരിച്ചുവെന്ന വാര്‍ത്ത കേട്ടതില്‍ തനിക്ക് അതിയായ ദുഃഖമുണ്ടെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എം. കെ സ്റ്റാലിന്‍ പ്രസ്താവനയില്‍ പറഞ്ഞു.

തീപിടുത്തത്തില്‍ മരിച്ച മലപ്പുറം കണ്ണമംഗലം ചേരൂര്‍ സ്വദേശി റിജേഷിന്റെയും ഭാര്യ ജിഷിന്റെയും മൃതദേഹങ്ങള്‍ ഇന്നലെ നാട്ടിലെത്തിച്ചു. ഇവരുടെ പണിതീരാറായ വീട്ടില്‍ ഗൃഹപ്രവേശനത്തിന് മുന്നോടിയായുള്ള അവസാനഘട്ട നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കവെയാണ് ചേതനയറ്റ ശരീരങ്ങള്‍ ഈ വീട്ടിലെത്തിയത്. പതിനൊന്ന് വര്‍ഷം മുമ്പ് വിവാഹിതരായ റിജേഷിനും ജിഷിക്കും മക്കളില്ല. ദേരയില്‍ ഡ്രീംലൈന്‍ ട്രാവല്‍ ഏജന്‍സി എന്ന സ്ഥാപനം നടത്തിവരികയായിരുന്നു റിജേഷ്. വുഡ്‌ലം പാര്‍ക്ക് സ്‌കൂളില്‍ കഴിഞ്ഞ മാസം ജോലിയില്‍ പ്രവേശിച്ച ജിഷി നേരത്തെ അഞ്ച് വര്‍ഷത്തോളം ദുബൈ ക്രസന്റ് സ്‌കൂളില്‍ അധ്യാപികയായിരുന്നു.