ജെ ഡി യു കേരള ഘടകത്തില്‍ പ്രതിസന്ധി രൂക്ഷം; കോട്ടയത്തിന് പിന്നാലെ ഇടുക്കി ജില്ലാകമ്മിറ്റിയും ആര്‍ ജെ ഡിയില്‍ ലയിച്ചു

News

തിരുവനന്തപുരം: ജെ ഡി യു സംസ്ഥാന പ്രസിഡന്റിനെതിരെയുള്ള കലഹം പാര്‍ട്ടിയില്‍ രൂക്ഷമാകുന്നു. പ്രസിഡന്റിന്റെ ഏകാധിപത്യത്തില്‍ പ്രതിഷേധിച്ച് കോട്ടയത്തിനു പിന്നാലെ ഇടുക്കി ജില്ലാക്കമ്മറ്റിയും ഒന്നടങ്കം പാര്‍ട്ടിയില്‍ നിന്നു രാജി വെച്ച് ആര്‍ ജെ ഡിയില്‍ ലയിച്ചു.

സംസ്ഥാന പ്രസിഡന്റിന്റെ ഏകാധിപത്യ പ്രവണതകളില്‍ പ്രതിഷേധിച്ച് തങ്ങളും തങ്ങളോടൊപ്പം ഇടുക്കി ജില്ലാക്കമ്മറ്റി ഒന്നാകെയും പാര്‍ട്ടിയില്‍ നിന്നു രാജി വെച്ച് ആര്‍ ജെ ഡിയില്‍ ലയിക്കാന്‍ തീരുമാനിച്ചതായി സംസ്ഥാനക്കമ്മറ്റിയംഗങ്ങളായ തോമസ് സ്റ്റീഫന്‍, സിബി ജോണ്‍, ബിനു രാമപുരം, ജില്ലാ പ്രസിഡന്റ് ബിറ്റാജ് ജോസഫ് എന്നിവര്‍ അറിയിച്ചു.

ജനതാ പരിവാറില്‍പ്പെട്ട ചെറുതും വലുതുമായ എല്ലാ പാര്‍ട്ടികളും യോജിച്ചു പ്രവര്‍ത്തിക്കണമെന്നാണ് ഓരോ സോഷ്യലിസ്റ്റന്റെയും ആഗ്രഹം. എന്നാല്‍ സംസ്ഥാന അദ്ധ്യക്ഷന്‍ ഈ നിലപാടിനു തുരങ്കം വെക്കുകയാണ്. പ്രവര്‍ത്തിക്കുന്ന നേതാക്കളേയും പ്രവര്‍ത്തകരെയും തെരഞ്ഞുപിടിച്ച് ഒതുക്കുകയും അടിച്ചമര്‍ത്തുകയുമാണ്. തൊടുപുഴയില്‍ വലിയ തോതില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന VP സിംഗ് അനുസ്മരണ ചടങ്ങ് തലേ ദിവസം മാറ്റി വെക്കേണ്ടി വന്നത് താനൊഴികെ മറ്റൊരു സംസ്ഥാന ഭാരവാഹികളെയും യോഗത്തില്‍ പങ്കെടുപ്പിക്കാന്‍ പാടില്ല എന്ന് സംസ്ഥാന പ്രസിഡന്റ് ശഠിച്ചതു കൊണ്ടു മാത്രമാണ്. ഇത് ജില്ലയിലെ പാര്‍ട്ടി പ്രവര്‍ത്തകരെ ആകെ വേദനിപ്പിച്ചു. ഇതിന്റെ പേരില്‍ പല ജില്ലയിലെ പല നേതാക്കളും പാര്‍ട്ടി വിട്ടു.

സഹഭാരവാഹികള്‍ക്ക് രാഷ്ട്രീയ പ്രസ്താവനകള്‍ നടത്താനോ പ്രാദേശികമായ വിഷയങ്ങളില്‍ പത്രസമ്മേളനം നടത്താനോ പൊതു വിഷയങ്ങളില്‍ പരസ്യപ്രതികരണം നടത്താനോ അനുവദമില്ലാത്ത കേരളത്തിലെ ഏക പാര്‍ട്ടിയാണ് ജെ ഡി യു കേരള. പാര്‍ട്ടി നേതാക്കളെ ചേരിതിരിച്ചു നിര്‍ത്തുന്ന നയമാണ് പ്രസിഡന്റ് സ്വീകരിച്ചിരിക്കുന്നത്.

കോട്ടയത്തുള്ള ഒരു സംസ്ഥാന വൈസ് പ്രസിഡന്റിന്റെ വീട്ടില്‍ ഒരു മരണം നടന്നു. പലരും വിദേശത്തായതിനാല്‍ ഒരാഴ്ച കഴിഞ്ഞ് ശവസംസ്‌ക്കാരം നടത്താന്‍ തീയതി നിശ്ചയിച്ചതായി പാര്‍ട്ടി ഗ്രൂപ്പില്‍ ആ സഖാവ് അറിയിപ്പിട്ടു. എന്നാല്‍ ആ അറിയിപ്പു വന്നു മണിക്കൂറുകള്‍ക്കുള്ളില്‍ അതേ ദിവസം അതേ സമയം തൃശൂരു വെച്ച് അടിയന്തര സംസ്ഥാനക്കമ്മറ്റി കൂടുമെന്ന് സംസ്ഥാന പ്രസിഡന്റ് അറിയിപ്പിട്ടു. സഹപ്രവര്‍ത്തകനെ ഒന്നു വിളിക്കാനോ അനുശോചനം അറിയിക്കാനോ പോലും പ്രസിഡന്റ് തയ്യാറായില്ല. മരണത്തെപ്പോലും പ്രതികാരത്തിനുള്ള ആയുധമാക്കിയ പ്രസിഡന്റിന്റെ നടപടിയില്‍ മനംനൊന്ത് ആ സഖാവ് ഒന്നു പ്രതികരിക്കുക പോലും ചെയ്യാതെ പാര്‍ട്ടി വിട്ടു പോയതായി പാര്‍ട്ടി വിട്ടവര്‍ ആരോപിക്കുന്നു.

നല്ല രീതിയില്‍ പ്രവര്‍ത്തിച്ചിരുന്ന യുവജനതാ ദള്‍ സംസ്ഥാനഘടകം പിരിച്ചു വിട്ടിട്ട് രണ്ടു വര്‍ഷമായി. യുവജന വിഭാഗത്തിനു കമ്മറ്റിയില്ലാത്ത ഏക സംസ്ഥാനമാണ് കേരളം. മഹിളാദള്‍ നേതാക്കള്‍ ഏറെയുണ്ടായിരുന്ന പാര്‍ട്ടിയില്‍ അവരെയെല്ലാം ഒഴിവാക്കി സ്വന്തം സ്ഥാപനത്തിലെ ജീവനക്കാരിയെ പാര്‍ട്ടി സംസ്ഥാന ട്രഷറര്‍ ആയി നിയമിച്ച് പാര്‍ട്ടിയെ പോക്കറ്റ് സംഘടനയാക്കുവാനാണ് പ്രസിഡന്റ് ശ്രമിക്കുന്നതെന്ന് നേതാക്കള്‍ കുറ്റപ്പെടുത്തി. യുവദളിനും മഹിളാദളിനും കര്‍ഷകദളിനും വിദ്യാര്‍ത്ഥിദളിനും സംസ്ഥാന പ്രസിഡന്റുമാര്‍ പോലുമില്ല.

പാര്‍ട്ടിക്കുള്ളില്‍ തെരഞ്ഞെടുപ്പു നടത്താന്‍ ആവര്‍ത്തിച്ച് ആവിശ്യപ്പെട്ടിട്ടും മെമ്പര്‍ഷിപ്പ് വിതരണം സുതാര്യമായി നടത്താനോ സംഘടനാ തെരഞ്ഞെടുപ്പു നടത്താനോ പ്രസിഡന്റ് തയ്യാറായില്ലന്ന് നേതാക്കള്‍ ചൂണ്ടിക്കാട്ടി. ഓരോ തവണ സംസ്ഥാനകമ്മിറ്റി കൂടുമ്പോഴും ഭാരവാഹികളായി മുമ്പു കണ്ടിട്ടില്ലാത്ത പുതിയ പുതിയ ആളുകളെ പരിചയപ്പെടുത്തും. പിന്നീടുള്ള കമ്മറ്റികളില്‍ അവര്‍ അപ്രത്യക്ഷരാവുകയും ചെയ്യും. തുണ്ടു കടലാസില്‍ മിനിറ്റ്‌സ് എഴുതുന്ന അപൂര്‍വ്വ പാര്‍ട്ടിയാണ് കേരള JDU വെന്ന് നേതാക്കള്‍ ആക്ഷേപിച്ചു.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാന കമ്മിറ്റി ചേരാതെയും ആരോടും ആലോചിക്കാതെയും ഏകപക്ഷീയമായി 139 സീറ്റിലും പ്രസിഡന്റ് BJP ക്കു പിന്തുണ പ്രഖ്യാപിച്ചു. ആകെ മല്‍സരിച്ച ഏക സീറ്റിലാകട്ടെ പാര്‍ട്ടി സ്ഥാനാര്‍ത്ഥിക്കു കിട്ടിയത് കേവലം 84 വോട്ടുകളാണ്. എന്നിട്ടും തൊട്ടടുത്ത ദിവസം അയാളെ ജില്ലാ പ്രസിഡന്റായി നിയമിച്ചതു പാര്‍ട്ടിക്കു നാണക്കേടായി. ഇതില്‍ പ്രതിഷേധിച്ച് ജില്ലയിലെ വലിയൊരു വിഭാഗം നേതാക്കള്‍ പാര്‍ട്ടി വിട്ടു. പ്രസിഡന്റ് ചുമതലയേറ്റപ്പോള്‍ സംസ്ഥാന ഭാരവാഹികളായി കൂടെ നിയമിക്കപ്പെട്ട 18 സഹഭാരവാഹികളില്‍ 14 പേരും പ്രസിഡന്റിന്റെ ഏകാധിപത്യ നിലപാടില്‍ പ്രതിഷേധിച്ച് ഒന്നൊന്നായി പാര്‍ട്ടി വിട്ടുവെന്ന് നേതാക്കള്‍ ചൂണ്ടിക്കാട്ടി.

ഒരാള്‍ പാര്‍ട്ടിക്കുപുറത്തു പോകുമ്പോള്‍ ആഹ്ലാദം രേഖപ്പെടുത്തുന്നവരും ആരും കൂടെയില്ലാത്തവരുമാണ് സംസ്ഥാനക്കമ്മറ്റിയില്‍ അവശേഷിക്കുന്നത്. കഴിഞ്ഞ വര്‍ഷം അവസാനം ചേര്‍ന്ന സംസ്ഥാനക്കമ്മറ്റി ഏപ്രില്‍ മാസം കേരള യാത്ര നടത്താന്‍ തീരുമാനിച്ചു. തകൃതിയായ പോസ്റ്ററിംഗിനും ഫണ്ടു പിരിവിനും ശേഷം ജാഥ തുടങ്ങുന്നതിനു ദിവസങ്ങള്‍ക്കു മുമ്പ് ഒരു മുന്നറിയിപ്പുമില്ലാതെ സംസ്ഥാന ഭാരവാഹി യോഗത്തിന്റെ പോലും അംഗീകാരമില്ലാതെ പ്രസിഡന്റ് ജാഥ മേയ് മാസത്തിലേക്കു മാറ്റിയതായി പ്രഖ്യാപിച്ചു. ഇപ്പോഴും ജാഥയുടെ പേരില്‍ ഫണ്ടു പിരിവ് അഭംഗുരം തുടരുകയാണ്. പിരിവു മാത്രമാണ് പാര്‍ട്ടിയുടെ ഇപ്പോഴത്തെ അജണ്ടയെന്ന് നേതാക്കള്‍ കുറ്റപ്പെടുത്തി.

പ്രസിഡന്റിന്റെ ഏകാധിപത്യ പ്രവണത സഹിക്കാനാവാതെ അവശേഷിക്കുന്ന നേതാക്കളും പ്രവര്‍ത്തകരും കൂടി അധികം വൈകാതെ പാര്‍ട്ടി വിടാന്‍ നിര്‍ബന്ധിതരാവുമെന്ന് നേതാക്കള്‍ മുന്നറിയിപ്പു നല്‍കി.

ഈ സാഹചര്യത്തില്‍ ഇടുക്കി ജില്ലാ പ്രസിഡന്റ് ബിറ്റാജ് ജോസഫിന്റെ അദ്ധ്യക്ഷതയിലും സംസ്ഥാന ക്കമ്മറ്റിയംഗങ്ങളായ തോമസ് സ്റ്റീഫന്‍, സിബി ജോണ്‍, ബിനു രാമപുരം എന്നിവരുടെ സാന്നിദ്ധ്യത്തിലും മാര്‍ച്ച് 30ന് കട്ടപ്പനയില്‍ ജില്ലാകമ്മിറ്റി യോഗം ചേര്‍ന്ന് ഇടുക്കി ജില്ലാക്കമ്മറ്റി പിരിച്ചു വിടാനും കമ്മറ്റി ഒന്നടങ്കം ജെ ഡി യുവിന്റെ പ്രാധമികാംഗത്വത്തില്‍ നിന്ന് രാജി വെച്ച് ലാലു പ്രസാദ് യാദവ് നയിക്കുന്ന ആര്‍ ജെ ഡിയില്‍ ലയിക്കാനും ഐകകണ്‌ഠേന തീരുമാനിച്ചതായി നേതാക്കള്‍ സംയുക്ത പ്രസ്താവനയില്‍ അറിയിച്ചു.