നോമ്പ് പഠിപ്പിച്ച ശീലങ്ങളില്‍ നിന്ന് മാറില്ലെന്ന പ്രതിജ്ഞയാകട്ടെ ഈദിന്‍റെ സന്ദേശം: ഡോ മുസ്തഫ ഫാറൂഖി

Wayanad

വാര്‍ത്തകളും ചിത്രങ്ങളും nattuvarthamanamdaily@gmail.com എന്ന മെയിലിലോ വാട്‌സാപ്പിലോ അയക്കുക. 8289857951 എന്നതാണ് വാട്‌സാപ്പ് നമ്പര്‍.

കല്പറ്റ: നോമ്പ് പഠിപ്പിച്ച ശീലങ്ങളില്‍ നിന്ന് മാറില്ലെന്ന പ്രതിജ്ഞയാകണം ഓരോരുത്തരും ഈദ് ഗാഹില്‍ നിന്നും കൈക്കൊള്ളേണ്ടതെന്ന് ഡോ മുസ്തഫ ഫാറൂഖി. നോമ്പിലൂടെ നാം സ്വാംശീകരിച്ചെടുത്ത നന്മകള്‍ കൈ വെടിയരുത്. വിശപ്പിന്റെ രുചിയറിഞ്ഞ നാം മറ്റുള്ളവരുടെ വിശപ്പ് മനസ്സിലാക്കണം. പ്രയാസപ്പെടുന്നവരെ ഇനിയുള്ള കാലം സഹായിക്കാനുതകുന്നതാകണം സക്കാത്ത് നല്‍കിയ പാഠത്തില്‍ നിന്നും ഉള്‍ക്കൊള്ളേണ്ടതെന്നും അദ്ദേഹം പറഞ്ഞു. കല്പറ്റ മുന്‍സിപ്പല്‍ സംയുക്ത ഈദ്ഗാഹില്‍ ഉത്‌ബോധന പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം.

നോമ്പില്‍ നാം സംസാരത്തിലും പ്രവര്‍ത്തിയിലുമെല്ലാം മിതത്വം പാലിച്ചു. അന്യന്റെ പ്രയാസങ്ങളും സങ്കടങ്ങളും കണ്ടു. വിശപ്പിന്റെ രുചി എന്താണെന്ന് എല്ലാവര്‍ക്കും മനസ്സിലാകുകയും ചെയ്തു. ഏഷണിയും പരദൂഷണവും കളവും വരുന്നതില്‍ നിന്നും നാവിനെ നാം സൂക്ഷിച്ചു. ഹറാമായ എല്ലാ കാര്യങ്ങളില്‍ നിന്നും വിട്ടുനില്‍ക്കാനും കൂടുതല്‍ നന്മകള്‍ ജീവിതത്തിലേക്ക് ആവാഹിക്കാനും നാം ശ്രമിച്ചു. ഇത്തരത്തില്‍ സ്വായത്തമാക്കിയ നന്മകളാകണം ഇനിയുള്ള ദിവസങ്ങളില്‍ നമ്മെ മുന്നോട്ട് നയിക്കുന്നത്.

ആരാധനാകര്‍മ്മങ്ങളില്‍ നാം കാണിച്ച ശുഷ്‌ക്കാന്തി കൈ വെടിയരുത്. നമസ്‌കാരങ്ങളിലും മറ്റ് സത്കര്‍മ്മങ്ങളിലും പുലര്‍ത്തിയ ജാഗ്രത ഇനിയും തുടരണം. പരലോകത്തേക്കുള്ള രക്ഷ ഇതിലൂടെ മാത്രമാണ്. അവിടുത്തേക്കായി ആര്‍ജ്ജിച്ചെടുത്ത വിഭവങ്ങള്‍ കൈമോശം വരാതെ സൂക്ഷിക്കണമെന്നും അദ്ദേഹം ഉത്‌ബോധിപ്പിച്ചു.

രാജ്യത്തെ നിലവിലെ സാഹചര്യത്തില്‍ മുസ്‌ലിംകള്‍ ഒറ്റക്കെട്ടായി നില്‍ക്കേണ്ടതിന്റെ ആവശ്യകത അദ്ദേഹം വിശ്വാസികളെ ഓര്‍മ്മിപ്പിച്ചു. ഏക സിവില്‍കോഡിനുള്ള നീക്കം ന്യൂനപക്ഷ വിഭാഗത്തിന്റെ അവകാശങ്ങളിലേക്കുള്ള കടന്നുകയറ്റമാകും. മതേതരത്വം സംരക്ഷിക്കാനും നിലനിര്‍ത്താനും കഴിയണമെന്നും ആഘോഷങ്ങള്‍ അതിരുവിടാതെയും മൂല്യങ്ങള്‍ ചോര്‍ന്ന് പോകാതെയും ആകണമെന്നും മുസ്തഫ ഫാറൂഖി വിശ്വാസികളോട് പറഞ്ഞു.