ദേശീയ സൈക്ലിങ് ഫെഡറേഷന് മലയാളി തിളക്കം

Eranakulam

കൊച്ചി: സൈക്ലിങ് ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ അഖിലേന്ത്യാ ട്രഷററായി മലയാളിയായ സുധീഷ് കുമാര്‍ എസ് എസിനെ തെരഞ്ഞെടുത്തു. ഉത്തരാഖണ്ഡിലെ നൈനിറ്റാളില്‍ നടന്ന ജനറല്‍ബോഡി യോഗമാണ് സൈക്ലിങ് ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ പുതിയ ഭാരവാഹികളെ തീരുമാനിച്ചത്. ഉത്തര്‍പ്രദേശില്‍ നിന്നുള്ള പങ്കജ് സിങ്ങാണ് സൈക്ലിങ് ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ പുതിയ പ്രസിഡന്റ്. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗിന്റെ മകനും ഉത്തര്‍പ്രദേശ് നിയമസഭയിലെ എം എല്‍ എയും ആണ്. മണിന്ദര്‍ പാല്‍ സിങ്ങിനെ സെക്രട്ടറി ജനറല്‍ ആയി വീണ്ടും തെരഞ്ഞെടുത്തിട്ടുണ്ട്. ഏകകണ്ഠമായായിരുന്നു തെരഞ്ഞെടുപ്പുകള്‍.

ഇതാദ്യമായാണ് ഒരു മലയാളി സൈക്ലിങ് ഫെഡറേഷന്‍ അഖിലേന്ത്യ ഭാരവാഹിയാകുന്നത്. നിലവില്‍ കേരള സൈക്ലിംഗ് അസോസിയേഷന്റെ പ്രസിഡന്റ് കൂടിയാണ് റെയില്‍വേയില്‍ ചീഫ് സൂപ്രണ്ട് ആയ സുധീഷ് കുമാര്‍. തിരുവനന്തപുരം നേമം സ്വദേശിയാണ്.

കേരള ഒളിമ്പിക് അസോസിയേഷന്‍ ജോയിന്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ച് വരുന്നു. വിവിധ സൈക്ലിങ് ടൂര്‍ണമെന്റുകള്‍ കേരളത്തില്‍ വച്ച് വിജയകരമായി നടത്തിയതാണ് ദേശീയ ഭാരവാഹിത്വത്തിലേക്ക് സുധീഷ് കുമാറിനെ പരിഗണിക്കാന്‍ കാരണം. കേരളത്തില്‍ ഇനിയും ഏറെ സാധ്യതകള്‍ ഉള്ള കായിക ഇനമായ സൈക്ലിങ്ങിനെ കൂടുതല്‍ ഉയരങ്ങളില്‍ എത്തിക്കാനായി പരിശ്രമിക്കുമെന്ന് സുധീഷ് കുമാര്‍ പറഞ്ഞു. കൂടുതല്‍ അന്താരാഷ്ട്ര സൈക്ലിംഗ് മത്സരങ്ങള്‍ കേരളത്തില്‍ കൊണ്ടുവരാന്‍ ആകുമെന്ന് പ്രതീക്ഷിക്കുന്നതായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കേരള സൈക്ലിങ് അസോസിയേഷന്‍ സെക്രട്ടറി ബി ജയപ്രസാദിനെ ദേശീയ മാനേജിങ് കമ്മിറ്റിയിലേക്കും തിരഞ്ഞെടുത്തു.