കലഹം തീരാതെ ജെ ഡി യു; കേരളത്തില്‍ ഒന്നിന് പിറകെ ഒന്നായി ജില്ലാകമ്മിറ്റികള്‍ ആര്‍ ജെ ഡിയില്‍ ലയിക്കുന്നു

Kerala

വാര്‍ത്തകളും ചിത്രങ്ങളും nattuvarthamanamdaily@gmail.com എന്ന മെയിലിലോ വാട്‌സാപ്പിലോ അയക്കുക. 8289857951 എന്നതാണ് വാട്‌സാപ്പ് നമ്പര്‍.

തിരുവനന്തപുരം: JDU കോട്ടയം, ഇടുക്കി ജില്ലാകമ്മിറ്റികള്‍ക്കു പിന്നാലെ വയനാടു ജില്ലാക്കമ്മറ്റിയും RJDയില്‍ ലയിച്ചു. ജെ ഡി യു സംസ്ഥാന പ്രസിഡന്റിനെതിരെയുള്ള കലഹമാണ് ജില്ലാകമ്മിറ്റികള്‍ ഓരോന്നായി ആര്‍ ജെ ഡിയില്‍ ലയിക്കുന്നതിന് കാരണം. പ്രസിഡന്റിന്റെ ഏകാധിപത്യ സംഘടനാ പ്രവര്‍ത്തന ശൈലിയില്‍ പ്രതിഷേധിച്ച് നേരത്തെ കോട്ടയം, ഇടുക്കി ജില്ലാക്കമ്മറ്റികള്‍ ആര്‍ ജെ ഡിയില്‍ ലയിച്ചിരുന്നു. എന്നാല്‍ പോകുന്നവര്‍ പോകട്ടെ എന്ന നിലപാട് ജെ ഡി യു നേതൃത്വം സ്വീകരിച്ചതോടെയാണ് കൂടുതല്‍ ജില്ലാകമ്മിറ്റികള്‍ ആര്‍ ജെ ഡിയില്‍ ലയിക്കുന്നത്. നിലവില്‍ UDFല്‍ ഘടക കക്ഷിയാണ് RJD.

സംസ്ഥാന പ്രസിഡന്റിന്റെ ഏകാധിപത്യ പ്രവണതകളില്‍ പ്രതിഷേധിച്ച് തങ്ങളും തങ്ങളോടൊപ്പം വയനാട് ജില്ലാക്കമ്മറ്റി ഒന്നാകെയും പാര്‍ട്ടിയില്‍ നിന്നു രാജി വെച്ച് ആര്‍ ജെ ഡിയില്‍ ലയിക്കാന്‍ തീരുമാനിച്ചതായി ജില്ലയില്‍ നിന്നുള്ള സംസ്ഥാന ക്കമ്മറ്റിയംഗങ്ങളായ വിന്‍സ്റ്റണ്‍ PJ പുളിക്കപ്പറമ്പില്‍, പ്രിന്‍സ് ഷാജി അറയ്ക്കല്‍, ജില്ലാപ്രസിഡന്റ് സിജോ ജോണ്‍ പറക്കാട്ട്, ജില്ലാ ഭാരവാഹികളായ പ്രിന്‍സ് ഷാജി അറയ്ക്കല്‍, അലക്‌സ് ചാക്കോ തേക്കുംമൂട്ടില്‍, ജോണ്‍ അമ്പലവയല്‍, സന്തോഷ് പൊട്ടക്കാനാല്‍, മനു ആനമലയില്‍, ശില്‍പ്പ വി ജെ, സാലി ജോണ്‍ എന്നിവര്‍ സംയുക്ത പ്രസ്താവനയില്‍ അറിയിച്ചു.

പ്രസിഡണ്ടിന്റെ ഏകാധിപത്യ പ്രവണത സഹിക്കാനാവാതെ അവശേഷിക്കുന്ന നേതാക്കളും പ്രവര്‍ത്തകരും കൂടി അധികം വൈകാതെ പാര്‍ട്ടി വിടാന്‍ നിര്‍ബന്ധിതരാവുമെന്ന് നേതാക്കള്‍ മുന്നറിയിപ്പു നല്‍കി. പ്രസിഡണ്ടിന്റെ പ്രതികാര ബുദ്ധിയും ഏകാധിപത്യ പ്രവണതകളും മൂലം പാര്‍ട്ടി ഭാരവാഹികള്‍ക്ക് പ്രവര്‍ത്തിക്കാനും പാര്‍ട്ടി വളര്‍ത്താനും കഴിയാത്ത സാഹചര്യമാണുള്ളതെന്ന് നേതാക്കള്‍ കുറ്റപ്പെടുത്തി.

ഈ സാഹചര്യത്തില്‍ ഇടുക്കി ജില്ലാ പ്രസിഡന്റ് സിജോ ജോണ്‍ പറക്കാട്ടിലിന്റെ അദ്ധ്യക്ഷതയിലും സംസ്ഥാന ക്കമ്മറ്റിയംഗങ്ങളായ വിന്‍സ്റ്റണ്‍ PJ പുളിക്കപ്പറമ്പില്‍, പ്രിന്‍സ് ഷാജി അറയ്ക്കല്‍ ജില്ലാ ഭാരവാഹികളായ അലക്‌സ് ചാക്കോ തേക്കുംമൂട്ടില്‍, ജോണ്‍ അമ്പലവയല്‍, സന്തോഷ് പൊട്ടക്കാനാല്‍, മനു ആനമലയില്‍ എന്നിവരുടെ സാന്നിദ്ധ്യത്തിലും മാര്‍ച്ച് 29 ന് സുല്‍ത്താന്‍ ബത്തേരിയില്‍ ജില്ലാകമ്മിറ്റി യോഗം ചേര്‍ന്ന് വയനാട് ജില്ലാക്കമ്മറ്റി പിരിച്ചു വിടാനും കമ്മറ്റി ഒന്നടങ്കം JDU വിന്റെ പ്രാഥമികാംഗത്വത്തില്‍ നിന്ന് രാജിവെച്ച് ലാലു പ്രസാദ് യാദവ് നയിക്കുന്ന RJD യില്‍ ലയിക്കാനും ഐക്യകണ്‌ഠേന തീരുമാനിച്ചതായി നേതാക്കള്‍ സംയുക്ത പ്രസ്താവനയില്‍ അറിയിച്ചു.