ലാവ്‌ലിന്‍ കേസ് 33-ാം തവണയും മാറ്റി വെച്ചു; കേള്‍ക്കുന്നതില്‍ നിന്നും ജഡ്ജിയും പിന്മാറി

News

ന്യൂഡല്‍ഹി: ലാവലിന്‍ കേസ് 33-ാം തവണയും മാറ്റിവെച്ചു. സുപ്രിം കോടതിയാണ് കേസ് പരിഗണിക്കുന്നത് വീണ്ടും മാറ്റി വെച്ചത്. അതിനിടെ കേസില്‍ നിന്നം വാദം കേള്‍ക്കുന്നതില്‍ നിന്ന് ജഡ്ജിയും പിന്മാറി. ജസ്റ്റിസ് സി ടി രവികുമാറാണ് പിന്മാറിയത്. ഹൈക്കോടതിയില്‍ ലാവലിന്‍ കേസില്‍ വാദം കേട്ടിട്ടുണ്ടെന്ന കാരണത്താലാണ് ജസ്റ്റിസ് സിടി രവികുമാര്‍ പിന്മാറിയത്.

ജസ്റ്റിസുമാരായ എംആര്‍ ഷാ, സി ടി രവികുമാര്‍ എന്നിവര്‍ അടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിക്കാനിരുന്നത്. താന്‍ പിന്മാറേണ്ടതുണ്ടോയെന്ന് ചോദിച്ച ജസ്റ്റിസ് പിന്നീട് പിന്മാറുകയായിരുന്നു. സ്വയം കാരണം വിശദീകരിച്ച് കൊണ്ടായിരുന്നു പിന്മാറ്റം. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പടെയുള്ളവരെ കുറ്റവിമുക്തരാക്കിയതിനെതിരായ സി ബി ഐ ഹര്‍ജിയും വിചാരണ നേരിടണമെന്ന ഹൈക്കോടതി വിധിക്കെതിരായ ഹര്‍ജിയുമാണ് സുപ്രീം കോടതിക്ക് മുമ്പാകെയുളളത്. ഇതിന് മുമ്പ് 33 തവണയാണ് ഈ കേസ് പരിഗണിക്കുന്നത് മാറ്റിവെച്ചിട്ടുള്ളത്. കേസ് അനന്തമായി നീണ്ടുപോകുന്നതിനെതിരെ ആരോപണങ്ങളും ഉയരുന്നുണ്ട്.

ലാവലിന്‍ ക#േസുമായി ബന്ധപ്പെട്ട് 2017 ഡിസംബറിലായിരുന്നു സി ബി ഐ സുപ്രീംകോടതിയെ സമീപിച്ചത്. 2018 ജനുവരിയില്‍ കോടതി നോട്ടീസ് അയച്ചു. പിന്നീട് പലവട്ടം കേസ് ലിസ്റ്റ് ചെയ്‌തെങ്കിലും ഒരിക്കലും പരിഗണിക്കാതെ മാറ്റിവെക്കുകയാണ് ചെയ്യാറ്. ഇത്തവണ പരിഗണിക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും മാറ്റിവെക്കുമെന്നും വാര്‍ത്തകളുണ്ടായിരുന്നു.