വാര്‍ത്തകളും ചിത്രങ്ങളും nattuvarthamanamdaily@gmail.com എന്ന മെയിലിലോ വാട്സാപ്പിലോ അയക്കുക. 8289857951 എന്നതാണ് വാട്സാപ്പ് നമ്പര്‍.
ലക്നൗ: ബി ജെ പിക്കെതിരെ പ്രതിപക്ഷ ഐക്യം രൂപീകരിക്കാനുള്ള ശ്രമങ്ങള്‍ക്കായി ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറും ഉപമുഖ്യമന്ത്രി തേജസ്വി യാദവും ഉത്തര്‍പ്രദേശ് മുന്‍മുഖ്യമന്ത്രി അഖിലേഷ് യാദവുമായി കൂടിക്കാഴ്ച നടത്തി. തനിക്ക് പ്രധാനമന്ത്രിയാകാന്‍ ആഗ്രഹമില്ലെന്നും രാജ്യതാല്പര്യത്തിനു വേണ്ടി പ്രവര്‍ത്തിക്കാനാണ് താന്‍ ആഗ്രഹിക്കുന്നതെന്നും നിതീഷ് കുമാര്‍ ലക്നൗവില്‍ നടത്തിയ സംയുക്ത വാര്‍ത്താ സമ്മേളനത്തില്‍ പ്രഖ്യാപിച്ചു.
2024ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബി ജെ പിക്കെതിരെ പ്രതിപക്ഷ ഐക്യം രൂപീകരിക്കാനുള്ള ശ്രമങ്ങള്‍ക്കായി നിതീഷ് കുമാറും തേജസ്വി യാദവും ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രി അഖിലേഷ് യാദവുമായി തിങ്കളാഴ്ച നടത്തിയ കൂടിക്കാഴ്ചയില്‍ എല്ലാവരും ഒരുമിച്ചു നീങ്ങാന്‍ ധാരണയായതായി നേതാക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
ഫാസിസ്റ്റ് പാര്‍ട്ടിയെ നേരിടാന്‍ കൂടുതല്‍ പ്രതിപക്ഷ പാര്‍ട്ടികളെ ഒരുമിച്ച് കൊണ്ടുവരുന്നതിനുള്ള ചര്‍ച്ചകള്‍ നടന്നുവരികയാണെന്ന് അടച്ചിട്ട മുറിയിലെ യോഗത്തിന് ശേഷം മൂന്ന് നേതാക്കളും മാധ്യമങ്ങളോടു പറഞ്ഞു. ‘എനിക്ക് അധികാരത്തിനും സ്ഥാനത്തിനും മോഹമില്ല, രാജ്യതാല്‍പ്പര്യത്തിന് വേണ്ടി നിലപാടെടുക്കുക എന്നതാണ് എന്റെ തീരുമാനം,’ അടുത്ത പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി എന്ന അവകാശവാദം ഞാന്‍ നിഷേധിക്കുകയാണെന്ന് മുഖ്യമന്ത്രി നിതീഷ് കുമാര്‍ മാധ്യമങ്ങളോടു പറഞ്ഞു.
സംയുക്ത സഖ്യത്തെ ആരു നയിക്കുമെന്ന കാര്യത്തില്‍ ഐക്യം രൂപീകരിച്ച ശേഷം തീരുമാനിക്കുമെന്ന് ബിഹാര്‍ മുഖ്യമന്ത്രി പറഞ്ഞു. തനിക്കായി ഒന്നും വേണ്ട, രാജ്യതാല്‍പ്പര്യം കണക്കിലെടുത്ത് ഞാന്‍ പ്രവര്‍ത്തിക്കും, വേറെയും ആളുകളുണ്ടല്ലോ, ഞങ്ങള്‍ എല്ലാവരും ഒരുമിച്ചിരുന്ന് യോജിപ്പോടെ തീരുമാനിക്കും, അദ്ദേഹം പറഞ്ഞു.
അടുത്ത പൊതുതെരഞ്ഞെടുപ്പില്‍ ബിജെപിയെ അധികാരത്തില്‍ നിന്ന് താഴെയിറക്കാന്‍ കോണ്‍ഗ്രസ്സ് ഇടത് മമത തുടങ്ങിയവരുടെ പിന്തുണയോടെ കരുനീക്കങ്ങള്‍ നടത്തുന്ന RJD-JDU സഖ്യത്തിന് പിന്തുണ നല്‍കുന്നതായി സമാജ്വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ് വാര്‍ത്താസമ്മേളനത്തില്‍ പ്രഖ്യാപിച്ചു.
‘ബി ജെ പി ഇന്ത്യയുടെ മതേതര ചരിത്രം മാറ്റാന്‍ ശ്രമിക്കുന്നു. അവര്‍ രാജ്യത്തിന്റെ ശരിയായ സംസ്കാരം മനസ്സിലാക്കാത്തവരെപ്പോലെ പെരുമാറുന്നു. അവര്‍ കച്ചവടമല്ലാതെ മറ്റൊന്നും ചെയ്യുന്നില്ല, പരസ്യങ്ങള്‍ കൊണ്ടു മാത്രമാണവര്‍ മുന്നോട്ടു പോകുന്നത്. ഞങ്ങള്‍ മിക്ക പ്രതിപക്ഷ പാര്‍ട്ടികളെയും സഖ്യത്തില്‍ അണിനിരത്തി വരാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ പോരാടാന്‍ പോകുകയാണ്,’ അഖിലേഷ് പ്രഖ്യാപിച്ചു.
നിതീഷ് കുമാറും തേജസ്വിയും കഴിഞ്ഞയാഴ്ച ദില്ലിയിലെത്തി രാഹുല്‍ ഗാന്ധിയുമായും കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുമായും ദില്ലി മുഖ്യമന്ത്രി കേജരിവാളുമായും CPM സെക്രട്ടറി യച്ചൂരിയുമായും CPI സെക്രട്ടറി രാജയുമായും കൂടിക്കാഴ്ച നടത്തിയിരുന്നു.
അതിന് തൊട്ടുപിന്നാലെയാണ് ഇന്നലെ രാവിലെ കല്‍ക്കത്തയിലെത്തി മമതയേയും വൈകിട്ട് ലക്നൗവിലെത്തി അഖിലേഷിനെയും ഇരുവരും കണ്ട് പിന്തുണ ഉറപ്പു വരുത്തിയത്.