ജയ്പൂര്‍: രാജ്യം ഭരിച്ചുകൊണ്ടിരിക്കുന്നത് അപകടകരമായ ആളുകളാണെന്നും നേതൃത്വം നല്‍കുന്നതാകട്ടെ കളങ്കിതനായ വ്യക്തിയാണെന്നും ജമ്മുകശ്മീര്‍ മുന്‍ ഗവര്‍ണര്‍ സത്യപാല്‍ മാലിക് പറഞ്ഞു. രാജസ്ഥാനിലെ സിക്കാര്‍ ജില്ലയില്‍ നടന്ന കര്‍ഷക റാലിയില്‍ സംസാരിക്കുകയായിരുന്നു സത്യപാല്‍ മാലിക്. അപകടകാരികളും കളങ്കിതരും വീണ്ടും അധികാരത്തിലെത്തിയാല്‍ രാജ്യത്തെ കര്‍ഷകരുടെ ജീവിതത്തിന്റെ അന്ത്യമായിരിക്കും സംഭവിക്കു. ഈ കൂട്ടരെ അധികാരത്തില്‍ നിന്നും തുടച്ചുനീക്കാനുള്ള അവസരമായി 2024ലെ തെരഞ്ഞെടുപ്പിനെ വിനിയോഗിക്കണമെന്നും സത്യപാല്‍ മാലിക് പറഞ്ഞു.
പുല്‍വാമയിലെ സി ആര്‍ പി എഫ് ജീവനക്കാരെ രക്ഷിക്കാന്‍ അന്ന് വിമാനം അയച്ചിരുന്നെങ്കില്‍ കഴിയുമായിരുന്നു. ആഭ്യന്തര മന്ത്രാലയം അഞ്ച് വിമാനങ്ങള്‍ നല്‍കിയിരുന്നെങ്കില്‍ നാല്‍പ്പത് സൈനികരുടെ ജീവന്‍ രക്ഷിക്കാമായിരുന്നു. എന്നാല്‍ പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും ഇക്കാര്യം പറയുന്നതില്‍ നിന്ന് എന്നെ വിലക്കുകായിരുന്നു. തെരഞ്ഞെടുപ്പ് നേട്ടങ്ങള്‍ക്കായി ഈ വിഷയം ബി ജെ പി രാഷ്ട്രീയവത്കരിക്കുമെന്ന് അന്നുതന്നെ തനിക്ക് മനസിലാക്കിയിരുന്നെന്നും സത്യപാല്‍ മാലിക് വ്യക്തമാക്കി.
ഗവര്‍ണാറായിരിക്കെ എന്തുകൊണ്ട് പുല്‍വാമ ആക്രമണം ഉന്നയിച്ചില്ലെന്ന അമിത് ഷായുടെ ചോദ്യത്തിന് പുല്‍വാമ വിഷയവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും ദേശീയ സുരക്ഷാ ഉപദേഷ്ടാവുമായ അജിത് ഡോവലും തന്നോട് മിണ്ടാതിരിക്കാന്‍ ആവശ്യപ്പെട്ടതായി അദ്ദേഹം പറഞ്ഞു.