മാമുക്കോയ അന്തരിച്ചു

Kerala

കോഴിക്കോട്: മലയാള സിനിമയില്‍ നിറഞ്ഞുനിന്ന നടന്‍ മാമുക്കോയ അന്തരിച്ചു. 76 വയസായിരുന്നു. ഹൃദയാഘാതത്തോടൊപ്പം തലച്ചോറിലുണ്ടായ രക്തസ്രാവമാണ് മരണകാരണം. മലപ്പുറം കാളികാവില്‍ ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്റെ ഉദ്ഘാടനത്തിനെത്തിയ അദ്ദേഹത്തെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. തിങ്കളാഴ്ച മുതല്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു. ഇന്ന് ഉച്ചയ്ക്ക് ഒരുമണിക്ക് ശേഷമാണ് മരണം. കോഴിക്കോടന്‍ ഭാഷയുടെ മനോഹരമായ ശൈലിയെ സിനിമയില്‍ ജനകീയമാക്കിയ മാമുക്കോയ നാടകരംഗത്തു നിന്നാണ് സിനിമയിലേക്ക് എത്തിയത്.

ചാലിക്കണ്ടിയില്‍ മുഹമ്മദിന്റെയും ഇമ്പിച്ചി ആയിശയുടേയും മകനായി 1946ല്‍ കോഴിക്കോട് ജില്ലയിലെ പള്ളിക്കണ്ടിയിലാണ് ജനനം. അഷ്‌റഫ് ഹംസ സംവിധാനം ചെയ്ത സുലൈഖ മന്‍സിലാണ് ഏറ്റവും ഒടുവില്‍ അഭിനയിച്ച ചിത്രങ്ങളിലൊന്ന്. ഈ സിനിമ തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരവേയാണ് മാമുക്കോയയുടെ അപ്രതീക്ഷിത വിയോഗം.

സുഹ്‌റയാണ് മാമുക്കോയയുടെ ഭാര്യ. നിസാര്‍, ഷാഹിദ, നാദിയ, അബ്ദുള്‍ റഷീദ് എന്നിവര്‍ മക്കളാണ്.