വാര്‍ത്തകളും ചിത്രങ്ങളും nattuvarthamanamdaily@gmail.com എന്ന മെയിലിലോ വാട്‌സാപ്പിലോ അയക്കുക. 8289857951 എന്നതാണ് വാട്‌സാപ്പ് നമ്പര്‍.
കല്പറ്റ: കാര്യമ്പാടി കണ്ണാശുപത്രി സുവര്‍ണ്ണ ജൂബിലി ആഘോഷം മെയ് 28ന് നടക്കുമെന്ന് സംഘാടകര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. ആഘോഷ പരിപാടിയുടെ ഭാഗമായി വിവിധ പരിപാടികള്‍ സംഘടിപ്പിച്ചിട്ടുണ്ട്. മെയ് 28ന് രാവിലെ 10 മണി മുതല്‍ ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 250 പേരുടെ നേത്ര പരിശോധന നടത്തി മരുന്നുകള്‍ സൗജന്യമായി നല്‍കും. അര്‍ഹരായ 250 പേര്‍ക്ക് കണ്ണട ഫ്രെയിമുകളും സൗജന്യമായി നല്‍കും. കൂടാതെ സൗജന്യ ഗ്ലോക്കോമ സ്‌ക്രീനിംഗും നടത്തുന്നതാണ്.
തിമിരം ബാധിച്ച് കാഴ്ച നഷ്ടപ്പെട്ട സാധുക്കളായ 51 പേര്‍ക്ക് തുന്നലില്ലാതെ നടത്തുന്ന ആധുനിക താക്കോല്‍ദ്വാര ശസ്ത്രക്രിയ സൗജന്യമായി നടത്തി കണ്ണിനുള്ളില്‍ ഇന്‍ട്രാ ഒക്കുലര്‍ ലെന്‍സ് വെച്ച് കാഴ്ച നല്‍കുന്നതിനുള്ള പദ്ധതിയും നടപ്പാക്കുന്നുണ്ട്. ജൂബിലിയുടെ ഭാഗമായി മെയ് ഒന്ന് മുതല്‍ 31വരെ കാര്യമ്പാടി കണ്ണാശുപത്രിയില്‍ നിന്നും കല്പറ്റ, സുല്‍ത്താന്‍ ബത്തേരി എന്നീ ക്ലിനിക്കുകളില്‍ നിന്നും വാങ്ങുന്ന എല്ലാ കണ്ണട ഫ്രെയിമുകള്‍ക്കും 30 മുതല്‍ 50 ശതമാനം വരെ ഡിസ്‌കൗണ്ട് അനുവദിക്കുന്നുണ്ട്.
ജൂബിലി ആഘോഷ പരിപാടികള്‍ക്കായി സുല്‍ത്താന്‍ ബത്തേരി ഭദ്രസനാധിപനും എം ഒ എസ് സി മെഡിക്കല്‍ മിഷന്‍ കാര്യമ്പാടി കണ്ണാശുപത്രിയുടെ വൈസ് പ്രസിഡന്റുമായ ഡോ ഗീവര്‍ഗീസ് മാര്‍ ബര്‍ന്നബാസ് തിരുമേനി ചെയര്‍മാനും രക്ഷാധികാരിയും സെക്രട്ടറി അബ്രഹാം മാത്യു എടയാട്ട് കോര്‍ എപ്പിസ്‌കോപ്പ ജനറല്‍ കണ്‍വീനറും, ട്രഷറര്‍ എം തോമസ് ഉഴുന്നുങ്കല്‍, ഡയറക്ടര്‍ ഡോ സിറിയക്, വൈസ് പ്രസിഡന്റുമാരായ ഫാ എ ഡി ഗീവര്‍ഗ്ഗീസ്, കെ ഒ പീറ്റര്‍ വൈസ് ചെയര്‍മാന്‍മാരായും ഫാ ടി എം കുര്യാക്കോസ്, ഡോ ബാബു വര്‍ഗീസ്, മാത്യു എടയാട്ട്, പീറ്റര്‍ മൊതാല്‍ എന്നിവര്‍ കണ്‍വീനറുമായി വിവിധ കമ്മിറ്റികള്‍ പ്രവര്‍ത്തിച്ചുവരുന്നുണ്ട്.
പത്രസമ്മേളനത്തില്‍ റവ അബ്രാം മാത്യു കോര്‍ എപ്പിസ്‌കോപ്പ, എം തോമസ്, കെ ഒ പീറ്റര്‍ മാസ്റ്റര്‍, ഫാ ടി എം കുര്യാക്കോസ്, എന്‍ പി പൈലി, കെ ഐ വര്‍ഗീസ്, മാത്യു എടയക്കാട്ട്, പീറ്റര്‍ മൊതാല്‍ എന്നിവര്‍ പങ്കെടുത്തു.