ആദ്യ ആഴക്കടല്‍ പര്യവേക്ഷണം; വെളിവാക്കുന്നത് ജൈവവൈവിധ്യ പൈതൃകവും പ്ലാസ്റ്റിക് മലിനീകരണവും

Kerala

വാര്‍ത്തകളും ചിത്രങ്ങളും nattuvarthamanamdaily@gmail.com എന്ന മെയിലിലോ വാട്‌സാപ്പിലോ അയക്കുക. 8289857951 എന്നതാണ് വാട്‌സാപ്പ് നമ്പര്‍.

തിരുവനന്തപുരം: കേരളതീരത്ത് 40 മീറ്ററിലധികം താഴ്ച്ചയില്‍ ആദ്യമായി നടത്തിയ ജൈവവൈവിധ്യപഠനം അതിശയകരമായ ജൈവവൈവിധ്യം രേഖപ്പെടുത്തി. കേരള സര്‍വകലാശാലയിലെ അക്വാട്ടിക് ബയോളജി ആന്റ്ഡ് ഫിഷറീസ് വകുപ്പിലെ പ്രോജക്ട് ഇക്കോമറൈന്‍ ടീമിന്റെ നേതൃത്വത്തില്‍, പാറപ്പാരുകളില്‍ പ്രാഥമിക ശ്രദ്ധ കേന്ദ്രീകരിച്ച്, 100 മീറ്റര്‍ വരെ ആഴത്തില്‍ കേരള തീരത്തെ സമ്പന്നമായ ജൈവവൈവിധ്യം പര്യവേക്ഷണം ചെയ്യാനും ഡിജിറ്റല്‍ വിവരശേഖരം തയ്യാറാക്കാനുമാണ് പദ്ധതി ലക്ഷ്യമിടുന്നത്. യൂറോപ്യന്‍ യൂണിയന്റെ പിന്തുണയോടെ നടപ്പിലാക്കുന്ന ഇക്കോമറൈന്‍ പദ്ധതിക്ക് പുറമേ, 2022 ലെ ബജറ്റ് പ്രസംഗത്തിലൂടെ കേരള സര്‍വകലാശാല, ”കേരളത്തിന്റെ തീരക്കടലില്‍ ജൈവ, പുരാവസ്തു പൈതൃകത്തിന്റെ ഡിജിറ്റല്‍ ഡോക്യുമെന്റേഷന്‍” എന്ന പേരില്‍ ഒരു നൂതന ഗവേഷണ പദ്ധതിയും നടപ്പിലാക്കി. 80 മീറ്റര്‍ വരെ സ്‌ക്യൂബാ ഡൈവിലൂടെയും വിദൂരമായി പ്രവര്‍ത്തിപ്പിക്കുന്ന വാഹനങ്ങള്‍ ഉപയോഗിച്ചും കേരള തീരത്ത് വെള്ളത്തിനടിയിലെ ജീവന്റെ സാന്നിധ്യം രേഖപ്പെടുത്തുന്ന പ്രൊജക്റ്റിന്റെ ആദ്യ ഘട്ടമാണ് പൂര്‍ത്തിയായിരിക്കുന്നത്.

കേരള തീരത്തെ 40 മീറ്ററിലധികം ആഴമുള്ള പ്രദേശങ്ങളില്‍ വംശനാശഭീഷണി നേരിടുന്ന, വന്യജീവി സംരക്ഷണ നിയമത്തില്‍ പട്ടിക 1-ല്‍ സംരക്ഷിക്കപ്പെടുന്ന ഗോര്‍ഗോണിയനുകള്‍ (കടല്‍ പേനകള്‍, കടല്‍ ഫാനുകള്‍), ഒറ്റപ്പെട്ട പവിഴജീവികള്‍ എന്നിവയുടെ വിശാലമായ ആവാസവ്യൂഹങ്ങളാണ് തിരുവനന്തപുരം തീരപ്രദേശത്ത് കണ്ടെത്തിയത്. അപൂര്‍വമായ മൃദു പവിഴജീവികള്‍, സ്പോഞ്ചുകള്‍, മോളസ്‌ക്കുകള്‍, ബ്രയോസോവാനുകള്‍, അസിഡിയനുകള്‍ എന്നിവയുള്‍പ്പെടെയുള്ള ജൈവവൈവിധ്യ സമ്പന്നമായ പ്രസ്തുത പ്രദേശങ്ങളെ ‘ജന്തു വനങ്ങള്‍’ എന്ന് വിളിക്കാമെന്ന് പദ്ധതിക്ക് നേതൃത്വം നല്‍കിയ പ്രൊഫ ബിജുകുമാര്‍ പറയുന്നു. ജൈവസമ്പന്നമായ ഇത്തരം പ്രദേശങ്ങളെ പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ അവരുടെ മത്സ്യബന്ധനപ്രദേശങ്ങളായി ഉപയോഗിച്ചുവരുന്നു. ആദ്യമായിട്ടാണ് കേരള തീരത്ത് നിന്ന് 40 മീറ്ററിലധികം താഴ്ചയുള്ള പാറപ്പാര് പ്രദേശങ്ങളില്‍ വെള്ളത്തിനടിയിലുള്ള ജീവിതം നേരിട്ട് രേഖപ്പെടുത്തുന്നത്. ഇന്ത്യയിലെ പ്രമുഖ അണ്ടര്‍വാട്ടര്‍ ഫോട്ടോഗ്രാഫറും ഫിലിം മേക്കറുമായ ബാംഗ്ലൂരിലെ എര്‍ത്ത് കോളാബിലെ ഉമീദ് മിസ്ത്രി, പോണ്ടിച്ചേരിയിലെ എറ്റേണല്‍ ഡൈവേഴ്സിലെ ജോനാ സ്‌കോള്‍സ് എന്നിവരും പഠനത്തില്‍ പങ്കാളികളായി.

എന്നാല്‍ കേരള തീരത്തെ വെള്ളത്തിനടിയിലെ ജീവന്റെ ഡോക്യുമെന്റേഷന്‍ ആഴസമുദ്രത്തില്‍ പ്ലാസ്റ്റിക് മലിനീകരണത്തിന്റെ ഭീതിജനകമായ ഭീഷണിയും വെളിവാക്കി. അപൂര്‍വമായ ജൈവസമ്പത്തിന്റെ ആവാസഗേഹങ്ങളില്‍ പ്ലാസ്റ്റിക് കൂമ്പാരങ്ങള്‍, വലിച്ചെറിയപ്പെട്ട മത്സ്യബന്ധന വലകളില്‍ നിന്ന് സ്വയം മോചിതരാകാന്‍ പാടുപെടുന്ന കടല്‍ജീവികള്‍, ഭക്ഷണമാണെന്ന് തെറ്റിദ്ധരിപ്പിച്ച് പ്ലാസ്റ്റിക് കഷണങ്ങള്‍ വിഴുങ്ങുന്ന ജീവികള്‍ എന്നിവ സംഘം രേഖപ്പെടുത്തി പ്ലാസ്റ്റിക് മലിനീകരണം സമുദ്രത്തിലെ ജൈവവൈവിധ്യത്തിലും നമ്മുടെ ആവാസവ്യവസ്ഥയുടെ ദുര്‍ബലമായ സന്തുലിതാവസ്ഥയിലും ഉണ്ടാക്കുന്ന വിനാശകരമായ പ്രത്യാഘാതങ്ങളെയാണ് ഇത്തരം സംഭവങ്ങള്‍ ഉയര്‍ത്തിക്കാട്ടുന്നത്.

പല ആഴത്തിലുമുള്ള പവിഴപ്പുറ്റുകളും പ്ലാസ്റ്റിക് വലകളാല്‍ മൂടപ്പെട്ടിരിക്കുന്നു. അവ ഒന്നുകില്‍ കടലിലേയ്ക്ക് ഉപയോഗശേഷം വലിച്ചെറിയപ്പെട്ടവയോ അല്ലെങ്കില്‍ പാറയില്‍ കുടുങ്ങിയ വലകള്‍ മത്സ്യത്തൊഴിലാളികള്‍ ഉപേക്ഷിച്ചതോ ആവാം. ഈ ‘പ്രേത വലകള്‍’ എല്ലാ ദിവസവും നിരവധി ജീവികളെ കുരുക്കുകയും നശിപ്പിക്കുകയും ചെയ്യും. നീക്കം ചെയ്തില്ലെങ്കില്‍ വെള്ളത്തിനടിയിലുള്ള ജീവിതത്തിന് സ്ഥിരമായ ഭീഷണിയായി ഇവ തുടരും. ‘പ്ലാസ്റ്റിക് ഉപഭോഗം കുറയ്ക്കുന്നതിനും ഉത്തരവാദിത്തമുള്ള മാലിന്യ സംസ്‌ക്കരണം പ്രോത്സാഹിപ്പിക്കുന്നതിനും പ്ലാസ്റ്റിക്കിന് സുസ്ഥിരമായ ബദലുകള്‍ വികസിപ്പിക്കുന്നതിനും അടിയന്തിര നടപടി സ്വീകരിക്കേണ്ടത് വളരെ പ്രധാനമാണ്. നമ്മുടെ സമുദ്ര ആവാസവ്യവസ്ഥയും തീരദേശ സമൂഹങ്ങളുടെ ഉപജീവനവും ഇതിനെ ആശ്രയിച്ചിരിക്കുന്നു,’ ബിജു കുമാര്‍ പറയുന്നു. പ്ലാസ്റ്റിക് മലിനീകരണ പ്രതിസന്ധിയെ നേരിടാന്‍ പൊതുജന അവബോധം, സര്‍ക്കാര്‍ ഇടപെടല്‍, കോര്‍പ്പറേറ്റ് ഉത്തരവാദിത്തം എന്നിവ വര്‍ദ്ധിപ്പിക്കണമെന്ന് ഗവേഷക സംഘം ആവശ്യപ്പെടുന്നു. വ്യക്തികളോട് അവരുടെ പ്ലാസ്റ്റിക് കാല്‍പ്പാടുകള്‍ കുറയ്ക്കാനും തീരദേശ ശുചീകരണ സംരംഭങ്ങളില്‍ പങ്കെടുക്കാനും സുസ്ഥിര പരിഹാരങ്ങള്‍ക്കായി പ്രവര്‍ത്തിക്കുന്ന സംഘടനകളെ പിന്തുണയ്ക്കാനും അവര്‍ അഭ്യര്‍ത്ഥിക്കുന്നു. കൂടാതെ, പ്ലാസ്റ്റിക് ഉല്‍പ്പാദനം, ഉപയോഗം, നിര്‍മാര്‍ജനം എന്നിവയില്‍ കര്‍ശനമായ നിയന്ത്രണങ്ങളുടെ ആവശ്യകതയും പ്ലാസ്റ്റിക് മാലിന്യ സംസ്‌കരണത്തിനായി നൂതന സാങ്കേതികവിദ്യകള്‍ വികസിപ്പിക്കേണ്ടതിന്റെ ആവശ്യകതയും അവര്‍ ഊന്നിപ്പറയുന്നു.

ജലത്തിനടിയിലെ ജീവികളെക്കുറിച്ചുള്ള പഠനം അതിന്റെ ആദ്യഘട്ടം മാത്രമാണ് പൂര്‍ത്തിയാക്കിയത്. തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെയുള്ള തിരഞ്ഞെടുക്കപ്പെട്ട പ്രദേശങ്ങളിലെ പര്യവേഷണം ജൈവവൈവിധ്യത്തിന്റെ സമൃദ്ധിയും ആവാസ വ്യവസ്ഥയില്‍ ഉയര്‍ന്നുവരുന്ന ഭീഷണികളും അനാവരണം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. കൂടാതെ കേരള തീരത്തെ കപ്പല്‍ചേതങ്ങളും സംഘം പരിശോധിക്കുമെന്ന് ബിജുകുമാര്‍ പറഞ്ഞു.