ദുബൈ സന്ദര്‍ശക വിസ: അധിക ദിവസ ആനുകുല്യത്തിന് ദുബൈ വിമാനത്താവളം വഴി യാത്ര ചെയ്യണം

Gulf News GCC

അഷറഫ് ചേരാപുരം

ദുബൈ: യു.എ.ഇയില്‍ സന്ദര്‍ശക വിസയിലെത്തുന്നവര്‍ക്ക് അധിക ദിവസ(ഗ്രേസ് പിരീഡിന്റെ) ആനുകൂല്യം ലഭിക്കണമെങ്കില്‍ ദുബൈ വിമാനത്താവളം വഴി യാത്ര ചെയ്യണം. ഷാര്‍ജ, അബൂദബി ഉള്‍പ്പെടെ മറ്റ് വിമാനത്താവളങ്ങള്‍ വഴി യാത്ര ചെയ്യുന്നവര്‍ക്ക് ഗ്രേസ് പിരീഡിന്റെ ആനുകൂല്യം ലഭിക്കില്ല. ഇതിനു പുറമെ കൂടുതല്‍ ദിവസം യു.എ.ഇയില്‍ തങ്ങിയതിന് പിഴ അടക്കേണ്ടിവരും. ദുബൈയുടെ സന്ദര്‍ശക വിസയെടുക്കുന്നവര്‍ക്ക് മാത്രമാണ് അധിക ദിവസ ആനുകൂല്യം ലഭിക്കുക. 30, 60 ദിവസ വിസക്കാര്‍ക്ക് ഗ്രേസ് പിരീഡ് ആനുകൂല്യം വഴി 10 ദിവസം കൂടി രാജ്യത്ത് തങ്ങാന്‍ കഴിയും. എന്നാല്‍ ഇവര്‍ വിമാനം ഇറങ്ങുന്നതും തിരികെ പോകുന്നതും ദുബൈ വിമാനത്താവളം വഴി തന്നെയായിരിക്കണം. മറ്റ് വിമാനത്താവളങ്ങളില്‍ വന്നിറങ്ങിയ ശേഷം ദുബൈ വഴി തിരിച്ചു പോയാലും ഗ്രേസ് പിരീഡ് ആനുകൂല്യം ലഭിക്കില്ല. വിസ കാലാവധി കഴിഞ്ഞ ശേഷം രാജ്യത്ത് തങ്ങുന്ന ഓരോദിവസത്തിനും പിഴ അടക്കേണ്ടി വരും. ഒരു ദിവസം അധികം തങ്ങിയാല്‍ 300 ദിര്‍ഹമും തുടര്‍ന്നുള്ള ഓരോ ദിവസങ്ങളിലും 50 ദിര്‍ഹം വീതവുമാണ് പിഴ.