അമിത്ഷായെ വിമര്‍ശിച്ച് ലേഖനം; സി പി എം എം പി ജോണ്‍ ബ്രിട്ടാസിന് രാജ്യസഭയുടെ കാരണം കാണിക്കല്‍ നോട്ടീസ്

India

ന്യൂദല്‍ഹി: സി പി എം എം പി ജോണ്‍ ബ്രിട്ടാസിന് രാജ്യസഭ അധ്യക്ഷന്‍ കരണം കാണിക്കല്‍ നോട്ടിസ് അയച്ചു. ആഭ്യന്തര മന്ത്രി അമിത് ഷായെ വിമര്‍ശിച്ച് ലേഖനം എഴുതി എന്ന പേരിലാണ് നോട്ടിസ്. ഇന്ത്യന്‍ എക്‌സ് പ്രസ് പത്രത്തിലായിരുന്നു ജോണ്‍ ബ്രിട്ടാസിന്റെ ലേഖനം വന്നിരുന്നത്. ലേഖനത്തിലെ പരാമര്‍ശം രാജ്യദ്രോഹപരമാണെന്ന് കാണിച്ച് ബി ജെ പി നേതാവ് പി സുധീര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഉപരാഷ്ട്രപതി ജോണ്‍ ബ്രിട്ടാസിന് കാരണം കാണിക്കല്‍ നോട്ടീസ് അയച്ചത്.

ബ്രിട്ടാസ് ലേഖനം സംബന്ധിച്ച വിശദീകരണം നല്‍കണമെന്നാണ് നോട്ടീസില്‍ ഉപരാഷ്ട്രപതി ആവശ്യപ്പെട്ടിരിക്കുന്നത്. നോട്ടീസ് നല്‍കുന്നതിന് മുമ്പ് ലേഖനത്തെ സംബന്ധിച്ച് ജോണ്‍ബ്രിട്ടാസിന്റെ വിശദീകരണം ഉപരാഷ്ട്രപതി കേട്ടിരുന്നു. ഇതിതിന് ശേഷമാണ് രേഖാമൂലം വിശദീകരണം ആവശ്യപ്പെട്ടിരിക്കുന്നത്. ഫെബ്രുവരി ഇരുപതിനായിരുന്നു ജോണ്‍ബ്രിട്ടാസ് ഇന്ത്യന്‍ എക്‌സ്പ്രസ് ദിനപത്രത്തില്‍ ലേഖനം എഴുതിയിരുന്നത്.

‘പെറില്‍സ് ഓഫ് പ്രപ്പൊഗാണ്ട’ എന്ന ലേഖനത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ ജോണ്‍ബ്രിട്ടാസ് ശക്തിയായ വിമര്‍ശിച്ചിരുന്നു. കര്‍ണ്ണാടകയില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ‘ ബി ജെ പിയുടെ കയ്യില്‍ മാത്രമാണ് കര്‍ണ്ണാടക സുരക്ഷിതം, തൊട്ടടുത്ത് കേരളം ഉണ്ട്, ഞാന്‍ കൂടുതല്‍ ഒന്നും പറയുന്നില്ല’ എന്ന് അമിത്ഷാ പറഞ്ഞിരുന്നു. ഇതിനെ വിമര്‍ശിക്കുന്നിടത്താണ് അമിത് ഷായെ ജോണ്‍ ബ്രിട്ടാസ് വിമര്‍ശിച്ചത്.