‘മഅദനിയോട് കനിവില്ലാതെ കര്‍ണാടക’, അകമ്പടി ചെലവ് കുറയ്ക്കില്ലെന്ന് സുപ്രീം കോടതിയില്‍ സത്യവാങ്മൂലം

India

ബംഗളുരു: സുപ്രിം കോടതിയുടെ അനുമതി ലഭിച്ചിട്ടും കേരളത്തിലേക്ക് എത്താന്‍ കഴിയാത്ത മഅദനിയോട് കടുത്ത നിലപാട് തുടര്‍ന്ന് കര്‍ണാടക. മഅദനിയുടെ അകമ്പടി ചെലവ് കുറയ്ക്കാന്‍ ആകില്ലെന്നാണ് കര്‍ണാടക സുപ്രിം കോടതിയെ അറിയിച്ചത്. കര്‍ണാടക ഭീകര വിരുദ്ധ സെല്ലാണ് സുപ്രീം കോടതിയില്‍ സത്യവാങ്മൂലം ഫയല്‍ ചെയ്തത്. അകമ്പടി പോകുന്ന പൊലീസുകാരുടെ എണ്ണവും വെട്ടി കുറയ്ക്കാനാകില്ലെന്നും കര്‍ണാടക സര്‍ക്കാര്‍ വ്യക്തമാക്കിട്ടുണ്ട്. യതീഷ് ചന്ദ്ര ഐ പി എസിന്റെ നേതൃത്വത്തില്‍ ഉള്ള സംഘമാണ് അകമ്പടി സംബന്ധിച്ച ശുപാര്‍ശ തയ്യാറാക്കിയത്. ഈ സംഘം കേരളം സന്ദര്‍ശിച്ചാണ് ആണ് ശുപാര്‍ശ തയ്യാറാക്കിയതെന്നും കര്‍ണാടക സര്‍ക്കാര്‍ സുപ്രിം കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ പറയുന്നു.

കേരളത്തിലേക്ക് പോകുന്നതിനുള്ള സുരക്ഷയ്ക്കും അകമ്പടിക്കുമായി 56.63 ലക്ഷം രൂപ നല്‍കണമെന്നുള്ള കര്‍ണാടക പൊലീസിന്റെ ആവശ്യത്തിനെതിരെ അബ്ദുള്‍ നാസര്‍ മഅദനി സുപ്രീം കോടതിയെ സമീപിച്ചിരുന്നു. ഇരുപത് പൊലീസുകാരാണ് അകമ്പടിയായി മഅദനിക്കൊപ്പം കേരളത്തിലേക്ക് പോകുന്നത്. ഇവരുടെ ചെലവിനായി പ്രതിമാസം 20.23 ലക്ഷം രൂപയാണ് കര്‍ണാടക പൊലീസ് ആവശ്യപ്പെട്ടത്. ഇത് വെട്ടി കുറയ്ക്കണം എന്നായിരുന്നു മഅദനിയുടെ ആവശ്യം.