ബംഗളുരു: മോദിക്കും ബി ജെ പിക്കുമെതിരെ രൂക്ഷ വിമര്‍ശനവും പരിഹാസവുമായി പ്രിയങ്ക ഗാന്ധി. കര്‍ണാടകയിലെ ബാഗല്‍കോട്ട് ജില്ലയിലെ ജംഖണ്ഡിയില്‍ നടന്ന തിരഞ്ഞെടുപ്പ് പ്രചരണ യോഗത്തില്‍ സംസാരിക്കുമ്പോഴാണ് 91 തവണ കോണ്‍ഗ്രസ് തന്നെ അപമാനിച്ചിട്ടുണ്ടെന്ന മോദിയുടെ പ്രസ്താവനയെ പരിഹസിച്ച് പ്രിയങ്ക രംഗത്തെത്തിയത്. ആദ്യമായാണ് ഒരു പ്രധാനമന്ത്രി ജനങ്ങളുടെ മുന്നിലെത്തി തന്നെ അധിക്ഷേപിച്ചെന്ന് പറഞ്ഞ് കരയുന്നത് കാണുന്നത്. ജനങ്ങളുടെ വിഷമങ്ങള്‍ കേള്‍ക്കുന്നതിന് പകരം ജനങ്ങള്‍ക്ക് മുന്നിലെത്തി സ്വന്തം പ്രശ്‌നങ്ങള്‍ പറയുകയാണ് മോദി ചെയ്യുന്നത്’, പ്രിയങ്ക കുറ്റപ്പെടുത്തി. ജനങ്ങളുടെ പ്രശ്‌നങ്ങളെക്കുറിച്ചല്ല, മറിച്ച് പ്രധാനമന്ത്രിയെ അധിക്ഷേപിച്ചവരുടെ പട്ടികയാണ് മോദിയുടെ ഓഫീസ് തയ്യാറാക്കുന്നതെന്നും പ്രിയങ്ക പരിഹസിച്ചു.
പൊതുജീവിതത്തില്‍ ഇത്തരം ആക്രമണങ്ങളുണ്ടാകുന്നത് സാധാരണമാണെന്നും തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ഇത്തരം കാര്യങ്ങളല്ല പറയേണ്ടതെന്നും പ്രിയങ്ക പറഞ്ഞു. ഇക്കാര്യത്തില്‍ തന്റെ സഹോദരന്‍ രാഹുല്‍ ഗാന്ധിയെ മോദി കണ്ടുപഠിക്കണമെന്നും പ്രിയങ്ക കൂട്ടിച്ചേര്‍ത്തു.
‘പല പ്രധാനമന്ത്രിമാരെയും ഞാന്‍ കണ്ടിട്ടുണ്ട്. ഇന്ദിരാഗാന്ധി രാജ്യത്തിന് വേണ്ടി വെടിയേറ്റുവാങ്ങിയാണ് മരിക്കുന്നത്. രാജീവ് ഗാന്ധിയും രാജ്യത്തിന് വേണ്ടി ജീവന്‍ ത്യജിച്ചു. പി വി നരസിംഹ റാവുവും മന്‍മോഹന്‍ സിംഗും രാജ്യത്തിന് വേണ്ടി കഠിനാധ്വാനം ചെയ്യുന്നതും താന്‍ കണ്ടിട്ടുണ്ട്’, പക്ഷേ ആദ്യമായാണ് ഒരു പ്രധാനമന്ത്രി ജനങ്ങളുടെ മുന്നിലെത്തി തന്നെ അധിക്ഷേപിച്ചെന്ന് പറഞ്ഞ് കരയുന്നത് കാണുന്നതെന്ന് പ്രയങ്ക കളിയാക്കി.