നര്‍മ്മത്തിന്‍റെ ചെപ്പ് തുറന്ന് ഫഹദ് ഇന്നസെന്‍റ് മുകേഷ് ത്രയം; ‘പാച്ചുവും അത്ഭുത വിളക്കും

Analysis

സിനിമ റിവ്യൂ: Vijin vijayappan

നമ്മുടെയൊക്കെ ജീവിതം പലപ്പോഴും അത്ഭുതങ്ങളുടെ കലവറയാണ്. നാം പോലും നിനയ്ക്കാത്ത ചില ആകസ്മികമായ സംഭവങ്ങള്‍ ചിലപ്പോള്‍ ജീവിതത്തില്‍ കടന്നു വരാം. അത്തരത്തിലുള്ള ചില സംഭവങ്ങള്‍ പ്രശാന്ത് (പാച്ചു) എന്ന യുവാവിന്റെ ജീവിതത്തെ കീഴ്‌മേല്‍ മറിക്കുന്നതിന്റെ കാഴ്ചാനുഭവമാണ് ഒറ്റ വാക്കില്‍ പറഞ്ഞാല്‍ ‘പാച്ചുവും അത്ഭുതവിളക്കും’.

മുംബൈയില്‍ ആയുര്‍വേദ ക്ലിനിക്കും ഫാര്‍മസിയും നടത്തുന്നയാളാണ് പ്രശാന്ത്. വളരെ അടുപ്പമുള്ളവര്‍ക്ക് അയാള്‍ പാച്ചുവാണ്. ഒരു ദിവസം ഒരു അത്യാവശ്യകാര്യത്തിനായി സ്വന്തം നാടായ കേരളത്തിലേക്ക് വരേണ്ടി വരുന്നു. നാട്ടിലെത്തിയ ശേഷം അയാള്‍ക്ക് ചില കാര്യങ്ങള്‍ മൂലം മുബൈയ്ക്ക് തിരിച്ച് പോവാനുള്ള ഫ്‌ലൈറ്റ് മിസ്സാവുന്നു. പക്ഷേ അടുത്ത ദിവസം അയാള്‍ക്ക് മുംബൈയിലെ തന്റെ ഷോപ്പിന്റെ ബില്‍ഡിംഗ് ഓണറിന്റെ ആവശ്യപ്രകാരം അയാളുടെ അമ്മയോടൊപ്പം ട്രെയിനില്‍ മുബൈയ്ക്ക് പോകേണ്ടതായി വരുന്നു. ആ യാത്രയ്ക്കിടയില്‍ നടക്കുന്ന ചില അപ്രതീക്ഷിത സംഭവങ്ങളും അത് അയാളുടെ ജീവിതത്തില്‍ നിറയ്ക്കുന്ന രസങ്ങളും മാറ്റങ്ങളും അത്ഭുതങ്ങളുമൊക്കെയാണ് സിനിമയുടെ ഇതിവൃത്തം.

പ്രശാന്ത് എന്ന പാച്ചുവായി വിസ്മയിപ്പിക്കുന്ന പ്രകടനമാണ് ഫഹദ് ഫാസില്‍ കാഴ്ചവെച്ചിരിക്കുന്നത്. ഏറെ നാളുകള്‍ക്ക് ശേഷം അടിമുടി ചിരിപ്പിക്കുന്നൊരു കഥാപാത്രമായാണ് ഫഹദ് പാച്ചുവായി എത്തിയിരിക്കുന്നത്. അടുത്തിടെ വിജു പ്രസാദ്, കെവിന്‍, ഉണ്ണി, ജോജി, അലീക്ക, ഭന്‍വര്‍ സിംഗ്, അമര്‍, അനിക്കുട്ടന്‍ അങ്ങനെയങ്ങനെ ഏറെ വേറിട്ട വേഷങ്ങളിലേക്ക് കൂടുവിട്ട് കൂടുമാറിയ ഫഹദ്, വാക്കിലും നോക്കിലും മാനറിസങ്ങളിലും പാച്ചുവായി മാറിയിരിക്കുകയാണ്.

ഇടയ്‌ക്കൊക്കെ നാണം കുണുങ്ങിയായ കുസൃതികളുള്ള അല്ലറ ചില്ലറ തരികിടകളൊക്കെയുള്ളൊരു യുവാവായി ഫഹദ് അനായാസേന പാച്ചുവിനെ മികച്ചതാക്കിയിട്ടുണ്ട്. ഏവരേയും ചിരിപ്പിച്ച ഫഹദ് കഥാപാത്രങ്ങളായ ‘ഇന്ത്യന്‍ പ്രണയകഥ’യിലെ അയ്മനം സിദ്ധാര്‍ത്ഥനേയും ‘ഞാന്‍ പ്രകാശനി’ലെ പ്രകാശനേയും ‘തൊണ്ടിമുതലി’ലെ പ്രസാദിനേയും ‘കാര്‍ബണി’ലെ സിബിയേയുമൊക്കെ പോലെ ഏവരേയും എന്റര്‍ടെയ്ന്‍ ചെയ്യിക്കുന്ന കഥാപാത്രമാണ് പാച്ചുവും.

ഫഹദിന്റെ സുഹൃത്തായ സുജിത്തായെത്തുന്ന അല്‍ത്താഫ് സലിം, അച്ഛന്‍ രാജനായെത്തുന്ന മുകേഷ്, വാസു അങ്കിളായെത്തുന്ന ഇന്നസെന്റ്, റിയാസായെത്തുന്ന വിനീത്, ഉമ്മച്ചിയായെത്തുന്ന വിജി വെങ്കടേഷ്, ഹംസധ്വനിയായെത്തുന്ന അഞ്ജന ജയപ്രകാശ്, രവിയായെത്തുന്ന ഇന്ദ്രന്‍സ് തുടങ്ങി ചിത്രത്തിലെ ഓരോ കഥാപാത്രങ്ങളും പ്രേക്ഷകരുടെ മനസ്സില്‍ കയറുന്നുണ്ട്. കൂടാതെ സര്‍െ്രെപസ് കാമിയോ റോളുകളും ബോളിവുഡില്‍ നിന്നുള്ള ഏതാനും കഥാപാത്രങ്ങളും ഏറെ മികച്ചതാണ്. ഫുള്‍ ഫണ്‍ ട്രാക്കിലാണ് സിനിമയുടെ ആദ്യ പകുതി നീങ്ങുന്നത്. തിയേറ്ററില്‍ മുഴുവന്‍ ചിരി പടര്‍ത്തുന്ന ഒട്ടേറെ നര്‍മ്മ മുഹൂര്‍ത്തങ്ങള്‍ ആദ്യ പകുതിയിലുണ്ട്. രണ്ടാം പകുതിയില്‍ കുറച്ച് ഇമോഷണല്‍ ട്രാക്കിലേക്ക് സിനിമ മാറുന്നുണ്ട്. ഒടുവില്‍ മനോഹരമായൊരു സന്ദേശവും കൂടി നല്‍കിക്കൊണ്ടാണ് സിനിമ അവസാനിക്കുന്നത്.

ഏറെ കൈയ്യടക്കത്തോടെയാണ് അഖില്‍ സത്യന്‍ സിനിമ തന്റെ ആദ്യ സിനിമ അവതരിപ്പിച്ചിരിക്കുന്നത്. അച്ഛന്‍ സത്യന്‍ അന്തിക്കാടിന്റെ സിനിമകളുടെ സംവിധാന വിഭാഗത്തില്‍ മുമ്പ് സഹകരിച്ചിട്ടുള്ളയാള്‍കൂടിയാണ് അഖില്‍ സത്യന്‍. ഞാന്‍ പ്രകാശന്‍, ജോമോന്റെ സുവിശേഷങ്ങള്‍ എന്നീ സിനിമകളുടെ അസോസിയേറ്റായും അദ്ദേഹം പവ്രര്‍ത്തിച്ചിട്ടുമുണ്ട്. ദാറ്റ്‌സ് മൈ ബോയ് എന്ന ഡോക്യുമെന്ററി ഷോര്‍ട്ട് ഫിലിമും അഖില്‍ മുമ്പ് സംവിധാനം ചെയ്!തിട്ടുമുണ്ട്. ആദ്യ സംവിധാന സംരംഭം മികച്ചൊരു ഫീല്‍ഗുഡ് എന്റര്‍ടെയ്‌നറാണ് പ്രേക്ഷകര്‍ക്ക് സമ്മാനിച്ചിരിക്കുന്നത്.

ശരണ്‍ വേലായുധന്റെ ഛായാഗ്രഹണം ഏറെ ഫ്രഷ്‌നസ് ഫീല്‍ സമ്മാനിക്കുന്നതാണ്. എഡിറ്റിംഗ് അഖില്‍ സത്യന്‍ തന്നെയാണ് നിര്‍വ്വഹിച്ചിരിക്കുന്നത്. കിറു കൃത്യമായി ഓരോ സീനുകളും വെട്ടിയൊരുക്കിയിട്ടുണ്ട്. ജസ്റ്റിന്‍ പ്രഭാകരന്‍ ഈണം നല്‍കിയിരിക്കുന്ന പാട്ടുകളും ജീവന്‍ തുടിക്കുന്ന പശ്ചാത്തല സംഗീതവും സിനിമയുടെ ടോട്ടല്‍ ഫീലിനോട് ചേര്‍ന്ന് പോകുന്നതാണ്. ഫുള്‍ മൂണ്‍ സിനിമയുടെ ബാനറില്‍ സേതു മണ്ണാര്‍കാടാണ് ‘പാച്ചുവും അത്ഭുതവിളക്കും’ നിര്‍മിച്ചിരിക്കുന്നത്. കലാസംഗം റിലീസാണ് ചിത്രം തിയേറ്ററുകളിലെത്തിച്ചിരിക്കുന്നത്.