Report by: Bharath Kaipparedan
പ്രതിപക്ഷ നേതാവ് സ്ഥാനം നിഷേധിക്കപ്പെട്ടതിനെ തുടർന്ന് രാജസ്ഥാനിലെ ഏറ്റവും മുതിർന്ന കോൺഗ്രസ്സ് നേതാവും മുൻമന്ത്രിയും വർക്കിംഗ് കമ്മിറ്റി അംഗവുമായ മഹേന്ദ്ര ജീത് സിംഗ് മാളവ്യ ജയ്പ്പൂരിലെ ബിജെപി ആസ്ഥാനത്തെത്തി പാർട്ടിയിൽ അംഗത്വമെടുത്തു.
2008 നും 2013 നുമിടയിൽ, അശോക് ഗെഹ്‌ലോട്ട് സർക്കാരിൽ വിവിധ വകുപ്പുകളിൽ മന്ത്രിയായിരുന്ന അദ്ദേഹം സംസ്ഥാനത്തെ പ്രമുഖ ആദിവാസി നേതാവാണ്. പാർട്ടി നേതൃത്വത്തിന്റെ അവഗണനയാണ് പെട്ടെന്നുള്ള പ്രകോപനത്തിന് കാരണമായി പറയപ്പെടുന്നത് പ്രതിപക്ഷ നേതൃസ്ഥാനം നിഷേധിക്കപ്പെട്ടതിൽ തനിക്ക് അതൃപ്തിയുണ്ടെന്ന് നേരത്തെ മാളവ്യ സൂചിപ്പിച്ചിരുന്നു.
2013ൽ കോൺഗ്രസ്സ് ലെജിസ്‌ളേറ്റീവ് പാർട്ടി നേതാവായിരുന്നുകൊണ്ട് പാർട്ടി കെട്ടിപ്പെടുത്ത തന്നെ 2018ൽ അധികാരത്തിലെത്തിയപ്പോൾ പാർട്ടി മാറ്റി നിർത്തി. ഇപ്പോൾ പ്രതിപക്ഷ നേതൃസ്ഥാനത്തിനും പരിഗണിച്ചില്ല. രാജസ്ഥാനിലെ കോൺഗ്രസ് ഏതാനും വ്യക്തികളിൽ ഒതുങ്ങിയെന്നും രാഷ്ട്രത്തിനും ജനങ്ങൾക്കും വേണ്ടി കോൺഗ്രസിന് നേരത്തെ ഉണ്ടായിരുന്ന കാഴ്ചപ്പാട് ഇപ്പോഴില്ലെന്നും മഹേന്ദ്ര ജീത് സിംഗ് മാളവ്യ കുറ്റപ്പെടുത്തി.
1998-ൽ ഒരുതവണ ബൻസ്‌വാരയിൽ നിന്ന് എംപിയായ മാളവ്യ തുടർച്ചയായി നാലാം തവണയാണ് ഇപ്പോൾ എംഎൽഎയായിരിക്കുന്നത്.
2021 ജനുവരിയിൽ, കോൺഗ്രസ്സ് മാളവ്യയെ സംസ്ഥാന വൈസ് പ്രസിഡൻ്റായി പ്രഖ്യാപിച്ചിരുന്നു. അതേ വർഷം നവംബറിൽ അദ്ദേഹത്തെ കാബിനറ്റ് മന്ത്രിയാക്കുകയും കഴിഞ്ഞ വർഷം ഓഗസ്റ്റിൽ വർക്കിങ് കമ്മറ്റിയിൽ ഉൾപ്പെടുത്തുകയും ചെയ്തു.
പാർട്ടി പരമാവധി സ്ഥാനങ്ങൾ നൽകി ഉയർത്തിയ മഹേന്ദ്ര ജീത് സിംഗ് മാളവ്യയുടെ ചുവടുമാറ്റത്തിന് അധികാരക്കൊതി എന്നതിനപ്പുറം കാര്യമായ ന്യായീകരണമൊന്നുമില്ലെങ്കിലും കോൺഗ്രസ്സിന് രാജസ്ഥാനിൽ ഇത് വലിയ തിരിച്ചടിയാവുമെന്നുറപ്പാണ്.
അദ്ദേഹത്തിൻ്റെ ബാഗിദോര നിയമസഭാ സീറ്റ് രാജസ്ഥാൻ്റെ തെക്ക് ഭാഗത്തുള്ള ആറ് പിന്നോക്ക ജില്ലകൾ ഉൾപ്പെടുന്ന മേവാർ-വാഗഡ് മേഖലയുടെ ഭാഗമാണ്. ആദിവാസികൾ തിങ്ങിപ്പാർക്കുന്ന ഈ മേഖലയിൽ ബിജെപി ശക്തമാണ്.
സംസ്ഥാനത്തെ 25 എസ് ടി സംവരണ സീറ്റുകളിൽ 12 എണ്ണംവും ഈ ആറ് ജില്ലകളിൽ നിന്നാണ്. രണ്ടെണ്ണം പട്ടികജാതി വിഭാഗങ്ങൾക്കായും സംവരണം ചെയ്തിട്ടുണ്ട്.
ജനറൽ വിഭാഗത്തിന്റേതുൾപ്പടെ ആകെ 31 സീറ്റുകളാണ് ഈ ആറു ജില്ലകളിലായുള്ളത്. ഇതിൽ ബിജെപിക്ക് 22ഉം കോൺഗ്രസിന് ആറും മറ്റുള്ളവർക്ക് മൂന്നും സീറ്റുകളാണ് കൈവശമുള്ളത്. മാളവ്യ കോൺഗ്രസ്സ് വിട്ടതോടെ ഈ മേഖലയിൽ പാർട്ടി കൂടുതൽ ദുർബലമാകുമെന്നുറപ്പാണ് .