മുംബൈ: ശരദ് പവാര്‍ എന്‍ സി പി അധ്യക്ഷ പദവി ഒഴിഞ്ഞു. 1999 ല്‍ എന്‍ സി പി രൂപീകരിച്ച നാള്‍ മുതല്‍ ശരദ് പവാര്‍ അധ്യക്ഷനായി തുടര്‍ന്നുവരുകയായിരുന്നു. ‘രാഷ്ട്രീയ ആത്മകഥ’ എന്നു പേരിട്ട തന്റെ ആത്മകഥയുടെ പ്രകാശനവേളയിലാണ് പവാറിന്റെ അപ്രതീക്ഷിത രാജി പ്രഖ്യാപനമുണ്ടായത്. പാര്‍ട്ടിയെ മുന്നോട്ടു നയിക്കാനും പുതിയ അധ്യക്ഷനെ തിരഞ്ഞെടുക്കാനും ഒരു കമ്മിറ്റിയെ നിയോഗിച്ചതായും ശരദ് പവാര്‍ അറിയിച്ചു.
എന്‍ സി പിയിലെ മുതിര്‍ന്ന നേതാക്കളായ പ്രഫുല്‍ പട്ടേല്‍, അജിത് പവാര്‍, ജയന്ത് പാട്ടീല്‍ തുടങ്ങിയവര്‍ കമ്മിറ്റിയില്‍ അംഗങ്ങളാണ്. രാജ്യസഭാംഗമായ പവാറിന്റെ കാലാവധി അവസാനിക്കാന്‍ ഇനി മൂന്നു വര്‍ഷം കൂടി ബാക്കിയുണ്ട്. രാഷ്ട്രീയം എപ്പോഴാണെന്ന് അവസാനിക്കേണ്ടതെന്ന് തനിക്കറിയാമെന്ന് പറഞ്ഞുകൊണ്ടാണ് 82 കാരനായ പവാര്‍ അധ്യക്ഷ സ്ഥാനം ഒഴിയുന്ന കാര്യം പ്രഖ്യാപിച്ചത്.
വ്യവസായ ലോബിക്ക് എക്കാലത്തും പ്രിയങ്കരനായിരുന്ന ശരത്പവാര്‍ കഴിഞ്ഞ 55 വര്‍ഷമായി ദേശീയ രാഷ്ട്രീയത്തില്‍ സജീവ സാന്നിദ്ധ്യമായിരുന്നു. പവാറിനെ കഴിഞ്ഞ ദിവസം പ്രധാനമന്ത്രിയുടെ ഉറ്റമിത്രം ഗൗതം അദാനി സന്ദര്‍ശിച്ചതു മുതല്‍ അപ്രതീക്ഷിതമായതു ചിലതു സംഭവിക്കുമെന്ന് രാഷ്ട്രീയ വൃത്തങ്ങളില്‍ അഭ്യൂഹങ്ങളുണ്ടായിരുന്നു.
ശരദ് പവാര്‍ ഒഴിയുന്നതോടെ എന്‍സിപിയുടെ തലപ്പത്തേക്ക് ആരാണു വരികയെന്ന ചോദ്യം പ്രസക്തമാവുകയാണ്. ശരദ് പവാറിന്റെ മകള്‍ സുപ്രിയ സുലേ അടക്കം നേതൃസ്ഥാനത്തേക്ക് ഉയര്‍ന്നുവരുമെന്നാണ് കരുതപ്പെടുന്നത്. പക്ഷേ ഈ തീരുമാനം എപ്പോള്‍ ഉണ്ടാകുമെന്നതു സംബന്ധിച്ച് സൂചനകളൊന്നും ലഭ്യമായിട്ടില്ല.
മരുമകന്‍ അജിത് പവാര്‍ ബി ജെ. പിയുമായി അടുക്കുന്നുവെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് ശരദ് പവാര്‍ സ്ഥാനമൊഴിയാനുള്ള തീരുമാനം പ്രഖ്യാപിച്ചിരിക്കുന്നത്.