ന്യൂദല്‍ഹി: കര്‍ണാടകയിലെ കോണ്‍ഗ്രസിന്റെ പ്രകടനപത്രികയില്‍ വിവിധ മതവിഭാഗങ്ങള്‍ക്കിടയില്‍ ഭിന്നിപ്പുണ്ടാക്കുന്ന സംഘടനകളെ നിരോധിക്കുമെന്ന പരാമര്‍ശത്തിന്റെ പേരില്‍ സോണിയാഗാന്ധിക്കെതിരെ ബജ്‌റംഗ് ദള്‍. പ്രതിഷേധം കണക്കിലെടുത്ത് സോണിയയുടെ വസതിക്ക് കനത്ത സുരക്ഷ ഏര്‍പ്പെടുത്തി. കോണ്‍ഗ്രസിന്റെ പ്രഖ്യാപനത്തിനെതിരെ പ്രധാനമന്ത്രി നരേന്ദ്രമോദി രംഗത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് സോണിയാഗാന്ധിക്കെതിരെ പ്രതിഷേധമുണ്ടാകുമെന്ന റിപ്പോര്‍ട്ട് വന്നത്. ഇതോടെയാണ് സോണിയയുടെ വസതിക്ക് കനത്ത സുരക്ഷ ഒരുക്കിയത്.
ഹനുമാന്റെ നാട്ടില്‍ ആദരവ് സമര്‍പ്പിക്കാനായി താന്‍ എത്തിയപ്പോള്‍ ‘ജയ് ബജ്‌റംഗ്ബലി’ എന്ന് വിളിക്കുന്നവരെ തടയുന്നതിനുള്ള പ്രകടന പത്രികയുമായാണ് കോണ്‍ഗ്രസ് രംഗത്ത് വന്നിരിക്കുന്നത്. നേരത്തെ തന്നെ ശ്രീരാമനെതിരെ നിലപാട് സ്വീകരിച്ച കോണ്‍ഗ്രസ് ഇപ്പോള്‍ ‘ജയ് ബജ്‌റംഗ്ബലി’ എന്ന് വിളിക്കുന്നവരെയും എതിര്‍ക്കുകയാണെന്നാണ് മോദി പറഞ്ഞത്. കോണ്‍ഗ്രസ് ജയിച്ചാല്‍ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ നിരോധനം നീക്കുമെന്നും മോദി പറഞ്ഞിരുന്നു.