ന്യൂദല്‍ഹി: അപകീര്‍ത്തി കേസില്‍ രാഹുല്‍ ഗാന്ധിയ്ക്ക് ആശ്വാസം. ഗുജറാത്ത് ഹൈക്കോടതി വിധിക്കെതിരായ രാഹുല്‍ ഗാന്ധി നല്‍കിയ ഹര്‍ജിയില്‍ സുപ്രീം കോടതി അനുകൂലവിധി നല്‍കി. സുപ്രിം കോടതിയുടെ വിധിയോടെ രാഹുല്‍ ഗാന്ധിയുടെ അയോഗ്യ നീങ്ങി. സൂറത്ത് സി ജെ എം കോടതിയുടെ വിധി സ്‌റ്റേ ചെയ്യാനുള്ള രാഹുല്‍ ഗാന്ധിയുടെ ആവശ്യമാണ് സുപ്രീം കോടതി അംഗീകരിച്ചിരിക്കുന്നത്. നേരത്തെ രാഹുല്‍ഹാന്ധി ശിക്ഷാ വിധി സ്‌റ്റേ ചെയ്യാന്‍ ഗുജറാത്ത് ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ ഹൈക്കോടതി ഇത് പരിഗണിച്ചില്ല. ഈ വിധിക്കെതിരെയായിരുന്നു രാഹുല്‍ ഗാന്ധി സുപ്രീം കോടതിയെ സമീപിച്ചിരുന്നത്. ജസ്റ്റിസ് ബി ആര്‍ ഗവായ്, പി എസ് നരസിംഹ, സഞ്ജയ് കുമാര്‍ എന്നിവര്‍ അടങ്ങിയ സുപ്രീം കോടതി ബെഞ്ചാണ് രാഹുലിന്റെ ഹര്‍ജി പരിഗണിച്ചത്.
രാഹുലിന്റെയും മറുഭാഗത്തിന്റെയും വാദമുഖങ്ങള്‍ ഉയര്‍ത്താന്‍ 15 മിനിട്ട് വീതം കോടതി അനുവദിച്ചിരുന്നു. പൂര്‍ണേഷ് മോദിയുടെ യഥാര്‍ത്ഥ സര്‍നെയിം മോദിയെന്നല്ല മോദ് എന്നാണെന്ന് രാഹുല്‍ ഗാന്ധിയുടെ അഭിഭാഷകന്‍ അഭിഷേക് സിംഗ്‌വി ചൂണ്ടിക്കാണിച്ചു. അദ്ദേഹം സര്‍നെയിം പിന്നീട് മാറ്റുകയായിരുന്നു എന്ന വാദവും സിംഗ്‌വി ഉയര്‍ത്തി. തന്റെ കക്ഷിയുടെ സര്‍ നെയിം മോദി എന്ന് തന്നെയാണെന്ന് മഹേഷ് ജെത്മലാനി ചൂണ്ടിക്കാണിച്ചു. എന്നാല്‍ കേസ് നിലനില്‍ക്കില്ല, ഏതെങ്കിലും ഒരു വിഭാഗത്തെ മന:പൂര്‍വ്വം അപകീര്‍ത്തിപ്പെടുത്തുക എന്ന ഉദ്ദേശം രാഹുല്‍ ഗാന്ധിക്ക് ഇല്ലായിരുന്നു എന്ന വാദമാണ് അഭിഷേക് സിംഗ്‌വി മുന്നോട്ടുവച്ചത്. രാഹുല്‍ ഗാന്ധി പേരെടുത്ത് പറഞ്ഞ ആരും കേസുമായി വന്നിട്ടില്ലെന്നും സിംഗ്‌വി ചൂണ്ടിക്കാണിച്ചിരുന്നു.
ജൂലൈ 15നാണ് രാഹുല്‍ ഗാന്ധി സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കിയത്. കീഴ്‌ക്കോടതിയുടെ വിധി സ്‌റ്റേ ചെയ്തില്ലെങ്കില്‍ അത് സ്വതന്ത്രമായി അഭിപ്രായം പറയാനും സ്വതന്ത്രമായി ചിന്തിക്കാനും സ്വതന്ത്രമായി നിലപാടു പറയാനുമുള്ള അവകാശത്തെ ശ്വാസം മുട്ടിക്കുമെന്ന് ഹര്‍ജിയില്‍ രാഹുല്‍ ഗാന്ധി വ്യക്തമാക്കിയിട്ടുണ്ട്. 2019 ല്‍ കര്‍ണാടകയിലെ കോലാറില്‍ നടന്ന പ്രസംഗത്തിലെ മോദി പ്രയോഗത്തിലാണ് പൂര്‍ണേഷ് മോദി ഗുജറാത്തിലെ സൂറത്തില്‍ രാഹുലിനെതിരെ അപകീര്‍ത്തിക്കേസ് നല്‍കിയത്. മാപ്പ് പറയില്ലെന്നും മാപ്പുപറയാന്‍ താന്‍ സവര്‍ക്കറല്ലെന്നും രാഹുല്‍ പറഞ്ഞിരുന്നു.