മൈക്കിന് മുന്നില്‍ എന്തും വിളിച്ചു പറയേണ്ട; പരാതിയില്ലെങ്കിലും കേസുണ്ടാകും

India

ന്യൂഡല്‍ഹി: മൈക്കിന് മുന്നില്‍ എത്തിയാല്‍ എന്തും വിളിച്ചുപറയുന്നവര്‍ ഇനിമുതല്‍ സൂക്ഷിക്കണം. വിദ്വേഷ പ്രസംഗത്തില്‍ പരാതി ലഭിച്ചില്ലെങ്കിലും കേസെടുക്കണമെന്നാണ് സുപ്രിം കോടതിയുടെ നിര്‍ദേശം. എല്ലാ സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കുമാണ് സ്വമേധയാതന്നെ കേസെടുക്കാന്‍ സുപ്രിം കോടതി നിര്‍ദേശം നല്‍കിയിരിക്കുന്നത്.

സുപ്രിം കോടതിയുടെ മുന്നില്‍ വന്ന ഒരു വിദ്വേഷ പ്രസംഗ കേസ് പരിഗണിക്കുന്നതിനിടയിലാണ് സുപ്രധാനമായ നിര്‍ദേശം. രാജ്യത്തിന്റെ ഘടനയെ തന്നെ ബാധിക്കുന്ന ഗുരുതരമായ കുറ്റമാണ് വിദ്വേഷ പ്രസംഗമെന്ന് ജസ്റ്റിസ് കെ എം ജോസഫ് പറഞ്ഞു. പൊതു ജനങ്ങളുടെ നന്മ ഉദ്ദേശിച്ചാണ് ഇത്തരമൊരു ഉത്തരവ് പുറപ്പെടുവിക്കുന്നതെന്നും അത് കൈവിട്ട് പോകരുതെന്നും ഉത്തരവിനെ കുറിച്ച് വ്യക്തമായ ധാരണയുണ്ടെന്നും ജസ്റ്റിസ് കെ എം ജോസഫ് വ്യക്തമാക്കുകയും ചെയ്തു.