സംവിധായകനും നിര്‍മ്മാതാവും അഭിനേതാവുമായ മനോബാല അന്തരിച്ചു

Cinema

ചെന്നൈ: പ്രശസ്ത തമിഴ് സംവിധായകനും നിര്‍മ്മാതാവും അഭിനേതാവുമായ മനോബാല (68) അന്തരിച്ചു. കരള്‍ സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് രണ്ടാഴ്ചയായി സ്വകാര്യ അശുപുത്രിയില്‍ ചികിത്സയിലായിരുന്നു മനോബാല.

1979ല്‍ ‘പുതിയവാര്‍പ്പുങ്കള്‍’ എന്ന സിനിമയില്‍ സംവിധായകന്‍ ഭാരതി രാജയുടെ സഹായിയായാണ് മനോബാല തന്റെ സിനിമ ജീവിതം ആരംഭിച്ചത്. സിനിമകള്‍ സംവിധാനം ചെയ്യുന്നതോടൊപ്പം തന്നെ അദ്ദേഹം 240ല്‍ അധികം സിനിമകളില്‍ അഭിനയിച്ചിട്ടുമുണ്ട്. അദ്ദേഹം നിര്‍മ്മിച്ച് എച്ച് വിനോദ് സംവിധാനം ചെയ്ത ചതുരംഗവേട്ടൈ എന്ന ചിത്രം വന്‍ വിജയമായിരുന്നു. 40ല്‍ അധികം സിനിമകള്‍ നിര്‍മ്മിച്ചു. 20ല്‍ പരം ടി വി പരമ്പരകളും പത്ത് ടെലിഫിലിമുകളും സംവിധാനം ചെയ്തിട്ടുണ്ട്. മലയാളത്തില്‍ ജോമോന്റെ സുവിശേഷങ്ങള്‍, അഭിയുടെ കഥ അനുവിന്റേയും, ബിടെക് തുടങ്ങിയ സിനിമകളിലും മനോബാല അഭിനയിച്ചിട്ടുണ്ട്.